2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

അവസാനവിധിക്കായി കാത്തിരിക്കാം

Friday, October 1, 2010

പി രാജീവ്

അയോധ്യയില്‍ 1528ല്‍ ബാബറുടെ ഗവര്‍ണര്‍ ബിര്‍മാക്വി നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നീണ്ട കാത്തിരിപ്പിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നു. ആറ് പതിറ്റാണ്ട് നീണ്ട ഉടമസ്ഥതര്‍ക്കത്തിനാണ് ഇന്നലെ (വ്യാഴാഴ്ച) കോടതി വിധി പ്രഖ്യാപിച്ചത്. 8000 പേജിലധികം വരുന്ന വിധി പൂര്‍ണമായും വിലയിരുത്തിയാല്‍മാത്രമേ എങ്ങനെയാണ് കോടതി നിഗമനങ്ങളിലേക്ക് എത്തിയതെന്ന് മനസിലാക്കാന്‍ കഴിയുകയുള്ളു. 1950ലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഇതുസംബന്ധിച്ച കേസ് കോടതിയുടെ മുമ്പിലേക്ക് എത്തുന്നത്. അതിനുശേഷം നാലു കേസ് കൂടി ഫയല്‍ ചെയ്യപ്പെട്ടു. പരമഹംസചന്ദ്രദാസ് കൊടുത്ത കേസ് പിന്‍വലിച്ചു. അവശേഷിച്ച നാലു കേസ് അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം ഒന്നിച്ച് പരിഗണിക്കുന്നതിന് ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപീകരിച്ചു. 94 സാക്ഷികളാണ് വിസ്തരിക്കപ്പെട്ടത്. 58 പേരെ ഹിന്ദുസംഘടനകള്‍ ഹാജരാക്കിയപ്പോള്‍ 36 പേരെ മുസ്ളിം സംഘടനകളും ഹാജരാക്കി. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴികള്‍തന്നെ 13000ല്‍ അധികം പേജ് വരും. ഇതെല്ലാം പരിഗണിച്ചാണ് നീണ്ട കാത്തിരിപ്പിനുശേഷം കോടതി വിധി പറഞ്ഞത്. തര്‍ക്കം നിലനിന്നിരുന്ന പ്രദേശം മൂന്നായി പകുത്ത് നല്‍കുന്ന വിധിയാണ് ചുരുക്കത്തില്‍ കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍, അതിനപ്പുറത്തേക്കുള്ള നിഗമനങ്ങളും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് വേറിട്ട് കാണേണ്ടതാണ്. 1885ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഇത് സംബന്ധിച്ച് ആദ്യവ്യവഹാരം വന്നപ്പോള്‍ ഉടമസ്ഥാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്നം ഉന്നയിക്കുകയുണ്ടായി. അന്ന് ഫൈസാബാദ് കോടതി സ്വീകരിച്ച രീതി മറ്റൊന്നായിരുന്നു. രാമജന്മസ്ഥലത്ത് ആരാധനയ്ക്ക് സ്വാതന്ത്യ്രം നല്‍കണമെന്ന ആദ്യപരാതിയിലെ ന്യായം അംഗീകരിച്ചെങ്കിലും ആരാധനയ്ക്ക് അനുമതി നല്‍കാന്‍ ജഡ്ജി തയ്യാറായില്ല. 1886ല്‍ ഇതുസംബന്ധിച്ച് അപ്പീലില്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയാണ് ജില്ലാജഡ്ജിയും ചെയ്തത്. 356 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ബാബറിപള്ളിയില്‍ ആരാധന വേണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരന് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് കോടതി അന്ന് ഉറപ്പിച്ചുപറഞ്ഞു. അന്ന് കോടതിക്ക് ആശ്വാസം നല്‍കാന്‍ കഴിയാതിരുന്നതിനുള്ള കാരണം 1992ല്‍ സംഘപരിവാര്‍ ഇല്ലതാക്കിയിരുന്നു. ബാബറിപ്പള്ളി തകര്‍ത്തതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയത്തെ സംബന്ധിച്ച് പുതിയ തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന സാമാന്യയുക്തിയുടെ അടിത്തറയാണ് തകര്‍ക്കപ്പെട്ടത്. അതിനുശേഷം 1993ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകനിയമത്തിലൂടെ ബാബറിപ്പള്ളി നിന്നിരുന്ന സ്ഥലവും തര്‍ക്കമുള്ള മറ്റിടങ്ങളും ഏറ്റെടുത്തു. ഇപ്പോള്‍ സാങ്കേതികമായി വാദിക്കുന്നവരുടെ മുമ്പില്‍ അവിടെയൊരു പള്ളി നിലനില്‍ക്കുന്നില്ല. പള്ളി തകര്‍ക്കപ്പെട്ട സ്ഥലത്ത് മതേതരത്വത്തിന്റെ പ്രതീകമായ പൊതുസ്മാരകം നിര്‍മിക്കണമെന്ന ആവശ്യവും ഇടക്കാലത്ത് ഉയരുകയുണ്ടായി. ദൈവങ്ങളുടെ കുത്തകാവകാശം സംഘടനകള്‍ക്ക് വിട്ടുകൊടുക്കണമോ എന്ന ചോദ്യവും മാധ്യമങ്ങളിലൂടെ ഉയര്‍ന്നതാണ്. ഇത്തരം അഭിപ്രായങ്ങള്‍ വിചാരണവേളയില്‍ ഉയര്‍ന്നിരുന്നോ എന്ന കാര്യവും വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ കക്ഷിയാകാത്തിടത്തോളം കാലം മറ്റു പ്രശ്നങ്ങള്‍ ഉയരാന്‍ സാധ്യത കുറവാണ്. ചില സന്ദര്‍ഭങ്ങളില്‍ നീതിപീഠത്തിന്റെ ഇടപെടലുകളും അയോധ്യയില്‍ തര്‍ക്കവിഷയമായിട്ടുണ്ട്. 1949ല്‍ ബാബറി പള്ളിവളപ്പില്‍ രാമവിഗ്രഹങ്ങള്‍ കൊണ്ടു സ്ഥാപിച്ചപ്പോള്‍ അതെടുത്തുമാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ആവശ്യപ്പെട്ടിട്ടുപോലും ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായര്‍ തയ്യാറായില്ല. പിന്നീട് സിവില്‍സര്‍വീസ് ഉപേക്ഷിച്ച അദ്ദേഹവും യുപിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും ജനസംഘത്തിന്റെ ബാനറില്‍ പാര്‍ലമെന്റ് അംഗമായതിനും രാജ്യം സാക്ഷ്യം വഹിച്ചു. പിന്നീട് 1986 ഫെബ്രുവരി ഒന്നിന് അന്നത്തെ ജില്ലാ ജഡ്്ജി രാംലല്ല ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. ഈ കോടതിവിധികള്‍ ബാബറിപ്പള്ളി തകര്‍ക്കുന്നതിനു ശ്രമിച്ച ശക്തികള്‍ക്ക് ആയുധമായി മാറിയെന്ന് പിന്നീട് ചരിത്രം വിലയിരുത്തി. രാമക്ഷേത്രമുദ്രാവാക്യം ശക്തമാക്കുന്നതിന് പ്രക്ഷോഭത്തിന് തുടക്കമിട്ട ബിജെപിക്ക് അന്നത്തെ വിധി പുതിയ ഉണര്‍വ് നല്‍കി. 1989ല്‍ തര്‍ക്ക പ്രദേശത്തിന്റെ ഒരു ഭാഗത്ത് ശിലാന്യാസത്തിന് അനുമതി നല്‍കുകയും അതിനു സാക്ഷ്യം വഹിക്കാന്‍ ആഭ്യന്തരമന്ത്രി ബൂട്ടാസിങ്ങിനെത്തന്നെ അയക്കുകയുംചെയ്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാഷ്ട്രീയനേട്ടത്തിനായി ആ കോടതിവിധികൂടി സൃഷ്ടിച്ച സാഹചര്യം ഉപയോഗിച്ചു. കോടതിവിധി സംബന്ധിച്ച് ഒരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, വിധിയെ മാനിക്കുകതന്നെയാണ് ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും പ്രധാനം. മതവികാരം കെട്ടഴിച്ചുവിട്ട് താല്‍ക്കാലികവും സങ്കുചിതവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് പല ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്താണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയില്‍ ഉന്നതനീതിപീഠത്തിന്റെ വിധി വരുന്നതുവരെ ഒന്നും അവസാനവാക്കല്ല. കോടതിക്ക് പുറത്തുള്ള സമവായശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇനി കോടതി തീരുമാനിക്കട്ടെയെന്ന പൊതുഅഭിപ്രായം വന്നത്. വിധിവരുന്നതിനു തൊട്ടുമുമ്പുണ്ടായ അനിശ്ചിതത്വത്തിന്റെ നാളുകളില്‍ പ്രധാനകക്ഷികള്‍തന്നെ വിധി വൈകിക്കേണ്ടതില്ലെന്ന പൊതുനിലപാട് സ്വീകരിച്ചു. സുപ്രീംകോടതിയില്‍ ഇതേ നിലപാട് തന്നെയാണ് പരോക്ഷമായി കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. എല്ലാ പ്രധാനരാഷ്ട്രീയപാര്‍ടികളും ഇതുതന്നെയാണ് പറഞ്ഞതും. എന്നാല്‍, വിധിയില്‍ വിയോജിപ്പുള്ളവര്‍ക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ട്. തെരുവില്‍ കിടന്നുള്ള ഏറ്റുമുട്ടലുകള്‍ക്ക് വിധിയെ മാറ്റിമറിക്കാനാവില്ല. ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനും ആ വിധിയില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ പിന്നീട് റിവ്യൂഹര്‍ജി നല്‍കുന്നതിനും നീതിന്യായവ്യവസ്ഥയില്‍ അവസരങ്ങളുണ്ട്. യുപി സുന്നി വഖഫ്ബോര്‍ഡ് അപ്പീല്‍പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നുമാസം തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി വിധിയില്‍ പറഞ്ഞതും ഇതെല്ലാം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കണം. അതുവരെ പരസ്യവിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതാണ് ഭംഗി. ജനതയുടെ ഐക്യത്തെ തകര്‍ക്കാനാണ് എക്കാലത്തും ബാബറിപ്പള്ളി തര്‍ക്കം ഉപയോഗിച്ചിരുന്നതെന്ന ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഒന്നാം സ്വാതന്ത്യ്രസമരത്തിന് കണ്ട അസാധാരണമായ ഹിന്ദു-മുസ്ളിം ഐക്യം കണ്ട് പരിഭ്രാന്തി പൂണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ബാബറിപ്പള്ളിയെ തര്‍ക്കപ്രശ്നമായി വിഭജിച്ച് ഭരിക്കുന്നതിന്റെ വിത്തുപാകിയത്. ഫൈസാബാദില്‍ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കിയ മൌലവി അഹമ്മദുള്ളയെയും മഹന്ത് രാംചര ദാസിനെയും ഒരേ ആല്‍മരത്തില്‍ തൂക്കിക്കൊന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടു മാത്രം ആധിപത്യം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. അവര്‍ പിന്നീട് പാകിയ വൈരത്തിന്റെ വിത്താണ് നൂറ്റാണ്ടുകളിലൂടെ വന്‍വിഷമരമായി മാറിയത്. പുതിയ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്ക് തുടക്കമിട്ട 1991നു തൊട്ടുപിറ്റേ വര്‍ഷം ബാബറിപ്പള്ളി തകര്‍ത്തതിലൂടെ കലാപവഴികള്‍ തുറന്നിട്ട് ആഗോളവല്‍ക്കരണവിരുദ്ധ സമരനിരയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതും സമകാലിക ചരിത്രം. ഇപ്പോഴത്തെ കോടതിവിധിയെ വികാരങ്ങളുടെ ഉറഞ്ഞുതുള്ളലിലേക്ക് നയിക്കാതെ സംയമനത്തിന്റെ ഉദാത്ത മാതൃകയാകാന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ട്. അവസാനവിധിക്കായുള്ള മതനിരപേക്ഷ ഇന്ത്യയുടെ കാത്തിരിപ്പ് സമാധാനത്തിന്റെ വഴികളിലൂടെയാകട്ടെ.

