ബാബരിധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍ -മാധ്യമം പരമ്പര


December 5, 2009
പരിമിതമായ ചുറ്റുവട്ടത്തില്‍ നിന്നാണെങ്കിലും ബാബരിമസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മന്‍മോഹന്‍സിങ് ലിബര്‍ഹാന്‍നടത്തിയ പതിനേഴ് വര്‍ഷം നീണ്ട അന്വേഷണത്തിന്റെ നിരീക്ഷണങ്ങള്‍ ഒരു രാഷ്ട്രവും അതിന്റെ സംവിധാനവും കടന്നു പോകുന്ന അപകടകരമായ അവസ്ഥകളിലേക്കുള്ള ചൂണ്ടുപലകയാണ്. കപടദേശീയതയുടെയും വ്യാജ മതാവേശത്തിന്റെയും ആപല്‍ക്കരമായ ചിന്തകളെ കടന്നാക്രമിക്കുന്ന ഈ അന്വേഷണത്തിന്റെ തുണ്ടുകള്‍ അധികാരകേന്ദ്രങ്ങളോടും രാഷ്ട്രീയപാര്‍ട്ടികളോടും രാജ്യനിവാസികളോടും ബോധപൂര്‍വമായ ചില തിരുത്തലുകള്‍ ആവശ്യപ്പെടുന്നുണ്ട്. ആ കറുത്ത ദിനം ഇനിയെവിടെയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയും. നാലു വാള്യങ്ങളിലായി ആയിരത്തോളം പേജുകളുള്ള റിപ്പോര്‍ട്ടിലൂടെ 'മാധ്യമം' (26.11.2009 - 5.12.2009) നടത്തുന്ന അന്വേഷണയാത്ര. എം.സി.എ. നാസര്‍
===== ===== ========
ജസ്റ്റിസ് എം.എസ്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്റെ ദൌത്യം വരച്ചിട്ടത് ഇങ്ങനെ: 'ബാബരിമസ്ജിദ് നിന്നിടത്ത് മുമ്പ് ക്ഷേത്രമുണ്ടായിരുന്നോ എന്ന അന്വേഷണം എന്റെ ചുമതലയല്ല. അക്കാര്യത്തില്‍ ഒരഭിപ്രായപ്രകടനവും നടത്തുന്നില്ല. തര്‍ക്കഭൂമി ഭാവിയില്‍ മറ്റേതെങ്കിലും ലക്ഷ്യത്തിനു വിനിയോഗിക്കണം എന്നു പറയാനും ഞാനില്ല. പള്ളി പൊളിയുന്നതിനിടയാക്കിയ സംഭവങ്ങളും സാഹചര്യങ്ങളും മാത്രമാണ് അന്വേഷണ പരിധി.  തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ വിലയിരുത്തലും'.

1528ല്‍ മുഗള്‍ ഭരണാധികാരി ബാബറിന്റെ കമാന്‍ഡര്‍ മീര്‍ ബാഖി പണികഴിപ്പിച്ചതാണ് പള്ളിയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് ലിബര്‍ഹാനും സാക്ഷ്യപ്പെടുത്തുന്നു.
വിഭജനത്തെ തുടര്‍ന്നുണ്ടായ മതപരമായ അകല്‍ച്ച അയോധ്യയുടെ മണ്ണിലും വേരു പടര്‍ത്തിയിരിക്കാമെന്ന നിരീക്ഷണത്തോടെയാണ് ഹിന്ദു^മുസ്ലിം വിഭജനത്തിന്റെ ഇന്ത്യന്‍പശ്ചാത്തലം കമീഷന്‍ വിശകലനം ചെയ്യുന്നത്. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ലിബര്‍ഹാന്‍ കുറിക്കുന്നു:

'ചിലര്‍ക്ക് അധികാരത്തോടുള്ള ആസക്തിയാണ് മുഖ്യം. അധികാരം നേടാനുള്ള പതിവുമാര്‍ഗമാണ് രാഷ്ട്രീയം. തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി അധികാരം ഉറപ്പാക്കാനുള്ള വഴിയില്‍ മറ്റൊന്നും അവര്‍ക്ക് പ്രശ്നമാകില്ല. അധികാരനേട്ടത്തിനുള്ള പ്രയാണത്തില്‍ സ്ഥാപനങ്ങള്‍ക്ക്, രാജ്യത്തിന്, വ്യക്തികള്‍ക്ക്, സമൂഹത്തിന് സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും അവര്‍ കാര്യമാക്കുന്നില്ല. ജീവിതം മുഴുക്കെ രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. ഈ പ്രക്രിയയില്‍ വസ്തുതകളും ബുദ്ധിപരമായ സത്യസന്ധതയും യുക്തിയും നഷ്ടപ്പെടുന്നു. രാഷ്ട്രീയാധികാരമോ രാഷ്ട്രീയ താല്‍പര്യങ്ങളോ നേടാനുള്ള ആര്‍ത്തിയാണ് പിന്നെ. അവിടെ ഭരണഘടനയും നിയമവും ലിഖിതവും അല്ലാത്തതുമായ ധാര്‍മികതകളും ചരിത്രവുമൊക്കെ ബോധപൂര്‍വം അവഗണിച്ചുതള്ളുന്നു. അധികാരത്തിന്റെ ആരോഗ്യപരവും നിയാമകവുമായ പ്രക്രിയ ശ്രദ്ധിക്കുന്നില്ല. രാഷ്ട്രീയസന്തുലിതത്വം കൈമോശം വരികയും ചെയ്യുന്നു.

1992 ഡിസംബര്‍ ആറിന് ദേശീയ^പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പള്ളിതകര്‍ത്തത്. മുഴുവന്‍ സംഘ്പരിവാര്‍ നേതാക്കളും അന്നവിടെ നിലയുറപ്പിച്ചിരുന്നു. ഒളിഞ്ഞും തെളിഞ്ഞും അവരൊക്കെ പള്ളിതകര്‍ച്ചയില്‍ ഭാഗഭാക്കായി. ഭരണ^പൊലിസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു.എല്ലാ നീക്കങ്ങളും രാഷ്ട്രീയാധികാരം എന്ന ഏകലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു. രാജ്യത്തിന്റെയും പുറം ലോകത്തിന്റെയും മാധ്യമങ്ങളുടെയും കണ്‍മുന്നിലായിരുന്നു ആ ക്രൂരത നടന്നത്. പള്ളി തകര്‍ച്ച തടയാന്‍ ഭരണകൂടവും രാഷ്ട്രീയ^ഉദ്യോഗസ്ഥ വിഭാഗവും ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. തകര്‍ക്കാന്‍ പുറപ്പെട്ടവരെ പിടികൂടാന്‍ ശ്രമിച്ചതുമില്ല.

തര്‍ക്ക മന്ദിരത്തിന്റെ തകര്‍ച്ച രാജ്യത്തിന്, മനുഷ്യരാശിക്ക്, സര്‍ക്കാറിന്, മതേതരത്വത്തിന്, സമൂഹത്തിന് വന്‍ദുരന്തമായിരുന്നുവെന്ന് വലിയൊരു വിഭാഗം കരുതുന്നു. പുറംലോകത്ത് ഇന്ത്യയുടെ പ്രതിഛായ തകര്‍ന്നു. അടിസ്ഥാന മൌലികാവകാശങ്ങള്‍ക്കും രാഷ്ട്രീയമാറ്റത്തിനും വേണ്ടിയുള്ള ന്യായവാദ സങ്കല്‍പത്തിനെതിരായ അക്രമ നടപടിയായിരുന്നു അവിടെ നടന്നത്. രാജ്യത്തിന്റെ, ഹിന്ദുമതത്തിന്റെ, ചരിത്രത്തിലെ മതപരമായ അസഹിഷ്ണുതയുടെ ഏറ്റവും ജുഗുപ്സമായ  നടപടിയായിരുന്നു അത്. മസ്ജിദ്ധ്വംസനത്തിനു ശേഷം രാജ്യമൊന്നാകെ അരങ്ങേറിയ വര്‍ഗീയ കലാപങ്ങളാകട്ടെ, ഞെട്ടിക്കുന്നതും അവിശ്വസനീയവും. കലാപത്തിന്റെ വര്‍ഗീയ ഘടകങ്ങള്‍ ആരായാന്‍ പിന്നീട് പല കമീഷനുകളും നിയോഗിക്കപ്പെടുകയും ചെയ്തു.
ആമുഖ കുറിപ്പ് ഉപസംഹരിക്കുന്നത് ഇങ്ങനെ:

'പള്ളി തകര്‍ച്ചയുമായി ബന്ധപ്പെട്ട് വിരുദ്ധങ്ങളായ പല നിഗമനങ്ങളും ഉയര്‍ന്നുവന്നു. ആഭ്യന്തര^വിദേശ^രാഷ്ട്രീയ ഗൂഢാലോചനകളുടെ സാധ്യതകള്‍ പൊതുശ്രദ്ധയില്‍ വരികയും അത് ഭിന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കിംവദന്തികള്‍ നിറഞ്ഞ സംശയങ്ങള്‍ക്കും വഴിയൊരുക്കി.രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ക്ഷേത്രനിര്‍മാണ പ്രസ്ഥാനത്തെ അനുകൂലിച്ചോ എതിര്‍ത്തോ വന്‍ജനാവലി പങ്കു ചേരുമ്പോള്‍ സാധാരണ നിലക്കുള്ള നീതിന്യായ പ്രക്രിയയിലൂടെ പൂര്‍ണചിത്രം കണ്ടെത്തുക അസാധ്യമാണ്. നാമൊക്കെയും പൊതുവേദികളില്‍ അഭിമാനത്തോടെ ഉരുവിടുന്ന ഭരണഘടനാധിഷ്ഠിത മതേതരത്വത്തിന്റെ അപഭ്രംശത്തിന് വഴിയൊരുക്കിയ വസ്തുതകള്‍ കണ്ടെത്തുക അനിവാര്യമാണ്. സമാന സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുന്നത് തടയാനും സത്യം കണ്ടെത്താനും അത് കൂടിയേ തീരൂ. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യരും ആഗ്രഹിക്കുന്നു,  അത്തരമൊരു സംഭവം  ഇനിയെങ്കിലും  ആവര്‍ത്തിക്കരുതെന്ന്'.

ചരിത്രം ചികയല്‍ തന്നെ ഏല്‍പിച്ച പണിയല്ലെന്ന് ലിബര്‍ഹാന്‍ പറയുന്നു. പക്ഷേ, അടിസ്ഥാന പശ്ചാത്തലം കുറിക്കാതെ പള്ളിപൊളിച്ചതിന്റെ നാള്‍വഴികളിലേക്ക് എത്തിച്ചേരുക എളുപ്പമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ലിബര്‍ഹാന്‍ തന്നെ കുറിക്കുന്നു:
'അയോധ്യയില്‍ 1949ല്‍ രാമവിഗ്രഹം ബാബരി പള്ളിക്കകത്തു കൊണ്ടു വെക്കുന്നതിന്  ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയുണ്ടായിരുന്നു.സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം പള്ളിക്കു പുറത്ത് 1949 ഡിസംബര്‍ പത്തിന് പോലിസ് പിക്കറ്റ് സ്ഥാപിച്ചതാണ്. 1949 ഡിസംബര്‍ 23ന് എന്നിട്ടും അതു സംഭവിച്ചു. രാമവിഗ്രഹം(രാംലല്ല) പള്ളിക്കകത്ത് ഒളിപ്പിച്ചു കടത്തി. അഭയ് റാം, ശിതേശ്വര്‍ റാവു ശിവ് ചരണ്‍ദാസ് എന്നിവരുള്‍പ്പെടെ 60 പേര്‍ക്കെതിരെ ഇതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള രാം ദുബെ എഫ്.ഐ.ആറില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'വെളുപ്പിന് ഏഴു മണിക്കെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ മാതാ പ്രസാദാണ് എന്നോട് വിവരം പറഞ്ഞത്, അമ്പതിനും അറുപതിനും ഇടയില്‍ വരുന്ന സംഘം ബലം പ്രയോഗിച്ച് പൂട്ട് തകര്‍ത്ത് രാമവിഗ്രഹം ഉള്ളില്‍ പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന്. തുടര്‍ന്ന് പള്ളിയുടെ ചുമരില്‍ അവര്‍  'ശ്രീരാം' എന്നെഴുതി വെച്ചു. അങ്ങനെ ചെയ്യരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഹന്‍സ് രാജ് യാചിച്ചെങ്കിലും സംഘം കേട്ടില്ല'.

ചുരുക്കം വരുന്ന സംഘത്തെ എന്തുകൊണ്ട് തടയാന്‍ കഴിഞ്ഞില്ലെന്ന ചോദ്യം സ്വാഭാവികം. ഇതേക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിനും ഡി.ഐ.ജിക്കും കീഴില്‍ അന്വേഷണം നടന്നതാണ്. വിഭജനത്തിന്റെ കാലുഷ്യം പൂര്‍ണമായി ഒഴിയാതിരുന്ന ആ സാഹചര്യം ബോധ്യപ്പെടാന്‍ പ്രശ്നത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് ബല്ലഭ് പന്തിനെഴുതിയ കത്ത് ലിബര്‍ഹാന്‍ എടുത്തുചേര്‍ത്തിട്ടുണ്ട്:

'രാജ്യത്തിനും താങ്കളുടെ പ്രദേശത്തിനു പ്രത്യേകിച്ചും ഏറെ പ്രതികൂലതയുള്ള സമയത്താണ് ഈ വിവാദം. വിവിധ വിഭാഗങ്ങള്‍ക്കിടയിലെ വര്‍ഗീയ പ്രശ്നങ്ങള്‍ നല്ലനിലയില്‍ പരിഹരിക്കപ്പട്ടുവരുന്ന സമയമാണിത്. മുസ്ലിംകള്‍ വ്യാപകമായി  തങ്ങളുടെ കൂറില്‍ മാറ്റം വരുത്താനിടയില്ലെന്ന കാര്യം നമുക്ക് ബോധ്യമാണ്. 1946നു ശേഷമുള്ള സാമുദായികബന്ധം ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഗ്രൂപ്പ് കാരണം സംഘടനാപരമായും ഭരണപരമായും നമ്മുടേതായ പ്രശ്നങ്ങളുണ്ട്.

ഇരു മതങ്ങള്‍ക്കുമിടയില്‍ പരസ്പര സഹിഷ്ണുതയോടും ഗുണകാംക്ഷയോടും പ്രശ്നം രമ്യമായി തീര്‍ക്കാന്‍ ശ്രമിക്കണം. നടന്നു കഴിഞ്ഞ സംഭവത്തിനു പിന്നില്‍ നിറഞ്ഞ വൈകാരികതകളുണ്ട്. മുസ്ലിം സമൂഹത്തിന്റെ അഭിപ്രായം നമുക്കൊപ്പമാക്കി നിര്‍ത്താന്‍ കഴിയണം.

ഈയൊരു തര്‍ക്കം ബലപ്രയോഗത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. ഏതു വിധേനയും ക്രമസമാധാന ഭാഗമായുള്ള നടപടികളിലൂടെ സമാധാനം നിലനിര്‍ത്തണം. സംഭവത്തെ സജീവ വിഷയമാക്കി മാറ്റാതിരിക്കണം. തെറ്റായ വസ്തുതകളെ രമ്യമായ പരിഹാരത്തിന്റെ വഴിയില്‍  നിലയുറപ്പിക്കാനും അനുവദിക്കരുത്''
ഈ കത്തിന്റെ പുറത്ത് ഭരണകൂടം വല്ല നടപടിയും സ്വീകരിച്ചോ? സംശയമാണ്. ഫൈസാബാദ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് തിരശãീലക്കു പിന്നില്‍ കളിച്ചവര്‍ വ്യക്തമായ കരാറിലെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ പരിഹാരനീക്കങ്ങളും അവിടെ പാളി.

ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ നായരായിരുന്നു ഒന്നാം പ്രതി. യു.പി ചീഫ് സെക്രട്ടറിക്ക് 1949 ഡിസംബര്‍ 27ന് നായര്‍ നല്‍കിയ കത്തിന്റെ ഉള്ളടക്കം ലിബര്‍ഹാന്‍ ഉദ്ധരിക്കുന്നു: 'വിഗ്രഹം എടുത്തു മാറ്റുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും.

