2011, മേയ് 9, തിങ്കളാഴ്‌ച

ബാബരി :സ്റ്റേ നടപടിക്ക് പരക്കെ സ്വാഗതം


ബാബരി :സ്റ്റേ നടപടിക്ക് പരക്കെ സ്വാഗതം
ന്യൂദല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈക്കോടതി വിധി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തു.  ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ ഹിന്ദു^മുസ്ലിം സംഘടനകളും  തീരുമാനത്തെ പിന്തുണച്ചു.
ചരിത്ര വസ്തുതകളും ഉടമസ്ഥാവകാശ രേഖകളും പരിഗണിക്കാതെ ഭൂരിപക്ഷ വിശ്വാസത്തിന്റെ മാത്രം ബലത്തില്‍ പുറപ്പെടുവിച്ച കീഴ്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത് തികച്ചും ആഹ്ലാദകരമാണെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനു കീഴിലുള്ള ബാബരി മസ്ജിദ് സമിതി കണ്‍വീനര്‍ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പള്ളിക്കു മേല്‍ തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എണ്ണമറ്റ രേഖകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെ  വിശ്വാസത്തിന്റെ മാത്രം മാനദണ്ഡത്തില്‍ പുറപ്പെടുവിച്ച ഹൈകോടതി വിധിക്കെതിരെ  സുപ്രീം കോടതി നടത്തി പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  
വിചിത്രവും പുകമറ സൃഷ്ടിക്കുന്നതുമാണ് വിധിയെന്ന സുപ്രീം കോടതി കണ്ടെത്തല്‍ ഉന്നത നീതി പീഠം ശരിയായ അര്‍ഥത്തില്‍ പ്രശ്നത്തെ കാണുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. അതേ സമയം ബാബരി മസ്ജിദ് കേസില്‍ സത്വര വാദം കേള്‍ക്കാനും ഉടന്‍ വിധിപ്രഖ്യാപനം നടത്താനും കോടതി താല്‍പര്യം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  
അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത നടപടിയെ ഹിന്ദു സംഘടനകളും സ്വാഗതം ചെയ്തു. 2.77 ഏക്കര്‍ ഭൂമിയില്‍ ഹിന്ദുക്കള്‍ക്കല്ലാത്ത മറ്റാര്‍ക്കും പങ്കു നല്‍കാന്‍ പാടില്ലെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ഹിന്ദുമഹാസഭയുടെ പ്രതിനിധികള്‍ വ്യക്തമാക്കി. താഴേ തട്ടിലെ സ്ഥിതിയില്‍ യാതൊരു മാറ്റവും സുപ്രീം കോടതി ഉത്തരവിലൂടെ ഉണ്ടാകില്ലെന്ന് രാം ലല്ലക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 1993 ജനുവരി ഏഴിന് ആരംഭിച്ച താല്‍ക്കാലിക ക്ഷേത്രത്തിലെ പൂജ അപ്പടി തുടരാമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യാ ഭൂമി വീതം വെക്കണമെന്ന അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്ത നടപടിയെ പാര്‍ട്ടി പിന്തുണക്കുന്നതായി ബി.ജെ.പിയും വ്യക്തമാക്കി.
അഹലബാദ് ഹൈകോടതി വിധി അദ്ഭുതകരവും വിചിത്രവുമാണെന്ന സുപ്രീം കോടതി പരാമര്‍ശം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന്  അനുപം ഗുപ്ത, ഡോ. കെ.എം ശ്രീമതി, മഹേഷ് ഭട്ട്, ഡോ. കെ.എന്‍ പണിക്കര്‍, പ്രൊഫ. രൂപരേഖ വര്‍മ, ശബ്നം ഹഷ്മി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കിയും ചരിത്ര വസ്തുതകള്‍ നിരാകരിച്ചും അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധി  മധ്യകാല യുഗത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. വിവാദഭൂമിയുടെ വീതം വെക്കലാണ് പ്രശ്നപരിഹാരമെന്ന കോടതി വിധി നീതിയെയും യുക്തിബോധത്തേയും തന്നെ വെല്ലുവിളിക്കുന്നതായിരുന്നു. തത്വാധിഷഠിതമല്ലാത്ത പരിഹാര നിര്‍ദേശങ്ങള്‍ ഭാവി തലമുറകളെ വേട്ടയാടുമെന്ന കാര്യം കീഴ്കോടതി മറന്നു. ഏതായാലും രാജ്യത്തെ നിയമവാഴ്ചയെ കുറിച്ച്ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സുപ്രീം കോടതിയുടെ പ്രാരംഭ ഇടപെടല്‍ ഏറെ സഹായകരമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