റഫറി കയറി ഗോളടിക്കുമ്പോള്‍ -വിജു വി. നായര്‍

ഭംഗിവാക്കുകളുടെ ദേശീയ പക്കമേളവും അലമ്പൊന്നുമുണ്ടാകാത്തതിലുള്ള പൊതു ആശ്വാസവും നീക്കിവെച്ച് നേരേചൊവ്വേ നോക്കിയാല്‍ എന്താണ് അയോധ്യ കേസിലെ ഹൈകോടതി വിധി?
ബാബരി പള്ളി നിന്നിടത്താണ് ശ്രീരാമനെ പെറ്റിട്ടത്. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് അവിടെ കാര്യമൊന്നുമില്ല. പിന്നെ ഇത്ര വലിയ പുകിലൊക്കെയായ സ്ഥിതിക്ക് ഇപ്പറഞ്ഞ കേന്ദ്രസ്ഥലത്തിനു പുറത്തായി കുറച്ചു മണ്ണു കൈപ്പറ്റി തൃപ്തിപ്പെടുക. തര്‍ക്കഭൂമിയിലെ മൂന്നില്‍ രണ്ടും ഹിന്ദുകക്ഷികള്‍ക്കുള്ളതാണ് -ഇതാണ് ഈ സിവില്‍ കേസില്‍ 60 കൊല്ലം കൊണ്ട് എത്തിച്ചേര്‍ന്ന തീര്‍പ്പ് (തര്‍ക്കമുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീലുപോകാം. അങ്ങനെ മിനിമം 16 കൊല്ലംകൂടി മാറിക്കിട്ടും). ഈ തീര്‍പ്പുകല്‍പിക്കാന്‍ കാരണമായ നിഗമനങ്ങളാണ് നോക്കേണ്ടത് -അവയിലേക്കെത്തിച്ചേര്‍ന്ന നീതിന്യായ മാര്‍ഗവും.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പള്ളി നിന്നിരുന്ന സ്ഥലത്തിന്റെ ഉടമയാരെന്ന ചോദ്യമാണ്. 500 കൊല്ലം മുമ്പ് ബാബറിന്റെ സില്‍ബന്തികള്‍ അവിടെ പള്ളികെട്ടിയത് ഏതെങ്കിലും ക്ഷേത്രം പൊളിച്ചിട്ടാണോ എന്നു പരിശോധിക്കാന്‍ കോടതി പ്രേരിതമായി.  കാരണം തര്‍ക്കകക്ഷികളില്‍ ഹിന്ദുക്കളുടെ അവകാശവാദം ഈ വാദത്തിന്മേല്‍ മാത്രമാണ്. എന്നുവെച്ചാല്‍ പ്രത്യക്ഷത്തിലുള്ള ഉടമസ്ഥതയല്ല, അതിനപ്പുറം വിശ്വാസസംബന്ധിയായ ഒരു അബ്‌സ്ട്രാക്ഷനിലേക്കാണ് വ്യവഹാരത്തിന്റെ കാമ്പുപോയത്. സാധാരണഗതിയില്‍ ഇതത്ര സുഗമമായി നിര്‍ണയിക്കാവുന്ന വിഷയമല്ല. ആര്‍ക്കിയോളജിക്കല്‍ പരിശോധന നടത്തിയാലും കറതീര്‍ന്ന ഒരു നിഗമനത്തിലെത്താന്‍ കഴിയണമെന്നില്ല. ഒന്ന്, ശ്രീരാമന്‍ എന്നത് ഒരിന്ത്യന്‍ ഇതിഹാസകൃതിയിലെ കഥാപാത്രം മാത്രമാണ്, ചരിത്രപുരുഷനല്ല. രണ്ട്, കഥാപാത്രത്തിന്റെ പേരില്‍ ക്ഷേത്രം പണിതെന്നു വരാം -ആരാധിക്കപ്പെടുന്ന കഥാപാത്രമായ സ്ഥിതിക്ക്. എന്നാല്‍പോലും അങ്ങനെയൊരു ക്ഷേത്രം തന്നെയാണ് തര്‍ക്കഭൂമിയിലുണ്ടായിരുന്നതെന്ന് ശാസ്ത്രീയമായി നിശ്ചയിക്കേണ്ടതുണ്ട്. വിശ്വാസത്തിന് ശാസ്ത്രീയത വരുത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കില്ല; പക്ഷേ, ഒരു സിവില്‍കേസില്‍ വിശ്വാസംവെച്ച് വിധിപറയാന്‍ വകുപ്പില്ല. ആയതിനാല്‍ അലഹബാദ് കോടതി ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് ഈ പണി കൊടുത്തു. ഏതോ ചില ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മേലാണ് പള്ളി പണിതിരിക്കുന്നതെന്ന് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറും ഉത്ഖനനവും വഴി അവര്‍ റിപ്പോര്‍ട്ട് കൊടുത്തു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് വ്യാഖ്യാനസാധ്യത വളരെയധികമാണ്. മാത്രമല്ല, ഖനനത്തില്‍ കിട്ടിയ വസ്തുക്കളുടെ പേരിലും വിദഗ്ധര്‍ക്കിടയില്‍ വ്യാപകമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു.