മൊത്തം ജില്ലയിലെ സമാധാനം തന്നെ അതോടെ തകരും. പള്ളിക്കുള്ളില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് നിയമവിരുദ്ധം തന്നെ. എന്നാല്‍ അതെടുത്തു മാറ്റി മുസ്ലിംപ്രീണനം നടത്തിയാല്‍ ഭാവി കലാപങ്ങള്‍ക്കാവും അത് വഴിയൊരുക്കുക. കോടതിക്കു പുറത്തുള്ള തീര്‍പ്പ് മാത്രമാണ് ഇതിനു പരിഹാരം. വിഗ്രഹം മാറ്റിയാല്‍ ആയിരക്കണക്കിന് ലൈസന്‍സുള്ള തോക്കുടമകള്‍ പോലിസിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രംഗത്തിറങ്ങും. രാമവിഗ്രഹം മാറ്റുന്നതിനെതിരെ ഹിന്ദുക്കളൊന്നടങ്കം രംഗത്തു വരും. കൊല്ലാനും മരിക്കാനും അവര്‍ മടിക്കില്ല...വിഗ്രഹം നില്‍ക്കുന്ന അമ്പലത്തിന്റെ ഗേറ്റ് തുറന്നു കൊടുക്കാന്‍ ഇപ്പോള്‍ തന്നെ പൊതുജനം ബഹളം വെക്കുകയാണ്....'
അയോധ്യാപ്രശ്നം കത്തിച്ചുനിര്‍ത്തി  ഭാവി കലാപത്തിന്റെ വിത്തുകള്‍ വിതച്ചത് ജില്ലാ മജിസ്ട്രേറ്റാണെന്ന് ലിബര്‍ഹാന്‍നിരീക്ഷിക്കുന്നു.
നായരും ഭാര്യയും അദ്ദേഹത്തിന്റെ ഏതാനും ജീവനക്കാരും അധികം കഴിയുംമുമ്പ് ഹിന്ദു സംഘടനാ ടിക്കറ്റില്‍ മല്‍സരിച്ചതോടെ  ചിത്രം കൂടുതല്‍ വ്യക്തമാകുന്നു.
സ്വാതന്ത്യ്രാനന്തര ഇന്ത്യന്‍ ഭരണകൂടവും രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിക്ക് കീഴടങ്ങിയതിന്റെ ആദ്യതെളിവായി നായര്‍സംഭവം കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. പള്ളി തകര്‍ത്ത സാഹചര്യത്തിലേക്ക് നയിച്ചതിന്റെ തുടക്കം ബ്യൂറോക്രസിക്കു മുന്നിലെ ഭരണകൂട ദാസ്യമായിരുന്നുവെന്ന പഴിചാരലും.
ഉദ്യോഗസ്ഥര്‍ നല്‍കിയ കള്ളത്തെളിവുകളാണ് യു.പി മുഖ്യമന്ത്രി പ്രധാനമന്ത്രി നെഹ്റുവുമായി നടന്ന കത്തിടപാടുകളിലുമുള്ളത്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാന്‍ തയാറല്ലെന്ന ധാര്‍ഷ്ട്യമായിരുന്നു ജില്ലാ മജിസ്ട്രേറ്റ് മുഖ്യമന്ത്രിക്ക് നല്‍കിയ മുഴുവന്‍ എഴുത്തുകുത്തുകളിലെയും മുന്നറിയിപ്പ്.                

വര്‍ഗീയതക്കു മുന്നില്‍ പകച്ച ഭരണനേതൃത്വം


ആക്രമണോല്‍സുക വര്‍ഗീയതയുടെ നേര്‍ചരിത്രം കൂടിയാണ് അയോധ്യാകാണ്ഡത്തിലുള്ളത്. ജര്‍മന്‍നാസികളുടെ തന്ത്രങ്ങള്‍ അപ്പടി കടംകൊള്ളുകയായിരുന്നു. ഇരകള്‍ക്കും അവരുടെ പ്രതീകങ്ങള്‍ക്കും നേരെ നിരന്തര കള്ളപ്രചാരണം നടത്തി വസ്തുതയുടെ പിന്‍ബലം നല്‍കാന്‍ ശ്രമം, നിയമത്തിനും നീതിവാഴ്ചക്കും തങ്ങളെ തടയാനാവില്ലെന്ന ധാര്‍ഷ്ട്യം, ബലപ്രയോഗത്തിലൂടെ ഇച്ഛിക്കുന്നത് നടപ്പാക്കുമെന്ന അഹന്ത, ചോരയും കബന്ധങ്ങളും കൂടുതല്‍ ആവേശം പടര്‍ത്തുന്ന മാനസികാവസ്ഥ^ഇതൊക്കെ അയോധ്യാപ്രക്ഷോഭത്തിന്റെ വിവിധഘട്ടങ്ങളില്‍ പുറത്തുവന്നു. പല പേരുകളില്‍ അറിയപ്പെടുന്ന സംഘടനകളുടെ യാദൃച്ഛികമായ ഏകീഭാവം ലിബര്‍ഹാനെ അമ്പരപ്പിക്കുന്നു. ജുഡീഷ്യറിയും ഉദ്യോഗസ്ഥവൃന്ദവും ഭരണകൂടവും അതിനു മുന്നില്‍ പകച്ച് അനീതിയുമായി ഇറങ്ങിത്തിരിക്കുന്ന ചിത്രങ്ങള്‍ റിപ്പോര്‍ട്ടില്‍ പല ഭാഗങ്ങളിലും കാണാം.

പള്ളി  പൊളിക്കാനുള്ള വിശ്വഹിന്ദു പരിഷത്തി(വി.എച്ച്.പി)ന്റെ ഓരോ നീക്കവും സവിസ്തരം റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു.1964ല്‍ ആയിരുന്നു വി.എച്ച്.പി ജന്മം കൊണ്ടത്. ഹിന്ദുക്കളുടെ ഏകീകരണവും ഹൈന്ദവവിശ്വാസ പ്രചാരണവും ലക്ഷ്യം.വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഹിന്ദുക്കളുടെ കൂട്ടായ്മയും സംഘടന ആഗ്രഹിച്ചു. ധാര്‍മികമൂല്യങ്ങളും തത്ത്വങ്ങളും പ്രബോധനം ചെയ്യുന്നതോടൊപ്പം പുതിയ കാലത്തിനൊത്ത് ഹൈന്ദവാചാരങ്ങള്‍ ലോകത്തെവിടെയും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചുപോന്നു. ഇന്ത്യയില്‍ മുഴുക്കെ വി.എച്ച്.പിക്ക് ഘടകങ്ങളുണ്ടായി.

എന്നാല്‍, 1980ല്‍ വി.എച്ച്.പി അയോധ്യാപ്രസ്ഥാനത്തിലേക്ക് എടുത്തുചാടുന്നതാണ് കണ്ടത്. രാമവിശ്വാസികളുടെ, ഹിന്ദുമതത്തിന്റെ ഏകശബ്ദമായി വി.എച്ച്.പി 1990 വരെയും തങ്ങളെ അവതരിപ്പിക്കുകയായിരുന്നുവെന്ന് കമീഷന്‍. ഹൈന്ദവ വര്‍ഗീയതയുടെ അടിസ്ഥാനധാരയായി അപ്പോഴും വര്‍ത്തിച്ചത് ആര്‍.എസ്.എസ് തന്നെയായിരുന്നു. അയോധ്യയിലെ പള്ളി തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന വാദത്തെ പലപ്പോഴും പരസ്യമായും മറ്റു ചിലപ്പോള്‍ രഹസ്യമായും സംഘടന പിന്തുണച്ചു.
1980ല്‍ പാലംപൂര്‍ സമ്മേളനത്തിലാണ് ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പിന്തുണച്ച് ബി.ജെ.പി പ്രമേയം പാസാക്കുന്നത്. എന്നാല്‍, അയോധ്യാ പ്രക്ഷോഭത്തിന്റെ മുന്‍നിര സംഘടനയായി വി.എച്ച്.പി തന്നെ നിലകൊണ്ടു. ക്ഷേത്രത്തിനു വേണ്ടി അവകാശം ഉന്നയിച്ചവരുള്‍പ്പെടെ എല്ലാവരും ഒരുഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ വി.എച്ച്.പിയുടെ ഭാഗമായി മാറുന്നതാണ് കണ്ടതെന്നും കമീഷന്‍ കുറിക്കുന്നു.
1967ല്‍ യു.പിയില്‍ ജനസംഘം പിന്തുണയോടെ കോണ്‍ഗ്രസേതര സര്‍ക്കാര്‍ രൂപം കൊണ്ട സമയത്തുപോലും എന്തുകൊണ്ട് രാമക്ഷേത്രത്തിനായി ഹിന്ദു വര്‍ഗീയവാദികള്‍ തര്‍ക്കം ഉന്നയിച്ചില്ല എന്നത് കമീഷനെ അദ്ഭുതപ്പെടുത്തുന്നു. എന്നാല്‍, മസ്ജിദിനുമേല്‍ അവകാശവാദം ഉന്നയിച്ച മതസംഘടനകളെ ഉപയോഗിക്കുന്ന പ്രവണത അന്നും ഉണ്ടായിരുന്നുവെന്നാണ് മുലായംസിങ് കമീഷനു മുമ്പാകെ വ്യക്തമാക്കിയത്.

പൊതുവെ സമാധാനപരമായിരുന്നു 1967 മുതല്‍ 1975 വരെയുള്ള കാലം.  കോടതിയില്‍ നടന്ന കേസ് നടപടികളല്ലാതെ മറ്റൊന്നിനും തെളിവില്ല. 1983ല്‍ സ്ഥിതി മാറി. ആര്‍.എസ്.എസ് തന്നെയാണ് ഉത്തേജക ശക്തികളായി വര്‍ത്തിച്ചത്. സംഘടനയുടെ രജീന്ദര്‍സിങും  ദയാല്‍ ഖന്ന, ഗുല്‍സാരിലാല്‍ നന്ദ എന്നിവരും ഇടക്കിടെ 'തര്‍ക്കമന്ദിരത്തിന്റെ മോചന'ത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
1983 നവംബര്‍^ഡിസംബര്‍ മാസത്തില്‍ 'വിമോചന'കുത്തക വി.എച്ച്.പി  ഏറ്റെടുത്തു. തര്‍ക്കമന്ദിരവുമായി ബന്ധപ്പെട്ട് പൊതുവികാരം ഉണര്‍ത്താന്‍ ഹിന്ദിബെല്‍റ്റിലും മറ്റും രഥയാത്രയും കലശയാത്രയും നടന്നു. ഏതാനും സ്വയംപ്രഖ്യാപിത  പ്രാദേശിക നേതാക്കളും മറ്റു രാഷ്ട്രീയ താല്‍പര്യക്കാരും അതിനോട് ചേര്‍ന്നു നിന്നു. എന്നാല്‍, ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായില്ല. ജനങ്ങളില്‍ കാര്യമായ പ്രതികരണം അതുണ്ടാക്കിയതുമില്ല.

1984ഓടെ പ്രക്ഷോഭത്തിന് അസാമാന്യ വേഗം കൈവരുന്നത് കമീഷനെ അദ്ഭുതപ്പെടുത്തുന്നു. സെപ്റ്റംബര്‍ 24ന് അയോധ്യാപ്രസ്ഥാനം ആരംഭിച്ചു. 1984 ഒക്ടോബര്‍ ഏഴിന് സരയൂ തീരത്ത് 'സങ്കല്‍പ് ദിവസ്' ആചരിച്ചു. ഹിന്ദു സംരക്ഷണ പ്രതിജ്ഞ, തര്‍ക്കമന്ദിരത്തിന്റെ വിമോചനം, വിവാദ കേന്ദ്രത്തിന്റെ പൂട്ട് പൊളിക്കല്‍ എന്നിവയായിരുന്നു അജണ്ടയില്‍. ബീഹാറിലെ സീതാമഡിയില്‍ നിന്ന് അയോധ്യയിലേക്ക് ജാഥ. 1984 ഒക്ടോബര്‍ എട്ടിന്  ഭഗവദ് ആചാര്യസദനില്‍ നിന്ന് ലഖ്നോവിലേക്ക് 'രാം ജന്‍ കി രഥയാത്ര'.

ഇതൊക്കെയായിട്ടും എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദു പൊതുസമൂഹം അയോധ്യാ രാഷ്ട്രീയത്തോട് പുറംതിരിഞ്ഞു എന്നതാണ് ലിബര്‍ഹാന്‍ കമീഷന്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. വര്‍ഗീയ വാദികളുടെ കാടടക്കിയുള്ള ഭ്രാന്തമായ പ്രയാണത്തിലും ഇന്ത്യന്‍ പൊതുസമൂഹം പുലര്‍ത്തിയ മതേതര മനസ്സിനെ ആദരവോടെ നോക്കിക്കാണുന്നുണ്ട് ലിബര്‍ഹാന്‍. എന്നാല്‍, കമീഷന്റെ ശുഭപ്രതീക്ഷകളത്രയും തുടര്‍ നടപടികളുടെ സാക്ഷ്യപ്പെടുത്തലോടെ വീണുടയുന്നതാണ് കാണുന്നത്. നിയമവാഴ്ചയെ അപ്പാടെ വെല്ലുവിളിക്കുന്ന രൌദ്രരീതികളിലേക്ക് അയോധ്യാ പ്രസ്ഥാനം മാറിയതിന്റെ നാള്‍ വഴികള്‍ കമീഷന്‍ കുറിക്കുന്നു:

'താലാ ഖോലോ'(പൂട്ട് തുറക്കല്‍) പ്രസ്ഥാനത്തിനു വേണ്ടി  രാംജന്‍മഭൂമി ആക്ഷന്‍ കമ്മിറ്റിക്ക് തുടക്കം കുറിച്ചതോടെ സ്ഥിതി മാറി. 1984 ഏപ്രില്‍ മാസം അയോധ്യാപ്രസ്ഥാനത്തിന്റെ പുറംമുഖമെന്നോണം 'ധര്‍മസന്‍സദ്'പിറന്നു. കാര്യങ്ങള്‍ക്ക് വേഗം പകരുകയായിരുന്നു ലക്ഷ്യം. 1984 ഏപ്രില്‍ 7,8 തീയതികളില്‍ ദല്‍ഹിയില്‍ ധര്‍മസന്‍സദിന്റെ ആദ്യയോഗം ചേര്‍ന്നു. അശോക് സിംഗാള്‍ ഉള്‍പ്പെടെ പ്രധാന നേതാക്കളൊക്കെയും പ്രസ്ഥാനത്തെ ഹൃദയപൂര്‍വം സ്വീകരിച്ചു. വി.എച്ച്.പിയുടെ പുതിയൊരു വേദി കൂടി ജന്‍മംകൊണ്ടു^ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍. നിയമ പ്രാബല്യമില്ലാതെ എങ്ങനെ ഇത്രയേറെ സംഘടനകള്‍ ആപത്കരമായ മുദ്രാവാക്യങ്ങളുമായി രംഗത്തുവന്നു എന്ന ചോദ്യം ഇടക്കിടെ ലിബര്‍ഹാന്‍ ഉയര്‍ത്തുന്നു. ഒടുവില്‍ അദ്ദേഹം തന്നെ സമാധാനിക്കുന്നു^ഇതൊന്നും എന്റെ പരിധിയില്‍ വരുന്നതല്ല.