അതെന്തായാലും പള്ളിപണിതത് ക്ഷേത്രാവശിഷ്ടത്തിനു മേലാണെന്ന കാര്യം കോടതി ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും മുഖവിലക്കെടുത്തു. ക്ഷേത്രം തകര്‍ത്തിട്ടാണോ പള്ളി കെട്ടിയതെന്ന്അതില്‍ രണ്ടാള്‍ക്ക് നിശ്ചയമില്ല. മാത്രമല്ല, അവശിഷ്ടം കണ്ടത്, രാമക്ഷേത്രത്തിന്‍േറതാണോ എന്നുമറിയില്ല. പക്ഷേ, മൂന്നാം ജഡ്ജി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു, ഇതാണ് രാമജന്മഭൂമി എന്ന്. തര്‍ക്കവിഷയമായ ആര്‍ക്കിയോളജി റിപ്പോര്‍ട്ട് വെച്ചുപോലും ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ നീതിന്യായയുക്തികള്‍ക്കോ നൈയാമികയുക്തിക്കോ കഴിയില്ലെന്നിരിക്കെ ഇതെങ്ങനെ സാധ്യമാകുന്നു?
അതിനുള്ള ഉത്തരത്തിലാണ് ഈ വിധിയുടെ തനി പ്രകൃതം വെളിവാകുന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രമുണ്ടായിരുന്നു എന്നു പോലുമല്ല പറയുന്നത്. അവിടമാണ് രാമന്റെ ജന്മസ്ഥലം എന്നാണ്. അതിന് ഹൈകോടതി ആധാരമാക്കുന്ന തെളിവാണ് പരമ വിചിത്രം -ചരിത്രപരമായി ഹിന്ദുക്കള്‍ അവിടെ പ്രാര്‍ഥിച്ചിരുന്നു. ചരിത്രത്തിലുടനീളം അങ്ങനെ വിശ്വാസികള്‍ പ്രാര്‍ഥിച്ചാല്‍തന്നെ, രാമന്‍ എന്നൊരു കക്ഷി അവിടെ ജനിച്ചു എന്നതിന് ചരിത്രപരമായ തെളിവുവേണ്ടേ -വിശേഷിച്ചും ഒരു നീതിന്യായ കോടതിക്ക്?

ആവശ്യമില്ലെന്ന മട്ടിലാണ് ഹൈകോടതിയുടെ ജൂറിസ്‌പ്രൂഡന്‍സ്. എന്നുവെച്ചാല്‍ സാധാരണ മതരാഷ്ട്രങ്ങളിലെ മതകോടതികളുടെ മട്ടിലാണ് മതേതരരാഷ്ട്രത്തിലെ മതേതരകോടതി ഈ കേസിനെ സമീപിച്ചിരിക്കുന്നതെന്ന് കരുതേണ്ടി വരുന്നു. മതകോടതിയുടെ വിചിന്തനങ്ങള്‍ക്ക് അടിസ്ഥാനമായ ന്യായയുക്തികള്‍ മതനിരപേക്ഷ വ്യവസ്ഥിതിയുടെ ജുഡീഷ്യല്‍ചിന്തകളോട് പൊരുത്തപ്പെടാറില്ല. അതുകൊണ്ടുതന്നെ അലഹബാദ് കോടതിയുടെ നിഗമനങ്ങളും ന്യായവിധികളും ഇന്ത്യന്‍ ജുഡീഷ്യല്‍പ്രക്രിയയെ സരളമായി ഖണ്ഡിക്കുന്നു. ഉദാഹരണമായി, സുന്നി വഖഫ് ബോര്‍ഡിന്റെ ഉടമാവകാശ ഹരജി തള്ളിയിരിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ സാങ്കേതികന്യായം വെച്ചിട്ടാണ് -ആവലാതിക്കാധാരമായ സംഭവം നടന്ന് ആറുകൊല്ലം കഴിഞ്ഞാണ് പരാതി ഉന്നയിച്ചത്. അതായത് കാലവിളംബം എന്ന സാങ്കേതികഘടകം. ഈ നിലപാടെടുത്ത കോടതി തന്നെയാണ് 500 കൊല്ലംമുമ്പ് നടന്ന സംഭവത്തിന്മേല്‍ നാലരനൂറ്റാണ്ട് പഴകി ബോധിപ്പിച്ച അന്യായത്തെ അനുകൂലിച്ച്  വിധി പറയുന്നതും! ഒരേ നീതിന്യായ പ്രക്രിയക്ക് രണ്ട് വ്യത്യസ്തവും പരസ്‌പരവിരുദ്ധവുമായ നിയമയുക്തികളോ?
അതേ എന്നാണ് വ്യക്തമായ ഉത്തരം. ബാബരിമസ്ജിദ് സൈറ്റിലെ താല്‍ക്കാലികക്ഷേത്രത്തെ നിയമവിധേയമാക്കി സ്ഥാപിക്കുകയാണ് ഈ ജാതി ഇരട്ടത്താപ്പിലൂടെ കോടതി നിര്‍വഹിച്ചിരിക്കുന്ന ചരിത്ര കര്‍മം. 1949ല്‍ പള്ളിയില്‍ പ്രത്യക്ഷപ്പെട്ട രാമലീല വിഗ്രഹങ്ങള്‍ സ്വയംഭൂ അല്ലെന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്. എന്നുവെച്ചാല്‍ അതവിടെ ഗൂഢമായി കടത്തിവെച്ചതാണെന്ന്. എങ്കില്‍ തുടര്‍ന്നുള്ള പുകിലിനൊക്കെ കാരണം ഈ വക്രതയല്ലേ എന്ന ചോദ്യം കോടതി വിഴുങ്ങുന്നു.  മറിച്ച് പ്രസ്തുത വിഗ്രഹങ്ങള്‍ ഇരിക്കുന്നത് പള്ളിയുടെ മധ്യമിനാരത്തിലായതിനാല്‍ അവിടം ഹിന്ദുക്കള്‍ക്കു കൊടുക്കാന്‍ മതിയായ 'കാരണം' കണ്ടെത്തുകയാണ് കോടതി. ആ കാരണം കണ്ടെത്തിയ വിധമാണ് മുകളില്‍ വിവരിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍, 1949ല്‍ വിഗ്രഹങ്ങള്‍ നുഴഞ്ഞുകയറ്റി ആരംഭിച്ച ഒരു പിടിച്ചെടുക്കല്‍ പ്രക്രിയയുടെ (കേസ് തൊട്ട് പള്ളിപൊളിക്കല്‍വരെ അനന്തരഘട്ടങ്ങള്‍) യുക്തിസഹമായ പരിണതിക്ക് അടിവരയിട്ട് കൊടുക്കുകയാണ് ഹൈകോടതി ചെയ്തിരിക്കുന്നത്. അക്കാര്യം മൂടിവെക്കാനുള്ള പുകമറ മാത്രമല്ലേ തര്‍ക്കഭൂമിയുടെ ത്രീ-വേ വീതംവെപ്പ്?
ഉടമസ്ഥാവകാശം നിയമപരമായി നിരാകരിക്കപ്പെട്ട വഖഫ്‌ബോര്‍ഡിന് മൂന്നിലൊന്ന് ഭൂമി കൊടുക്കുന്നതിന്റെ ആ യുക്തിതന്നെ ഈ നല്ലപിള്ള ചമയല്‍ നാടകത്തിന്റെ കള്ളി വെളിച്ചത്താക്കുന്നുണ്ട്. ഇത്രകണ്ട് ദേശീയപ്രാധാന്യമുള്ള പ്രശ്‌നത്തില്‍ നല്ല വിധി എന്ന് ഉപരിപ്ലവ നോട്ടക്കാര്‍ക്ക് തോന്നിക്കുകയും അങ്ങനെയൊരു ജനപ്രീതി മുഖേന യഥാര്‍ഥ ഉള്ളുകള്ളി മറച്ചുവെക്കുകയുമാണിവിടെ.