1984 ഒക്ടോബര്‍ ഏഴിന് ദിഗംബര്‍ അകാഡയില്‍ ബജ്റംഗ്ദള്‍ എന്ന പേരില്‍ പുതിയ സംഘടന പിറന്നു. വി.എച്ച്.പിയുടെ യൂത്ത് വിങ്ങായിരുന്നു അത്. ആശംസ നേരാന്‍ പരമഹംസ് രാംചന്ദര്‍ ദാസ് എത്തിയിരുന്നു. അദ്ദേഹം തന്നെയായിരുന്നു സംഘടനയുടെ മാര്‍ഗദര്‍ശി. വിനയ് കത്യാര്‍ പ്രസിഡന്റും. പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഹിന്ദുയുവതയെ രക്ഷിക്കാനും 'തര്‍ക്കസ്ഥല'ത്ത് രാമക്ഷേത്രം നിര്‍മിക്കാനും പിന്തുണ ഉറപ്പാക്കുമെന്ന് കത്യാര്‍ പറഞ്ഞു. ഗോരക്ഷ, നിര്‍ബന്ധിത മതംമാറ്റം തടയല്‍, രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി യുവാക്കളെ അണിനിരത്തല്‍ എന്നിവ  മറ്റു ലക്ഷ്യങ്ങള്‍. പൂര്‍ണമായി തന്നെ ബജ്റംഗ്ദളിന് സമര്‍പ്പിക്കുന്നതായി പ്രാദേശിക എം.എല്‍.എ കൂടിയായ കത്യാര്‍ പറഞ്ഞു. ലിഖിതഘടനയൊന്നുമില്ല സംഘടനക്ക്. കാവി റിബണ്‍ തലയില്‍ കെട്ടിയ ആര്‍ക്കും അംഗമാകാം. സംഘടനാതത്ത്വങ്ങളും നിയമങ്ങളും കത്യാര്‍ അടിക്കടി മാറ്റിക്കൊണ്ടിരുന്നു. പൂട്ട്പൊളിക്കണമെന്നാവശ്യപ്പെട്ട് 1985 ഡിസംബര്‍ 19ന് അയോധ്യയില്‍ ബജ്റംഗ്ദള്‍ വക ബന്ദാചരണം. ആദ്യ കാല്‍വെപ്പ് മോശമായില്ല. 
1984 ജൂണില്‍ ദിഗംബര്‍ അകാഡയില്‍ രാം ജന്‍മഭൂമി മുക്തി യജ്ഞ സമിതി രൂപംകൊണ്ടു. മറ്റൊരു സംഘടന. ദാരു ദയാല്‍ ഖന്ന കണ്‍വീനര്‍.നിത്യഗോപാല്‍ ദാസ്, പരമഹംസ് രാംചന്ദര്‍ ദാസ് എന്നിവര്‍ ഉപസാരഥികള്‍. പിന്നീട് മഹന്ത് അവൈദ്യനാഥ് സംഘടനാ പ്രസിഡന്റായി.

1984 ജൂലൈ ഒന്നിന്  'താലോ ഖോലോ' പ്രസ്ഥാനത്തിനു വേണ്ടി രാംജന്‍മഭൂമി ആക്ഷന്‍ കമ്മിറ്റിയും നിലവില്‍ വന്നു. അതേ വര്‍ഷം ഒക്ടോബര്‍ 16ന് ദല്‍ഹി വഴി പ്രയാഗിലേക്ക് രാംജന്‍മ് കി രഥയാത്ര. ഒക്ടോബര്‍ 22ന് ചിത്രകൂടത്തിലായിരുന്നു സമാപനം. യു.പി ക്കു പുറമെ രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളെയും സ്പര്‍ശിച്ചുകൊണ്ട് വിദ്യാദശമി നാളില്‍ രഥയാത്ര. പ്രകോപനപരമായ 'വിമോചന'മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പൂട്ട് പൊളിക്കണമെന്ന ആക്രോശം.
1984 ഒക്ടോബര്‍ 31ന് ഇന്ദിരാവധം. രാജ്യം അതിന്റെ നടുക്കത്തില്‍. അതോടെ രഥയാത്ര നിര്‍ത്തിവെച്ചു. നടന്ന യാത്രക്ക് ഒരു ചലനവും ജനങ്ങളിലുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും കമീഷന്‍. രഥയാത്രക്ക്  ലഖ്നോവില്‍ സ്വീകരണ ചടങ്ങും ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിരാട് ഹിന്ദുസമ്മേളനവും.

മഹന്ദ് അവൈദ്യനാഥിന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. തര്‍ക്കകേന്ദ്രം തകര്‍ക്കണമെന്നോ തല്‍സ്ഥാനത്ത് ക്ഷേത്രം പണിയണമെന്നോ ഉള്ള ആവശ്യമൊന്നും അവര്‍ ഉന്നയിച്ചില്ല. ഇവിടെ കമീഷന് വീണ്ടും ആശ്ചര്യം. ലിബര്‍ഹാന്‍ ചോദിക്കുന്നു: 'എന്തുകൊണ്ട്?'
വിനയ് കത്യാറിന്റെ കമീഷന്‍ സാക്ഷിമൊഴിയില്‍ തര്‍ക്ക മന്ദിരത്തിനു വേണ്ടി 'പുറന്തള്ളപ്പെട്ട ഒരാള്‍' ആലങ്കാരികമായി പറഞ്ഞ കാര്യം സൂചിപ്പിക്കുന്നു. അതിങ്ങനെ: 'നിയമവിരുദ്ധമായി തങ്ങള്‍ കൈവശം വെക്കുകയായിരുന്നു എന്ന കാര്യം അവര്‍ സമ്മതിച്ചു. വീട്ടുനികുതി ഞങ്ങള്‍ കൊടുത്തു. അവര്‍ ചളി വിതറി. അതില്‍ ഞങ്ങള്‍ വളര്‍ന്നു.'
പൂട്ട് പൊളിക്കണമെന്നാവശ്യപ്പെട്ട അയോധ്യ പ്രസ്ഥാനം 1985 ഫെബ്രുവരി വരെയും തുടര്‍ന്നു. 
പള്ളിയുടെ പൂട്ടും കുരങ്ങന്‍സൂത്രങ്ങളും


1985 മാര്‍ച്ച് 20. ആക്രമണോല്‍സുക ഹിന്ദുത്വം കൂടുതല്‍ പ്രകോപനപരമായ നടപടികളിലേക്ക്. രക്തസാക്ഷിത്വത്തിന് തയാറായ അഞ്ചു ലക്ഷം രാമഭക്തരെ അണിനിരത്താന്‍ വി.എച്ച്.പി തീരുമാനിച്ചു. 1986 മാര്‍ച്ച് എട്ടിനകം പള്ളിയുടെ പൂട്ട് പൊളിച്ചുകൊടുത്തില്ലെങ്കില്‍ സന്യാസിമാര്‍ ബലംപ്രയോഗിച്ച് പൂട്ട് തകര്‍ത്തെറിയുമെന്നായിരുന്നു ഭീഷണി. രാമനവമിക്കുമുമ്പ് പള്ളിയുടെ പൂട്ട് തുറന്നില്ലെങ്കില്‍ 1985 ഏപ്രില്‍ പതിനെട്ടിന് ആത്മാഹുതി ചെയ്യുമെന്ന് മഹന്ത് പരമഹംസ് രാംചന്ദര്‍ ദാസ് ഭീഷണി മുഴക്കി. മാധ്യമങ്ങള്‍ അതോടെ ഉല്‍സാഹത്തിലായി. 'ദേശീയതലത്തിലുള്ള ഒരു പാര്‍ട്ടി പിന്തുണയില്ലാതെ അയോധ്യാ പ്രസ്ഥാനം വിജയിക്കില്ലെന്ന് ആര്‍.എസ്.എസും മറ്റും തന്നോട് പറഞ്ഞിരുന്നു' എന്നാണ് മഹന്ത് പരമഹംസ് രാംചന്ദര്‍ ദാസ് കമീഷനു മുമ്പാകെ മൊഴി നല്‍കിയത്. ആര്‍.എസ്.എസ് സാരഥി കെ.എസ്. സുദര്‍ശന്‍ നല്‍കിയ മൊഴി ശ്രദ്ധേയം: 'രാം ജന്മഭൂമി യജ്ഞ സമിതി ഹിന്ദു സമൂഹത്തിന്റെ പിന്തുണ തേടുമ്പോള്‍ അനുയായികളോട് സന്യാസിമാരെ പിന്തുടരാന്‍  ഞങ്ങള്‍ പറഞ്ഞു.' സംഘടനയുടെ ദേശീയ പ്രവര്‍ത്തക സമിതി പൂര്‍ണപിന്തുണയും ഉറപ്പു നല്‍കി. പൂട്ട് പൊളിക്കുന്നതിനെ ശരിവെച്ചു. ആര്‍.എസ്.എസ് ഭാഗമായ അഖില ഭാരതീയ പ്രതിനിധി സഭ  പാസാക്കിയ പ്രമേയം മറ്റൊരു ചരിത്രരേഖയാണ്. 'കോടതി ഉത്തരവുകളെ തുടര്‍ന്ന് സര്‍ക്കാര്‍ അടച്ചിട്ട രാമജന്മഭൂമി സമുച്ചയത്തിന്റെ പൂട്ട് തുറക്കുക. തടസ്സങ്ങള്‍ നീക്കം ചെയ്യുക. പൂജാ ചടങ്ങുകള്‍ പൂര്‍ണമായ തോതില്‍ നടക്കാന്‍ അനുവദിക്കുക... ക്ഷേത്രത്തിന്റെ നവീകരണ ജോലികള്‍ ഇപ്പോഴും ബാക്കിയാണ്. നമ്മുടെ ദേശീയ കാഴ്ചക്ക് അപമാനകരമായ വിദേശ മേധാവിത്വത്തിന്റെ പൊതു അവശിഷ്ടങ്ങള്‍ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കണമെന്ന സ്വതന്ത്ര ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പൌരാണികമെങ്കിലും ജീര്‍ണിച്ച രാമജന്മഭൂമി ക്ഷേത്രവും പൂര്‍വ പ്രതാപത്തില്‍ പുനഃസ്ഥാപിക്കണം. അതിലൂടെ മാത്രമേ രാജ്യത്തിന്റെ മനഃസാക്ഷിയുടെ അടങ്ങാത്ത നിലവിളിക്ക് സാന്ത്വനമാകൂ.'
1986 ജനുവരി 19ന് ലഖ്നോവില്‍ ചേര്‍ന്ന സന്യാസിമാരുടെ സമ്മേളനം മാര്‍ച്ച് എട്ടിനകം സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബലം പ്രയോഗിച്ച് പൂട്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചു. ജനുവരിയില്‍ പൂട്ട് പൊളിക്കല്‍ പ്രക്ഷോഭം ഔദ്യോഗികമായി ആരംഭിച്ചു.
ഇവിടെ വെച്ചാണ് ആസൂത്രണത്തിന്റെയും അധികാര^നീതിന്യായ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിയുള്ള നിര്‍ലജ്ജമായ മറ്റൊരു വഴിത്തിരിവ്. ഉമേഷ് ചന്ദ്ര എന്നയാള്‍ മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കുന്നു. അതിന്മേല്‍ കോടതി ഫെബ്രുവരി ഒന്നിന് വിചാരണ നിശ്ചയിച്ചു.  അതു പറ്റില്ല, ഹരജി നേരത്തേ പരിഗണിക്കണമെന്നായി ഉമേഷ് ചന്ദ്ര. അയാള്‍ ജില്ലാ ജഡ്ജിക്ക് അപേക്ഷയും നല്‍കി. അപേക്ഷ കൈയില്‍ കിട്ടേണ്ട താമസം, മുന്‍സിഫ് ജഡ്ജിക്ക് ജില്ലാ ജഡ്ജിയുടെ ഉത്തരവ്^അടച്ചിട്ട പള്ളിയുടെ പൂട്ട് ഉടന്‍ തുറന്നു കൊടുക്കുക. ഒപ്പം ഒരു കാര്യം കൂടി^ ഇതുമൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍  ജില്ലാ മജിസ്ട്രേറ്റും സര്‍ക്കാറും നേരിടണം. ജില്ലാ ജഡ്ജി പറയേണ്ട താമസം, ജില്ലാ മജിസ്ട്രേറ്റിനും ആവേശം കയറി. പൂട്ട് തുറന്നതുകൊണ്ട് ഒരു ക്രമസമാധാന പ്രശ്നവും വരാന്‍ പോകുന്നില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിച്ചു.
ഇത്രയും വൈകാരികവും സങ്കീര്‍ണവുമായ വിഷയത്തില്‍ എങ്ങനെ ജില്ലാ ജഡ്ജിക്ക് അത്തരമൊരു ഉത്തരവ് നല്‍കാന്‍ കഴിഞ്ഞു?^കമീഷന്‍ ഞെട്ടുന്നു. അതിന്റെ സാഹചര്യം പരതിയപ്പോള്‍ ലിബര്‍ഹാന്‍ എത്തിയത് പരിഹാസ്യമായ ഒരു കുരങ്ങന്‍കഥയില്‍. നമ്മുടെ നിയമവാഴ്ചയുടെയും നീതിബോധത്തിന്റെയുമൊക്കെ അടിസ്ഥാനം നിര്‍ണയിക്കുന്നത് പലപ്പോഴും ഇത്തരം കുരങ്ങന്‍കഥകളാണെന്നും ലിബര്‍ഹാന്‍ പറയാതെ പറയുന്നു. ബാബരി പള്ളിയുടെ പൂട്ട് പൊളിക്കാന്‍ അനുമതി നല്‍കിയ ജഡ്ജി ജീവചരിത്രത്തില്‍ കുറിച്ച ആ കുരങ്ങന്‍കഥ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിലുണ്ട്. അതിങ്ങനെ:
'വിധി പുറപ്പെടുവിക്കുമ്പോള്‍, അതിനു തൊട്ടുമുമ്പും ശേഷവും ഒരു കുരങ്ങന്‍ എന്റെ താമസസ്ഥലത്തും കോടതിമുറിയിലും വന്നു. അതു തിരികെ വീണ്ടും എന്റെ വസതിയിലെത്തി. ആ കുരങ്ങന്‍ ആരെയും ദ്രോഹിച്ചില്ല. എന്റെ കീഴുദ്യോഗസ്ഥന്റെ മുമ്പാകെയുള്ള അയോധ്യാ ഹരജി പരിഗണിക്കുന്നത് നേരത്തേയാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയായിരുന്നു അപ്പോള്‍ എന്റെ കൈയില്‍. കുരങ്ങന്റെ അസാധാരണമായ സാന്നിധ്യവും നീക്കവും പൂട്ട് പൊളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിടാന്‍ എനിക്ക് പ്രേരണയാവുകയായിരുന്നു...!'
ഈയൊരു ഘട്ടത്തില്‍ മാത്രമാണ് മുസ്ലിം പ്രതികരണം ലിബര്‍ഹാന്‍ പരാമര്‍ശിക്കുന്നത്. പ്രകോപനപരമായ പല നീക്കങ്ങളുണ്ടായിട്ടും മുസ്ലിം സംഘടനകളും നേതാക്കളും പ്രകടിപ്പിച്ച അസാമാന്യമായ ക്ഷമയെയും വിവേകത്തെയും കമീഷന്‍ പരാമര്‍ശിക്കാന്‍ പോലും തയാറായില്ല. തൂക്കമൊപ്പിക്കാന്‍ 'ഇരുകൂട്ടരെ'യും അവരുടെ നിറഞ്ഞ വര്‍ഗീയതയെയും വല്ലാതെ കടന്നാക്രമിക്കുകയാണ് കമീഷന്‍. 
നാല് നൂറ്റാണ്ടിലധികം പ്രാര്‍ഥന നടത്തിയ ഒരാരാധനാലയം താഴിട്ടു പൂട്ടിയിട്ടുപോലും ന്യൂനപക്ഷ സമൂഹം തെരുവിലിറങ്ങിയില്ല. കള്ളക്കഥകളിലൂടെ ന്യായം ചമച്ചിട്ടും എതിരു പറഞ്ഞില്ല. എന്നാല്‍, താഴിട്ടു പൂട്ടിയ പള്ളി ഏകപക്ഷീയമായി ഭൂരിപക്ഷ ധാര്‍ഷ്ട്യത്തിന് തുറന്നുകൊടുത്ത അനീതിയെ നിയമപ്രകാരം നേരിടാന്‍ മുസ്ലിം ഇന്ത്യ ശ്രമിക്കുകയായിരുന്നു. ലിബര്‍ഹാന്‍ ഇതു കാണുന്നില്ല.
1986 ഫെബ്രുവരി 15ന് ഓള്‍ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപംകൊണ്ടു. പൂട്ടു തുറന്നുകൊടുത്ത നടപടിയില്‍ കടുത്ത പ്രതിഷേധം. 1986 മേയ് 12ന് കരിദിനാചരണം. ബാബരി മസ്ജിദ് മൂവ്മെന്റ്, സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ഫോര്‍ റെസ്റ്ററേഷന്‍ ഓഫ് ബാബരി മസ്ജിദ് തുടങ്ങി പല സമിതികളും പിറന്നു. 1987ല്‍ ഓള്‍ ഇന്ത്യ ബാബരി മസ്ജിദ് കമ്മിറ്റിക്കുകീഴില്‍ അയോധ്യാ പ്രസ്ഥാനത്തിനു തുല്യം ജനപിന്തുണ തേടുന്ന പരിപാടികള്‍ ആവിഷ്കരിച്ചു. അയോധ്യയിലെ പള്ളിയുടെ പൂട്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.പിയിലെ മുസ്ലിം എം.എല്‍.എമാര്‍ മഖ്യമന്ത്രിയെ കണ്ടു. അയോധ്യയിലെ മുസ്ലിംസമൂഹത്തില്‍നിന്നുള്ള ഒരംഗംപോലും ബാബരി ആക്ഷന്‍ കമ്മിറ്റിയിലോ അനുബന്ധ സംഘടനകളിലോ ഉണ്ടായിരുന്നില്ലെന്ന് കമീഷന്‍.