ഒരു സ്വത്തവകാശ തര്‍ക്കമുണ്ടായാല്‍, സംഘം ചേര്‍ന്ന് അക്രമം കാട്ടുകയും അതിന് വിശ്വാസത്തിന്റെ പിന്നണി പാടി നിയമവ്യവസ്ഥയെ കാറ്റില്‍പറത്തുകയും ചെയ്താല്‍ കോടതിയുടെ സാധൂകരണം തരപ്പെടുത്താമെന്നല്ലേ  വന്നിരിക്കുന്നത്?  500 കൊല്ലം മുമ്പത്തെ സാങ്കല്‍പിക ക്ഷേത്രധ്വംസനത്തിന് മുഖവിലയിടുന്ന കോടതി വെറും 18 കൊല്ലം മുമ്പ് രാജ്യത്തെ നോക്കുകുത്തിയാക്കി, തല്‍സമയം സംപ്രേഷണം ചെയ്ത പള്ളിപൊളിക്കലിനെപറ്റി കമാന്ന് പരാമര്‍ശിക്കുന്നില്ല എന്നതുതന്നെ ഈ വിധിയുടെ രാഷ്ട്രീയം തുറന്നുകാട്ടുന്നുണ്ട്.
സത്യത്തില്‍, വിധിയുടെ മെറിറ്റിനെ അംഗീകരിക്കുന്നതുകൊണ്ടല്ല ഭൂരിപക്ഷം മനുഷ്യരും ആശ്വസിക്കുന്നത്. ഇതിന്റെ പേരില്‍ രാജ്യത്ത് ചോര വീണില്ലല്ലോ എന്ന  മനഃസമാധാനത്തിന്റെ പേരിലാണ്. അക്രമങ്ങളിലേക്ക് പോകാത്തതില്‍ സ്വയം ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് സമൂഹം. അതിന്റെ ക്രെഡിറ്റൊന്നും അലഹബാദ് ഹൈകോടതിയുടെ നീതിന്യായ വിരുദ്ധമായ നിഗമനങ്ങള്‍ക്കും അതിന്മേലുണ്ടാക്കിയ ഉഡായ്പ്പിനും നല്‍കേണ്ടതില്ല. ഈ വൃത്തികേടിന്റെ മുഹൂര്‍ത്തത്തിലും ഇന്ത്യന്‍സമൂഹം പ്രകടിപ്പിക്കുന്ന സമചിത്തതക്കുള്ളതാണ് കൈയടി.

ഇവിടെ ഒരന്തരീക്ഷ സൃഷ്ടി അരങ്ങേറുന്നുണ്ടായിരുന്നു. കോടതി എന്തുപറഞ്ഞാലും എല്ലാവരും ക്ഷമാപൂര്‍വം സഹിഷ്ണുതയോടെ സ്വീകരിച്ചുകൊള്ളണമെന്ന് രഷ്ട്രീയകക്ഷികളും ഭരണകൂടവും നിരന്തരം ഉദ്‌ഘോഷിച്ചു. കലാപമുണ്ടാവും എന്ന ഭീഷണിയാണ് സര്‍വരും ചേര്‍ന്ന് സമൂഹത്തിനുമേല്‍ വിതച്ചത്. ആ ഭീഷണിയുടെ മുള്‍മുനയില്‍ മനുഷ്യരെ നിര്‍ത്തുകയും ബന്തവസ് പ്രഖ്യാപിക്കുകയും ചെയ്തിട്ട് വിധി കല്‍പിക്കുന്നതിന്റെ സാരസ്യം  ഊഹിക്കുക; കോടതിയടക്കം മനസാ ബന്ദിയാക്കപ്പെട്ടത് കാണാതിരുന്നുകൂടാ. തങ്ങള്‍ ഒരു റിസ്‌കെടുക്കുകയായിരുന്നു എന്ന് ജസ്റ്റിസ് ഖാന്‍ വലിയവായില്‍ പറയുന്നു. രാജ്യത്തെ രാഷ്ട്രീയനാടകങ്ങളും അവയുടെ അന്തരീക്ഷവും പരിഗണിച്ചാണ് ജുഡീഷ്യല്‍പ്രക്രിയ പ്രവര്‍ത്തിക്കുന്നതെങ്കില്‍, നീതിന്യായപരിവട്ടം പൊളിയുകയും കോടതി കേവലം പഞ്ചായത്തുസൊറയായി പരിണമിക്കുകയും ചെയ്യുമെന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. അതുതന്നെയല്ലേ ഖാനുള്‍പ്പെട്ട ബെഞ്ച് പ്രദര്‍ശിപ്പിച്ചതും?
റിസ്‌ക് ജഡ്ജിമാര്‍ക്കല്ല, ഇന്ത്യന്‍ ജുഡീഷ്യറിക്കും സമൂഹത്തിനുമാണ്. കാരണം റഫറിമാര്‍ കയറിക്കളിക്കാന്‍ മത്രമല്ല, കക്ഷികള്‍ക്കുവേണ്ടി ഗോളടിക്കാനും തുടങ്ങിയിരിക്കുന്നു

മുസ്‌ലിംകള്‍ വഞ്ചിക്കപ്പെട്ടെന്ന് മുലായം

ലഖ്‌നോ: ബാബരി കേസില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായാണ് മുസ്‌ലിംവികാരമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. നിയമത്തിനും തെളിവുകള്‍ക്കുമപ്പുറം വിശ്വാസത്തിന് മുന്‍തൂക്കം നല്‍കിയുള്ള അലഹബാദ് ഹൈക്കോടതി പ്രത്യേകബെഞ്ചിന്റെ വിധി നിരാശപ്പെടുത്തുന്നതാണെന്നും മുന്‍ യു.പി മുഖ്യമന്ത്രികൂടിയായ മുലായം പറഞ്ഞു. ഇത് രാജ്യത്തിനും ഭരണഘടനക്കും നീതിന്യായ സംവിധാനത്തിനും നല്ലത് വരുത്തില്ല. ഈ വിധി ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കും.മുസ്‌ലിം സമുദായത്തിലാകെ നിരാശ പടര്‍ന്നിരിക്കുകയാണ്.സുപ്രീം കോടതി നിയമത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ അന്തിമവിധി പ്രഖ്യാപിക്കുമെന്നാണ് താന്‍ കരുതുന്നത്്- മുലായം പറഞ്ഞു.
രാജ്യത്തെ നയിക്കേണ്ടത് ഭരണഘടനയും നിയമസംവിധാനവുമാണ്.അല്ലാതെ വിശ്വാസമല്ല. ബാബരിമസ്ജിദിനു നേര്‍ക്കുള്ള ഭീഷണി മൂര്‍ധന്യത്തിലെത്തിയ  1990ല്‍ തന്നെ താന്‍ ഇതു വ്യക്തമാക്കിയതാണ്. അന്ന് ചെന്നൈയില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗത്തില്‍ താന്‍  മഹാഭാരതത്തിലെ അര്‍ജുനന്‍േറ അവസ്ഥയിലാണെന്ന് ദു:ഖത്തോടെ വ്യക്തമാക്കിയതാണ്. ഭരണഘടനയും  നിയമസംവിധാനവും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ തന്റെ തന്നെ ജനതക്കുനേരെ വെടിവെക്കാന്‍ ഉത്തരവിടാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഒരുസംഭ്രമവുമില്ലാതെ ഞാന്‍ അന്ന് എന്റെ ഉത്തരവാദിത്തം നിറവേറ്റി- മുലായം പറഞ്ഞു. മുലായമിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസും യു.പി മുഖ്യമന്ത്രി മായാവതിയും ശക്തമായി രംഗത്തുവന്നു.
സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം വഷളാക്കാന്‍ തുനിയുന്നവര്‍ ആരായാലും കര്‍ശനമായി നേരിടുമെന്ന് മുലായമിന്റെ പേര് പറയാതെ മായാവതി മുന്നറിയിപ്പ് നല്‍കി.ചിലരുടെ പ്രകോപന പ്രസ്താവനകളില്‍  ആരും വീഴരുതെന്ന് അവര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു

വിധി പഠിച്ചുമാത്രം സുപ്രീംകോടതിയിലേക്ക് -വ്യക്തി നിയമ ബോര്‍ഡ്

ലഖ്‌നോ: ബാബരി കേസില്‍ അലഹബാദ് ഹൈകോടതിയുടെ വിധി വിശദമായി പഠിച്ചശേഷം മാത്രമേ സുപ്രീംകോടതിയെ സമീപിക്കൂവെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.  ഈ മാസം  ഒമ്പതിന് ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പത്ത് അംഗങ്ങള്‍ അടങ്ങുന്ന നിയമ കമ്മിറ്റി വിധി വിശദമായി പരിശോധിക്കുമെന്ന്  ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിര്‍നഗിമാഹ്‌ലി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി 16ന്  ബോര്‍ഡിന്റെ 51 അംഗ നിര്‍വാഹക സമിതിയോഗവും ചേരും.
വിധിയെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനുള്ള വഴികളാവും ചര്‍ച്ചചെയ്യുക. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെങ്കിലും നിര്‍വാഹക സമിതി യോഗത്തിനു ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന്  ഖാലിദ് റഷീദ് പറഞ്ഞു.