1987 ഏപ്രില്‍ 27ന് നരസിംഹറാവുവിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി നിലവില്‍ വന്നു. പ്രശ്നപരിഹാരത്തിനുള്ള വഴികളും നടപടികളും നിര്‍ദേശിക്കുകയായിരുന്നു ലക്ഷ്യം. മേയ് 21,28 തീയതികളില്‍ അന്നത്തെ ആഭ്യന്തര മന്ത്രി ബൂട്ടാസിങ് യു.പി മുഖ്യമന്ത്രിയോട് സമയബന്ധിതമായി പ്രശ്നപരിഹാര നടപടിക്ക് നിര്‍ദേശിച്ചു. അന്തിമമായി പ്രശ്നം സംസ്ഥാനത്തിനു കൈമാറാനായിരുന്നു തീരുമാനം. ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ക്ഷേത്ര നിര്‍മാണ പ്രസ്ഥാനത്തിന് രാഷ്ട്രീയ മാനങ്ങള്‍ കൈവന്നതും പരിധി ലംഘിച്ചതുമെന്ന് കമീഷന്‍.
ഇരുപക്ഷത്തുമുള്ളവര്‍ ആളെ കൂട്ടി. ബന്ദാഹ്വാനങ്ങളും പ്രകോപനപരമായ പ്രസംഗങ്ങളും 1987ല്‍ മുഴുക്കെ തുടര്‍ന്നു. സ്ഥിതിഗതികള്‍ നേരിടാന്‍ കമ്മിറ്റികള്‍ പോലെ ഏതാനും അപ്രധാന നടപടികളല്ലാതെ ഭരണതലത്തില്‍നിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്ന് കമീഷന്‍. എന്നാല്‍, അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പക്ഷേ, കമീഷന്‍ ഒരുക്കമല്ല. തെരഞ്ഞെടുപ്പില്‍ പ്രശ്നമുയര്‍ന്നാലുള്ള ഭവിഷ്യത്ത് മുന്‍നിര്‍ത്തി അനുരഞ്ജന ഫോര്‍മുലകള്‍ വന്നു. എന്നാല്‍, ഇരുപക്ഷത്തിന്റെയും നിഷേധ നിലപാട് കാരണം അവ തകര്‍ന്നതായി കമീഷന്‍.
പിന്നീട് ശിലാന്യാസത്തിന്റെ ഘട്ടം തുടങ്ങുകയായി. 1986 ജനുവരി 30,31 തീയതികളില്‍ പ്രയാഗില്‍ ചേര്‍ന്ന മൂന്നാം ധര്‍മസന്‍സദ് 1986 നവംബര്‍ ആറിന് അയോധ്യയില്‍ ശിലാന്യാസത്തിന് തീയതി കുറിച്ചു. 1986 മേയ് 27ന് ഹരിദ്വാറില്‍ ചേര്‍ന്ന സന്യാസി സമ്മേളനം അതിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
പള്ളി  മാറ്റി സ്ഥാപിക്കാന്‍ അനുരഞ്ജനം രൂപപ്പെട്ടതായി ആര്‍.എസ്.എസിന്റേതെന്നു കരുതുന്നതായി പ്രചരിച്ചത് കിംവദന്തി മാത്രമാണെന്ന് മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ മുന്‍നിര നേതാവ് സയ്യിദ് ശഹാബുദ്ദീന്‍ പറഞ്ഞു. അത് അംഗീകരിച്ചാല്‍ പണ്ടോരയുടെ പെട്ടകം തുറന്നതു പോലെ നിരവധി പ്രശ്നങ്ങള്‍ക്കു തുടക്കമാകും. 1987 ഡിസംബര്‍ 15ന് കീഴ്ക്കോടതികളിലുള്ള മുഴുവന്‍ കേസുകളുംപിന്‍വലിച്ച് ഹൈക്കോടതിക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ത്വരിതഗതിയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായിരുന്നു ഇത്. പ്രശ്നപരിഹാര നീക്കത്തിന്റെ ഭാഗമായി ബദല്‍ പദ്ധതി  തയാറാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി  മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. 1988 ആഗസ്റ്റ് 12ന് അയോധ്യയിലേക്ക് മാര്‍ച്ചും ഒക്ടോബര്‍ 14ന് ലോങ് മാര്‍ച്ചും നടത്തുമെന്ന് മസ്ജിദ് ഗ്രൂപ്പ്. തടയുമെന്ന് ഹരിദ്വാറിലെ സന്യാസിമാര്‍.
സ്ഥിതി വിലയിരുത്താനും പരിഹാരം കണ്ടെത്താനും സംഘര്‍ഷം ലഘൂകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി യു.പി മുഖ്യമന്ത്രി, കേന്ദ്ര^സംസ്ഥാന ഭരണ പ്രതിനിധികള്‍, സയ്യിദ് ശഹാബുദ്ദീന്‍, ഇബ്രാഹീം സുലൈമാന്‍ സേട്ട് എന്നിവരുടെ യോഗം ജൂലൈ 13ന് വിളിച്ചു. കേണല്‍ ബി.എസ്. സൈദി, കല്യാണ്‍സിങ്, ഖുര്‍ശിദ് ആലം ഖാന്‍ എന്നിവരും പങ്കെടുത്തു. അയോധ്യാ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്ന് ഇരുപക്ഷത്തെ നേതാക്കളും വ്യക്തമാക്കിയത് കമീഷന്‍ കുറിക്കുന്നു. എന്നാല്‍, 'നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതിനാല്‍ കോടതിയിലൂടെ പ്രശ്നപരിഹാരം നടപ്പില്ലെന്ന' നിലപാട് സ്വീകരിച്ചത് സംഘ്പരിവാര്‍ മാത്രമാണെന്നത് ലിബര്‍ഹാന്‍ മറന്നു.
1988 ജൂലൈ 13ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് മറ്റൊരു ചരിത്രരേഖയാണ്: 'ചര്‍ച്ചകളിലൂടെ സ്വീകാര്യമായ ഒരു പരിഹാരത്തിനുവേണ്ടി എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളും ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിക്കണമെന്ന് അപേക്ഷിക്കുന്നു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പ് സാധ്യമാകാതെ വരുകയാണെങ്കില്‍ ഹൈക്കോടതി മുഖേന നിയമനടപടികള്‍ ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അതുകൊണ്ട് ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളോടും പ്രക്ഷോഭ സമീപനം ഉപേക്ഷിക്കാനും സ്വീകാര്യമായ പരിഹാരത്തിന് സര്‍ക്കാറുമായി സഹകരിക്കാനും വിനയപൂര്‍വം അപേക്ഷിക്കുന്നു.' പ്രസ്താവനക്കൊപ്പം മുസ്ലിം അംഗങ്ങള്‍ ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ചതായും കമീഷന്‍ റിപ്പോര്‍ട്ട്. മറുപക്ഷം ഏറ്റുമുട്ടല്‍ ഉപേക്ഷിക്കാന്‍ തയാറായിരുന്നു എന്നായിരിക്കുമോ ധ്വനി?
1988 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ വരെ ആഭ്യന്തരമന്ത്രി ശഹാബുദ്ദീന്‍, ഖുര്‍ശിദ് ആലം ഖാന്‍, സുലൈമാന്‍ സേട്ട്, കല്യാണ്‍ സിങ്, രാമജന്മഭൂമി മുക്തി യജ്ഞ സമിതി നേതാക്കള്‍ എന്നിവരുമായി കേന്ദ്രം ചര്‍ച്ച നടത്തി. എന്നാല്‍, ഒക്ടോബര്‍ 13ന് രാമജന്മഭൂമി മുക്തി യജ്ഞ സമിതി 'അയോധ്യാപ്രശ്നത്തില്‍ അനുരഞ്ജനത്തിന്റെ ചോദ്യംതന്നെ ഉദ്ഭവിക്കുന്നില്ല' എന്നു പ്രഖ്യാപിച്ചതോടെ പരിഹാരനീക്കം വീണ്ടും വഴിമുട്ടി. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതായി കല്യാണ്‍സിങ് അംഗീകരിച്ചു. അജ്മീറിലും മുസഫര്‍നഗറിലും കലാപ സാഹചര്യം രൂപപ്പെട്ടു. ഒക്ടോബര്‍ 14ന് മുസ്ലിംകള്‍ പ്രഖ്യാപിച്ച ലോങ് മാര്‍ച്ചും അതിനെതിരെ പരമഹംസ് രാമചന്ദര്‍ ദാസ് പ്രഖ്യാപിച്ച ബന്ദും സ്ഥിതി സങ്കീര്‍ണമാക്കി. ഒക്ടോബര്‍ 12ന് ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിത ലോങ് മാര്‍ച്ച് പിന്‍വലിക്കാന്‍ ബാബരി കമ്മിറ്റി തീരുമാനിച്ചു. മറുപക്ഷം അപ്പോഴും വിട്ടില്ല. അവര്‍ 14ന് യു.പിയില്‍ ബന്ദാചരണം നടത്തി.
രാജ്യത്തിന്റെയും ജനതയുടെയും ഭാവിയോര്‍ത്ത് നിരവധി വിട്ടുവീഴ്ചകള്‍ ഇരകള്‍ ചെയ്തതിന്റെ മറ്റൊരു തെളിവാണ് ലോങ് മാര്‍ച്ചില്‍ നിന്നുള്ള പിന്മാറ്റം. എന്നിട്ടും ഇരകളുടെ നിസ്സഹായത മുതലെടുത്ത് കോടതി വിധി പോലും ലംഘിച്ച് അധികാര പങ്കാളിത്തത്തോടെ ശിലാന്യാസം നടന്നു.