മുസ്‌ലിംകള്‍ക്കിത് ഇസ്‌ലാമികാധ്യാപനങ്ങള്‍ തെളിയിക്കാനുള്ള അവസരം -ജസ്റ്റിസ് എസ്.യു ഖാന്‍

ലഖ്‌നോ: ഇസ്‌ലാമികാധ്യാപനങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് രാമജന്മഭൂമി-ബാബരി വിധി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് വിധി പ്രസ്താവിച്ച ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് എസ്.യു.ഖാന്‍ അഭിപ്രായപ്പെട്ടു.
മുസ്‌ലിംകള്‍ ഇവിടെ ഭരിക്കപ്പെടുന്നുണ്ട്. ഭരണത്തില്‍ പങ്കാളിയുമാണ്.ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ളത്. അവര്‍ ഭൂരിപക്ഷമല്ല. അവഗണിക്കാവുന്ന ന്യൂനപക്ഷവുമല്ല.മറ്റു രാജ്യങ്ങളില്‍ ഒന്നുകില്‍ മുസ്‌ലിംകള്‍ വന്‍ ഭൂരിപക്ഷമായിരിക്കും. ഇത് പ്രശ്‌നങ്ങളെ നേരിടുന്നതില്‍ നിന്ന് അവരെ വിമുഖരാക്കും.ചില രാജ്യങ്ങളില്‍ അവര്‍ തീര്‍ത്തും ന്യൂനപക്ഷമായിരിക്കും-285പേജുള്ള തന്റെ വിധിന്യായത്തിന്റെ ഉപസംഹാരത്തില്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിംകളും ഇതരരുമായുള്ള ബന്ധം സംബന്ധിച്ച ഇസ്‌ലാമിന്റെ യഥാര്‍ഥ അനുശാസനം അറിയാന്‍ ലോകത്തിന് താല്പര്യമുണ്ട്. മതപരമായ അറിവുകളിലും അധ്യാപനങ്ങളിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ദീര്‍ഘമായ പൈതൃകമുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ഥപാഠങ്ങള്‍ അവര്‍ക്ക് ലോകത്തോട് പറയാനാകും.നിലവിലെ ഈ അഭിപ്രായഭിന്നതയില്‍ നിന്ന് തന്നെ അവര്‍ ഈ ശ്രമം തുടങ്ങട്ടെ. 1992 ഡിസംബര്‍ ആറു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാജ്യത്തിന് പിന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാനാവില്ലെന്ന് കേസിലെ കക്ഷികളെ അദ്ദേഹം ഉണര്‍ത്തുന്നു. ശ്രീരാമന്റെ ത്യാഗവും ഗുണങ്ങളും മുഹമ്മദ് നബിയുടെ ഒത്തുതീര്‍പ്പ് രീതിയും ജസ്റ്റിസ് ഖാന്‍ ഓര്‍മിപ്പിച്ചു. മുന്നോട്ടുപോകാന്‍ വിവിധ സമുദായങ്ങള്‍ തമ്മില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന വിധിന്യായം ഇങ്ങനെ ചെയ്തവരെ അതിജീവനവും അഭിവൃദ്ധിയും നേടിയിട്ടുള്ളുവെന്ന് ചാള്‍സ് ഡാര്‍വിനെ ഉദ്ധരിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
രാമജന്മഭൂമി-ബാബരി തര്‍ക്കത്തില്‍ ഇത് അന്തിമതീര്‍പ്പല്ല. വിധിപ്രഖ്യാപനത്തിന് ശേഷമാണ് ശ്രീരാമന്റെയും മുഹമ്മദ് നബിയുടെയും സവിശേഷതകള്‍ ഇരുവിഭാഗവും ഓര്‍ക്കേണ്ട നിര്‍ണായക മുഹൂര്‍ത്തം വരിക. ഹുദൈബിയയില്‍ പ്രവാചകന്‍ ശത്രുക്കളുമായി സമാധാന ഉടമ്പടിയുണ്ടാക്കിയപ്പോള്‍ നികൃഷ്ടമായ കീഴടങ്ങലായാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പോലും കരുതിയത്. എന്നാല്‍ ഇത് വ്യക്തമായ വിജയമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്്.പിന്നീട് അത് തെളിയുകയും ചെയ്തു. അധികകാലം കഴിയുംമുമ്പ് ഒരു തുള്ളി രക്തം വീഴ്ത്താതെ മുസ്‌ലിംകള്‍ മക്കയില്‍ വിജയികളായി പ്രവേശിച്ചു- ജസ്റ്റിസ് ഖാന്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞു.

നിരാശയല്ല; ഉത്കണ്ഠ-സഫരിയാബ് ജീലാനി

Sat, 10/02/2010

നിരാശയല്ല; ഉത്കണ്ഠ

ബാബരി കേസില്‍ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പരിശ്രമിച്ച ആളെന്ന നിലയില്‍ വിധിയെപ്പറ്റി?
* നിരാശയല്ല, അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്ന വിധിയാണിത്. രാജ്യത്തെ നീതിന്യായസംവിധാനത്തില്‍ വിശ്വസിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തും വിധം അപകടകരമാണിത്. തെളിവിന്റെ അടിസ്ഥാനത്തില്‍ യുക്തിപൂര്‍ണമായിരിക്കണം കോടതി വിധികള്‍. രേഖകളും ആധികാരിക ഗ്രന്ഥങ്ങളും ദൃക്‌സാക്ഷികളും എല്ലാം തെളിവുകളില്‍പെടും. തെളിവുകള്‍ അപഗ്രഥിച്ച് യുക്തിസഹമായ തീര്‍പ്പിലെത്തുകയാണ് കോടതിയുടെ ബാധ്യത. അത് നിറവേറ്റുന്നതിലാണ് അതിന്റെ വിശ്വാസ്യത. അതുകൊണ്ടാണ് പൊലീസില്‍നിന്നും ഭരണകൂടത്തില്‍നിന്നുപോലും നീതി ലഭിക്കാത്ത പൗരന്‍ കോടതിയില്‍ അഭയം പ്രാപിക്കുന്നത്.

ഈ വിശ്വാസത്തെ അട്ടിമറിക്കുന്നതാണോ ഹൈകോടതി വിധി ?
* വിധി ഈ വിശ്വാസത്തെ അട്ടിമറിക്കുക മാത്രമല്ല, നീതിന്യായ സംവിധാനത്തില്‍ ഒരിക്കലും സ്വീകാര്യമല്ലാത്ത ഒരു പ്രവണതക്ക് കോടതി തുടക്കം കുറിച്ചിരിക്കുന്നു. ഒരു കൂട്ടരുടെ വിശ്വാസം ഒരിക്കലും കോടതിക്ക് തെളിവാകാന്‍ പാടില്ലായിരുന്നു. മറിച്ചൊരു വിശ്വാസം മറ്റൊരു കൂട്ടര്‍ക്കും ഉണ്ടാകാമല്ലോ. ഒരു തരത്തിലുള്ള തെളിവും ചൂണ്ടിക്കാട്ടാതെ വിശ്വാസം അനുസരിച്ച് ബാബരിമസ്ജിദിന്റെ മിനാരങ്ങള്‍ക്ക് താഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്നാണ് ജഡ്ജിമാരുടെ വിധി. പണ്ടുകാലം തൊട്ടേയുള്ള വിശ്വാസമാണ് കോടതിയുടെ ഈ വിധിക്ക് അടിസ്ഥാനമെന്നും ജഡ്ജിമാര്‍ പറയുന്നു. പള്ളിക്ക് അകത്ത് ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരു കൂട്ടര്‍ക്കാണെന്ന് ചൂണ്ടിക്കാട്ടുന്നതിന് ഒരു തെളിവും കോടതി ഉന്നയിച്ചിട്ടില്ല. തെളിവിന് പകരമാണ് പണ്ടുകാലം മുതല്‍ക്കേയുള്ള വിശ്വാസത്തെ കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍, ഈ വാദവും വസ്തുതാവിരുദ്ധമാണ്. കോടതിരേഖകള്‍ അനുസരിച്ച് പള്ളിമിനാരങ്ങള്‍ക്ക് താഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന് പണ്ടുകാലത്ത് വിശ്വാസമില്ല. അല്ലെങ്കില്‍ അതിന് നൂറ് വര്‍ഷമേ പഴക്കമുള്ളൂ. കാരണം, ഇതേ കോടതിയുടെ കൈവശമുള്ള 115 വര്‍ഷം മാത്രം പഴക്കമുള്ള രേഖയനുസരിച്ച് മിനാരങ്ങള്‍ക്ക് താഴെയുള്ള ഭാഗം പള്ളിയാണെന്നാണ് ഹിന്ദുവിശ്വാസം. ബാബരി മസ്ജിദിനോട് ചേര്‍ന്നുണ്ടായിരുന്ന ക്ഷേത്രമായ രാം ഛബൂത്രയിലെ പൂജാരി 1885ല്‍ അന്നത്തെ ഫൈസാബാദ് കോടതിക്ക് സമര്‍പ്പിച്ച രേഖയിലാണ് ഈ ഭാഗം പള്ളിയാണെന്ന് വ്യക്തമാക്കുന്നത്. നൂറു കൊല്ലം മുമ്പ് ഹിന്ദു പൂജാരി കോടതിയില്‍ സമര്‍പ്പിച്ച രേഖയുണ്ടായിരിക്കേ പണ്ടുകാലം തൊട്ടേയുള്ള വിശ്വാസം എന്ന് പറയുന്നതില്‍ ന്യായമില്ല. 1885ല്‍ ബാബരിമസ്ജിദുമായി ബന്ധപ്പെട്ട് പൂജാരി മഹന്ത് രഘുവര്‍ദാസ് ഫൈസാബാദ് കോടതിയില്‍ നല്‍കിയ ഹരജിയാണ് ഈ രേഖ. ബാബരിമസ്ജിദിന്റെ മുറ്റത്തുണ്ടായിരുന്ന രാം ഛബൂത്രയില്‍ പൂജാകര്‍മങ്ങള്‍ നടത്താന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് മാത്രമായിരുന്നു മഹന്ത് രഘുവര്‍ ദാസ് ഫൈസാബാദ് കോടതിയില്‍ ഉന്നയിച്ച ആവശ്യം. പള്ളിയിലെ നമസ്‌കാരത്തിന് ഭംഗം വരാത്ത തരത്തില്‍ രാം ഛബൂത്രക്ക് മേല്‍ക്കൂരയുള്ള കെട്ടിടം നിര്‍മിക്കാമെന്ന് മഹന്ത് രഘുവര്‍ദാസ് അന്ന് കോടതിക്ക് ഉറപ്പും നല്‍കി. ഈ രേഖ സുന്നീ വഖഫ് ബോര്‍ഡ് ലഖ്‌നോ ബെഞ്ചിന് കൈമാറിയതാണ്. അന്ന് രാമജന്മഭൂമിയല്ലാത്ത സ്ഥലം ഇപ്പോള്‍ രാമജന്മഭൂമിയാണെന്ന് പറയുന്നത് കോടതി അംഗീകരിക്കരുതായിരുന്നു. അപ്പോള്‍ ആരുടെ വിശ്വാസം അനുസരിച്ചാണ് ഈ വിധി? കോടതിക്ക് എങ്ങനെയാണ് വിശ്വാസം മാനദണ്ഡമാകുക? ഈ വിധി സ്വീകരിച്ചാല്‍ നീതിന്യായ ചരിത്രത്തില്‍ നിലവിലില്ലാത്ത കീഴ്‌വഴക്കത്തിന്റെ നാന്ദിയാകും അത്.

കോടതി വിധി മാനിക്കുമെന്നായിരുന്നല്ലോ മുസ്‌ലിംകള്‍ പറഞ്ഞിരുന്നത്?
* മുസ്‌ലിംകള്‍ കോടതി വിധി മാനിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാണല്ലോ മുസ്‌ലിംകള്‍ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തത്. നിയമത്തിന്റെ വഴിയില്‍നിന്ന് മുസ്‌ലിംകള്‍ ഇപ്പോഴും വ്യതിചലിച്ചിട്ടില്ല. മറ്റുള്ള പലരെയും പോലെ വിധിക്കെതിരെ തെരുവില്‍ പോര്‍വിളി മുഴക്കിയിട്ടില്ല. യുക്തിഭദ്രമല്ലാത്ത ഹൈകോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് പറഞ്ഞത്. ഇവിടെ നീതി പോകട്ടെ, നിയമം പോലും പരിഗണിക്കാതെ ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രം അടിസ്ഥാനമാക്കി കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. അത്തരമൊരു വിധി മാനിക്കണമെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെടുന്നവരോട് തിരിച്ചുചോദിച്ചോട്ടെ: ഇവിടുന്നങ്ങോട്ട് നിയമവും പ്രമാണങ്ങളും നോക്കാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധിപ്രസ്താവം നടത്തുന്നതിനെ ഇവര്‍ അംഗീകരിക്കുമോ? രാജ്യത്തെ ഏതെങ്കിലും ഒരു ആരാധനാലയം ചൂണ്ടി മറ്റൊരു വിഭാഗം വിശ്വാസികള്‍ ഇത് തങ്ങള്‍ പവിത്രമെന്ന് വിശ്വസിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞാല്‍ അത് പൊളിച്ചുനീക്കാന്‍ തയാറാകുമോ? രേഖകളും പ്രമാണങ്ങളുമുള്ള ആരുടെയെങ്കിലും കിടപ്പാടത്തില്‍ കയറിച്ചെന്ന് ഏതെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും അവകാശവാദമുന്നയിക്കാവുന്ന സാഹചര്യത്തിനുള്ള വഴിയൊരുക്കുന്നതാണ് ഈ വിധി. മുസ്‌ലിംകള്‍ കോടതിവിധിയെ മാനിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.

നിര്‍മാണകാലവുമായി തട്ടിച്ച് നോക്കി സംശയത്തിന്റെ പേരില്‍ ബാബര്‍ അല്ല പള്ളിയുണ്ടാക്കിയതെന്ന് ഒരു ജഡ്ജി വിധിച്ചിരിക്കുന്നു. അതേസമയം, പള്ളിയുടെ മിനാരങ്ങള്‍ക്ക് താഴെ സ്ഥലത്ത് രാമന്‍ എപ്പോഴാണ് ജനിച്ചതെന്ന് വിധി വ്യക്തമാക്കിയിട്ടുമില്ല?
* ഇതു തന്നെയാണ് പ്രശ്‌നം. ഒരു വിഭാഗത്തിന്റെ വാദങ്ങള്‍ പരിഗണിച്ചപ്പോള്‍ കര്‍ക്കശമായ യുക്തിയുടെ സമീപനം സ്വീകരിച്ചു. അതേസമയം മറുവിഭാഗത്തിന്റെ യുക്തിക്ക് നിരക്കാത്ത വാദങ്ങള്‍ക്ക് പോലും വിശ്വാസം അടിസ്ഥാനം. ബാബറിന്റെ കാലത്തെക്കുറിച്ച് ബാലിശവാദം ഉന്നയിച്ച കോടതിക്ക് രാമന്‍ ജനിച്ച കാലയളവായി ഹിന്ദു സന്യാസി നല്‍കിയ മൊഴിയില്‍ ഒരു യുക്തിരാഹിത്യവും തോന്നിയില്ല. പ്രത്യേക കോടതിയില്‍ വിചാരണ വേളയില്‍ രേഖപ്പെടുത്തിയ പ്രമുഖസന്യാസിയുടെ ഈ മൊഴി പ്രകാരം ഒമ്പത് ലക്ഷം വര്‍ഷം മുമ്പാണ് ശ്രീരാമന്‍ ജനിച്ചത്. ഒമ്പത് ലക്ഷം വര്‍ഷം മുമ്പ് ഭൂമുഖത്ത് മനുഷ്യവാസമുണ്ടായിരുന്നോ എന്നത് കോടതിക്ക് പ്രശ്‌നമായില്ല. ഒരാള്‍ ജനിച്ചോ ഇല്ലയോ എന്നത് വിശ്വാസത്തിന്റെ പ്രശനമല്ല. അത് വസ്തുതാപരമായി ബോധ്യപ്പെടുത്തേണ്ട വിഷയമാണ്. അത്തരമൊരാളുടെ ജനനവുമായി ബന്ധപ്പെട്ട് തര്‍ക്കമുയരുമ്പോള്‍ വിശേഷിച്ചും. സാമാന്യയുക്തിക്ക് നിരക്കാത്ത ഇക്കാര്യം ബഹുമാനപ്പെട്ട കോടതിയുടെ മുമ്പില്‍ സമര്‍ഥിച്ചതാണ്. രാമന്റെ ജനനം 15 ലക്ഷം വര്‍ഷം മുതല്‍ ഒരു കോടി ലക്ഷം വര്‍ഷം വരെ മുമ്പാണെന്ന് പറഞ്ഞതിന്റെ വിവിധ രേഖകളും വഖഫ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഈ കോടതിയുടെ വിചാരണക്കിടയില്‍ നല്‍കിയ മൊഴികളിലോ സമര്‍പ്പിച്ച രേഖകളിലോ, ചരിത്ര ഗ്രന്ഥങ്ങളിലോ നാലായിരമോ ആറായിരമോ വര്‍ഷം മുമ്പാണ് രാമന്‍ ജനിച്ചതെന്ന് ഒരിക്കല്‍ പോലും അവകാശപ്പെട്ടിട്ടില്ല. യുക്തിപൂര്‍ണമല്ലാത്ത വിധിയാണിത് എന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നായി ഇക്കാര്യവും ചൂണ്ടിക്കാട്ടാനേ ഇനി കഴിയൂ.

ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം ആരുടേതാണ്? അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായമെന്താണ്?
* ഒരു അഭിഭാഷകനെന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. മേല്‍കോടതിയില്‍ പോകുക മാത്രമാണ് ഇനിയുള്ള വഴി. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഞാന്‍ വ്യക്തിപരമായി ചെയ്യുന്നതല്ല ഈ കേസ്. അവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കേസ് ഏറ്റെടുത്തത്. ഇനി സുപ്രീംകോടതിയിലേക്ക് പോകണമെന്ന് പറഞ്ഞാല്‍ ഞാന്‍ പോകും. തെളിവുകളും രേഖകളും പരിഗണിക്കാതെ വിശ്വാസം മാത്രം മുഖവിലക്കെടുത്ത് നടത്തിയ ഒരു വിധി മുസ്‌ലികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.

ജസ്റ്റിസ് കൃഷ്ണയ്യര്‍ വിധി വിചിത്രമാണെന്നാണ് അഭിപ്രായപ്പെടത്. ജസ്റ്റിസ് രജീന്ദര്‍ സച്ചാറും മുസ്‌ലിംകള്‍ സുപ്രീംകോടതിയില്‍ പോകുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു?
* നീതിന്യായ സംവിധാനങ്ങളെ ആദരിക്കുന്നവരെ അമ്പരപ്പിച്ചതു കൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യരെ ആദരണീയരായ നീതിപാലകര്‍ ഈ വിധിയെ അപലപിക്കുന്നത്. ഇരു വിഭാഗങ്ങളും ഉന്നയിച്ച വാദങ്ങള്‍ വിവേചിച്ച് നോക്കാതെയാണ് വിധി പ്രസ്താവമെന്ന് കോടതിയുടെ പദപ്രയോഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. രാജ്യം ആദരിക്കുന്ന മുതിര്‍ന്ന നിയമവിദഗ്ധരുടെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ തീര്‍ച്ചയായും വിധിയോടെ അനാഥത്വം അനുഭവിക്കുന്ന മുസ്‌ലിംകള്‍ക്ക് ആശ്വാസം പകരുന്നതാണ്.

കോടതി പറയുന്നു: 'പള്ളി പൊളിച്ചത് ശരി'- ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

അലഹബാദ് ഹൈകോടതിയുടെ വിധിയില്‍ ഞാന്‍ തികച്ചും അതൃപ്തനും അസ്വസ്ഥനുമാണ്. രണ്ടുമൂന്നു കാര്യം ചോദിക്കട്ടെ: ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ പൊളിച്ചത് ശരിയാണ് എന്നാണോ കോടതി പറയുന്നത്? '92ല്‍ പള്ളി പൊളിച്ചില്ല എന്ന് സങ്കല്‍പിക്കുക. ഭൂമി മൂന്നായി പങ്കിടണമെന്ന കോടതി വിധി നടപ്പാക്കാന്‍ മസ്ജിദ് തകര്‍ക്കേണ്ടി വരില്ലേ? മറ്റൊന്നു കൂടി: എല്‍.കെ. അദ്വാനിയും ജോഷിയും ഉമാഭാരതിയും മറ്റും പ്രതികളായ കേസിന് ഇനി എന്താണ് പ്രസക്തി?
കുറ്റം ചെയ്ത് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്നാണ് പഴമൊഴി. പക്ഷേ, കോടതി വിധി വന്നു കഴിഞ്ഞപ്പോള്‍ തോന്നുന്നത്, കുറ്റം ചെയ്തത് നേട്ടമായെന്നാണ്. അതല്ലെങ്കില്‍ പള്ളി പൊളിച്ചതില്‍ ന്യായമുണ്ടെന്ന് പറയുകയല്ലേ കോടതി ചെയ്തത്? വിഡ്ഢിത്തം നിറഞ്ഞ പിഴവാണ് സംഭവിച്ചിരിക്കുന്നത്. അയോധ്യാപ്രശ്‌നത്തില്‍ വര്‍ത്തമാനകാല ഇന്ത്യ കണ്ടത്, ബാബരി മസ്ജിദ് പൊളിച്ചതും താല്‍ക്കാലികക്ഷേത്രം പണിതതുമാണ്. കുറ്റകൃത്യം നടന്നിരിക്കുന്നു. പക്ഷേ, ആ കുറ്റകൃത്യത്തിന് പ്രേരകമായി പറഞ്ഞ കാരണങ്ങളില്‍ ന്യായം കണ്ടെത്തുകയാണ് കോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മസ്ജിദ് പൊളിച്ചെന്ന കൊടുംകുറ്റം കാണാതെ പോയി. ഉദാഹരണം പറയാം: അച്ഛനെ മകന്‍ കൊല്ലുന്നു. ഈ ഹീനകൃത്യം ചെയ്യുന്ന മകന് ശിക്ഷ ലഭിക്കുമെന്നു മാത്രമല്ല, പിതാവിന്റെ സ്വത്തില്‍ അവകാശവുമില്ല. അതാണ് പൊതുനിയമം. ഇവിടെ നോക്കൂ. വധം നടന്നു. കൊലയാളികള്‍ക്ക് ശിക്ഷയില്ല. സ്വത്തില്‍ അവകാശമുണ്ടെന്നും വന്നിരിക്കുന്നു.
കോടതി വിധിയെക്കുറിച്ച് രാഷ്ട്രീയ നേതാക്കളും കുറെ മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം പഴയ കാര്യങ്ങളല്ലേ, നമുക്ക് അതൊക്കെ മറന്ന് മുന്നോട്ടു നടക്കാം, യുവതലമുറക്ക് ഈ തര്‍ക്കത്തിലൊന്നും താല്‍പര്യമില്ല, അതുകൊണ്ട് ഒത്തുതീര്‍പ്പിനുള്ള അവസരം വീണുകിട്ടിയെന്ന മട്ടില്‍ കോടതിവിധിയെ സമീപിക്കണം എന്നൊക്കെയാണ് പറച്ചില്‍. ഇതൊക്കെ ഒരു പെയ്ഡ് ന്യൂസ് സ്വഭാവമുള്ള പ്രചാരവേല പോലെയുണ്ട്. പഴയ കാര്യങ്ങളെ എങ്ങനെയും മറന്നു കളയുകയല്ല സംസ്‌കാരവും പൈതൃകവുമുള്ള ഒരു ജനത ചെയ്യുന്നത്. പറ്റിയ തെറ്റിന് പരിഹാരം ചെയ്തുകൊണ്ടാകണം മുന്നോട്ടുള്ള നടപ്പ്.
ബാബരി മസ്ജിദ് പൊളിച്ചു എന്ന കുറ്റമാണ് അയോധ്യാപ്രശ്‌നത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ നില്‍ക്കുന്ന പ്രധാന വിഷയം. ബാബരി മസ്ജിദ് പൊളിച്ചതൊരു കുറ്റമല്ലെന്ന മട്ടില്‍ ഇന്ത്യക്ക് മുന്നോട്ടു നടക്കാന്‍ കഴിയില്ല. ആ വിഷയം കോടതി അവഗണിക്കുന്നു എന്നു മാത്രമല്ല, അതിന് ആധാരമാക്കിയത് വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. കോടതിക്ക് പരിഗണിക്കേണ്ടത് കേട്ടുകേഴ്‌വികളല്ല. വസ്തുതകളും തെളിവുകളുമാണ്. വിധിയില്‍ ന്യായയുക്തത വേണം. ആരുടെയെങ്കിലും വിശ്വാസം അടിസ്ഥാനമാക്കി കോടതിക്ക് തീരുമാനമെടുക്കാനും വിധി കല്‍പിക്കാനും കഴിയില്ല. ഖുത്തുബ് മിനാര്‍ ഹിന്ദു നിര്‍മിച്ചതാണെന്നു പറഞ്ഞാല്‍ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുമോ?
രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന് വിശ്വസിക്കുന്നവര്‍ ലക്ഷക്കണക്കിനുണ്ടാകാം. രാമന്‍ അയോധ്യയില്‍ തന്നെയാകാം ജനിച്ചത്. പക്ഷേ, ബാബരിമസ്ജിദ് നിലനിന്ന, മൂന്നു താഴികക്കുടങ്ങള്‍ക്ക് ഒത്ത നടുവിലുള്ള സ്ഥലത്താണ് പിറന്നുവീണതെന്ന് കോടതി എങ്ങനെ കണ്ടെത്തി? പിറന്നു വീണ കട്ടില്‍ കിട്ടിയോ? ഒരു കട്ടിലിടാന്‍ വേണ്ട സ്ഥലത്ത് ഒതുങ്ങുന്നതാണോ രാമന്‍? രാമന്‍ വിശ്വാസമാണ്. വിശാലമായ അയോധ്യയില്‍ എവിടെയോ ആകാം ജനിച്ചത്. ആ നിലക്ക് അയോധ്യയില്‍ രാമക്ഷേത്രം പണിയാനും വിശ്വാസികള്‍ക്ക് അനുവാദമുണ്ട്. അതിനപ്പുറം, തകര്‍ക്കപ്പെട്ട മസ്ജിദിനുള്ളില്‍ തന്നെ രാമന്റെ ജന്മഗൃഹം കണ്ടെത്തിയതിന് വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. ദശരഥന്റെയും കൗസല്യാദേവിയുടെയും മകനായി രാമന്‍ പിറന്നു വീണത് കൊട്ടാരത്തിലാണെന്നു കൂടി ഓര്‍ക്കണം. കൊട്ടാരവും പരിസരവും സ്വാഭാവികമായും 2.77 ഏക്കറില്‍ അധികം വരുന്ന സ്ഥലത്താകണം സ്ഥിതി ചെയ്തിരുന്നത്.
സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി കോടതി തള്ളിയതിലും ന്യായം കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യവഹാര കാര്യങ്ങളില്‍ ആറു വര്‍ഷത്തിനകം കക്ഷി ചേരണമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നതാണ് കോടതി പറയുന്ന കാര്യം. കോടതിയെ വീനീതമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വസ്തു ഒരാള്‍ തുടര്‍ച്ചയായി 12 കൊല്ലം കൈവശം വെച്ചാല്‍, ഉടമ അയാളായി മാറും. ബാബരി മസ്ജിദിന് നാനൂറു കൊല്ലത്തോളമാണ് പഴക്കം. ഇക്കാലമത്രയും മസ്ജിദ് ഹിന്ദുക്കളുടെ കൈവശമായിരുന്നില്ല. അപ്പോള്‍ സ്വാഭാവിക ഉടമ ആരാണ്? നാനൂറു കൊല്ലം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്ന ഒരു ഭൂമിയില്‍, ഹിന്ദുക്കള്‍ അവകാശം ചോദിച്ചെത്തിയത് കോടതിയില്‍ എത്തിയത് ഏതു വര്‍ഷമാണ്? അപ്പോള്‍ പിന്നെ, സുന്നി വഖഫ് ബോര്‍ഡ് ഉടമാവകാശം ചോദിക്കാന്‍ വൈകിയെന്നു പറയുന്നതില്‍ എന്തു ന്യായം? സമയം വൈകിയെന്ന ഒരു കാരണം ഈ തര്‍ക്കത്തില്‍ നിലനില്‍ക്കത്തക്ക ന്യായമല്ല.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. അതിന് മുമ്പേ കോടതി കേട്ടു തുടങ്ങിയതാണ് ഉടമസ്ഥാവകാശ കേസ്. ഉടമ ആരെന്ന് നിശ്ചയിക്കുകയാണ് കേസില്‍ കോടതി ചെയ്യേണ്ടത്. ഇനി, ബാബരി മസ്ജിദ് ഇന്നും കേടുകൂടാതെ നിലനില്‍ക്കുന്നു എന്നു കരുതുക. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് ഇക്കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം അതേപടി നടത്താന്‍ കഴിയുമോ? മസ്ജിദ് ഇടിച്ചു നിരത്തി തര്‍ക്ക സ്ഥലം മൂന്നായി പങ്കിടണമെന്ന് കോടതി പറയുമോ? അതാണ് പറഞ്ഞത്, കോടതി പരിഗണിക്കേണ്ട വിഷയം പരിഗണിച്ചില്ല. വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി. ഇന്ത്യയെ ലോകത്തിനും സ്വന്തം ജനതക്കും മുന്നില്‍ നാണം കെടുത്തി പള്ളി പൊളിച്ച കുറ്റം മറന്നു കളഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുത്തു.
ഒത്തുതീര്‍പ്പിന് അവസരമുണ്ടാക്കുന്നതാണ് കോടതി വിധിയെന്ന പ്രതീതി നല്‍കാനാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമൊക്കെ ശ്രമിക്കുന്നത്. പക്ഷേ, മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലാത്ത വിധിയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് എങ്ങനെ ഉണ്ടാക്കാനാണ്? അതുകൊണ്ട് അവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്നു. ഹിന്ദുക്കള്‍ എന്തുകൊണ്ടാണ് സുപ്രീംകോടതിയിലേക്ക് പോകുമെന്ന് പറയുന്നത്? കിട്ടിയതു പോരെന്നു പറയുന്ന അവര്‍ എങ്ങനെ ഒത്തുതീര്‍പ്പിന് സന്നദ്ധമാവും?
ക്ഷേത്രം നിലനിന്ന സ്ഥലത്ത് ഇസ്‌ലാമികവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് ബാബരി മസ്ജിദ് പണിതതെന്ന കാഴ്ചപ്പാട് കോടതി വിധിയില്‍ കാണുന്നു. ഒരു വിശ്വാസത്തെ തകര്‍ത്തുകൊണ്ടാകരുത് മറ്റൊന്നിന് വേണ്ടിയുള്ള ശ്രമം എന്നതാണ് പരസ്‌പരം ആദരിക്കുന്ന മതങ്ങളെല്ലാം പറയുന്നത്. ക്ഷേത്രം ഇടിച്ചു നിരത്തിയല്ല മസ്ജിദ് പണിതതെന്ന് കോടതി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. നാനൂറു കൊല്ലം മുമ്പ് ബാബരി മസ്ജിദ് അവിടെ ഉയര്‍ന്നു. പള്ളിയായിട്ടാണ് പണിതത്, ആ നിലക്കാണ് ഉപയോഗിച്ചത്. പതിനെട്ടു കൊല്ലം മുമ്പ് തകര്‍ത്തു. ആ ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുമതം വിശ്വാസികളെ അനുവദിക്കുന്നുണ്ടോ? ആര് ആരാധിക്കുന്നതുമാകട്ടെ. ദൈവം ദൈവമാണ്. ദൈവത്തിനായി നീക്കിവെച്ച സ്ഥലമാണത്. മുസ്‌ലിംകളുടെ വികാരത്തെ മുറിവേല്‍പിച്ചാണോ അവിടെ ക്ഷേത്രം പണിയേണ്ടത്? വിധി അക്കാര്യവും പരിഗണിച്ചില്ല.
മസ്ജിദ് അവിടെ നിലനിന്നു എന്ന് വര്‍ത്തമാനകാല ഇന്ത്യ കണ്‍മുന്നില്‍ കണ്ടതാണ്. അവിടെ ക്ഷേത്രം ഉയരണമെന്ന കോടതി വിധി സാമുദായിക സൗഹാര്‍ദത്തിന്റെ പ്രശ്‌നം എത്രത്തോളം കണക്കിലെടുത്തിട്ടുണ്ട്? രാം ഛബൂത്ര മസ്ജിദിന് പുറത്തെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ക്കണം. പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ചതാണ് എന്നതിന് ചരിത്ര സാക്ഷ്യങ്ങളുമുണ്ട്. ഇതൊന്നും കണക്കാക്കാതെയുള്ള വിധി, ശരിക്കും അനീതിയാണെന്ന് പറയേണ്ടിയിരിക്കുന്നു. പള്ളി തകര്‍ത്തവര്‍ക്ക് ഭൂമി കൊടുക്കാന്‍ പറയുന്ന വിധി സമൂഹത്തോട് നീതി ചെയ്തില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗകര്യപ്രദമായ നിലപാട് സ്വീകരിച്ചിരിക്കുകയുമാണ്. നമ്മുടെ മതേതര പാരമ്പര്യമാണ് വീണ്ടുമൊരിക്കല്‍ കൂടി പ്രശ്‌നത്തിലായത്.
തയാറാക്കിയത്:
എ.എസ്. സുരേഷ്‌കുമാര്‍