കോണ്‍ഗ്രസിന്റെ കൊടുംവഞ്ചന



ഒരു രാഷ്ട്രത്തെയും ജനതയെയും വര്‍ഗീയവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഭരണകൂടം വഞ്ചിച്ചതിന്റെ ക്രൂരതെളിവായിരുന്നു ബാബരിമസ്ജിദ് സമുച്ചയത്തിലെ ശിലാന്യാസം. മസ്ജിദ് തകര്‍ക്കുന്നതിന് സംഘ്പരിവാറിന് ആവേശം പകര്‍ന്നതും ഇതായിരുന്നു.  മുമ്പ് ഭരണകൂടം പകച്ചു നില്‍ക്കുകയായിരുന്നെങ്കില്‍ ഇവിടെ തന്ത്രം മാറ്റി, മറയില്ലാതെ ഹിന്ദു വര്‍ഗീയതയെ പുണരാനുള്ള വെമ്പലാണ് കണ്ടത്. പുറമെ സമാധാനത്തിന്റെ ഇടനിലക്കാരനെന്നു വരുത്തുക. തക്കം കിട്ടുമ്പോള്‍ എതിര്‍പക്ഷത്തിന്റെ ദേശീയതയില്‍ പൊതിഞ്ഞ  ശുദ്ധവര്‍ഗീയതയോട് രാജിയാകുക^ഇതായിരുന്നു കോണ്‍ഗ്രസിന്റെ കളി.

ഒന്നും പേടിക്കാനില്ലെന്ന ഭരണകൂട ഭാഷ്യത്തില്‍ വിശ്വസിച്ച ന്യൂനപക്ഷം വഞ്ചിക്കപ്പെടുകയായിരുന്നു. അരങ്ങേറാനിരിക്കുന്ന കൊടുംപാതകത്തിനു മുമ്പുള്ള ടെസ്റ്റ്ഡോസ്. അതിന്റെ നാള്‍വഴികളും വ്യാപ്തിയും കുറിക്കുമ്പോള്‍ ഒരിക്കല്‍പോലും റാവുവിനെതിരെ എന്നപോലെ രാജീവ്ഗാന്ധിക്കെതിരെയും ലിബര്‍ഹാന്റെ പേന ചലിക്കുന്നില്ല. പക്ഷേ, വരികള്‍ക്കിടയില്‍ ഒഴിച്ചിടുന്ന കമീഷന്റെ നീണ്ട മൌനവും നിര്‍വികാരത നിഴലിടുന്ന പദാവലികളും വായിച്ചെടുത്താലറിയാം ലിബര്‍ഹാന്‍ നേരിടുന്ന ധര്‍മസങ്കടത്തിന്റെ വ്യാപ്തി.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസം നടത്തുമെന്ന് ഫെബ്രുവരി ഒന്നിന് സന്യാസിമാരുടെ പ്രഖ്യാപനം വന്നു. പ്രയാഗ് രാജിലെ നേതൃസമ്മേളനത്തില്‍ ശിലാന്യാസതീയതിയും കുറിച്ചു^1989 നവംബര്‍ 9. കാലുഷ്യത്തിന് അതോടെ കനം വെക്കുകയായി.

1989 ജനുവരി 25ന് സയ്യിദ് ശഹാബുദ്ദീന്‍ കേന്ദ്രസര്‍ക്കാറിന് ഒരു കത്ത് നല്‍കി. 1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റാക്കി ആരാധനാലയങ്ങള്‍ നിശ്ചിതരൂപത്തില്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുക, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വിട്ടയക്കുക, സമുദായത്തിനെതിരെയുള്ള സ്ഫോടനാത്മകവും അപകീര്‍ത്തികരവുമായ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുക, അത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശ ങ്ങളായിരുന്നു അതില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി ബാബരികമ്മിറ്റി നേതാവായിരുന്ന സയ്യിദ് ശഹാബുദ്ദീനുമായി ചര്‍ച്ച നടത്തി. എന്നാല്‍ ചെയ്യാവുന്ന ലളിതമായ കാര്യങ്ങള്‍പോലും കേന്ദ്രം നടപ്പാക്കിയില്ല.

1989 മാര്‍ച്ച് 29. കേന്ദ്ര ആഭ്യന്തരമന്ത്രി മുതിര്‍ന്ന നേതാക്കളുടെയും പ്രതിപക്ഷപാര്‍ട്ടികളുടെയും യോഗം വിളിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി പി.വി. നരസിംഹ റാവു, കെ.സി പന്ത്, എച്ച്.കെ.എല്‍. ഭഗത്, ആഭ്യന്തര സഹമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. ബി.ജെ.പിയുടെ ഒരാളും യോഗത്തിനു വന്നില്ല. യോഗത്തില്‍ റാവു പറഞ്ഞു: 'ഇതൊരു ദേശീയപ്രശ്നമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉത്കണ്ഠ സൃഷ്ടിക്കുന്ന ഒന്ന്. രാഷ്ട്രീയമാനങ്ങളും ഇതിനുണ്ട്. നിയമപരമായി പ്രശ്നപരിഹാരം നടക്കാത്ത നിലക്ക് സംഘര്‍ഷസാഹചര്യം ഇല്ലായ്മചെയ്യാന്‍ വഴികണ്ടെത്തണം'. പൊതുവായ പരിഹാരമൊന്നും ആ യോഗത്തിലും ഉരുത്തിരിഞ്ഞില്ലെന്ന് കമീഷന്‍.

1989 ജൂണ്‍ മാസം ബി.ജെ.പി ചരിത്രപരമായ ആ തീരുമാനം കൈക്കൊണ്ടു. അയോധ്യാ മൂവ്മെന്റിനെ പിന്തുണക്കുക മാത്രമല്ല, അതുമായി ബന്ധപ്പെട്ട് വല്ല നടപടികളും ഉണ്ടാവുകയാണെങ്കില്‍ അതില്‍ പങ്കാളിത്തം വഹിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ വെറും പ്രസ്താവനകളിലൊതുങ്ങി. നിയമവാഴ്ചയിലൂടെ പരിഹൃതമാകുന്ന ഒന്നല്ല വിവാദത്തിന്റെ പ്രകൃതമെന്ന കാഴ്ചപ്പാടായിരുന്നു ബി.ജെ.പിയില്‍ പൊതുവെയുണ്ടായതെന്ന് കമീഷന്‍ നിരീക്ഷിക്കുന്നു. ബാബര്‍ അയോധ്യയില്‍ അധിനിവേശം നടത്തി ക്ഷേത്രം തകര്‍ത്താണോ പള്ളി പണിതത്? ഈ ചോദ്യം ഉയര്‍ന്നപ്പോള്‍ ചരിത്രത്തിലെ ധ്വംസനങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്നായിരുന്നു ബി.ജെ.പി നിലപാട്. ബി.ജെ.പിയുടെ  പ്രസ്താവന അവസാനിപ്പിക്കുന്നത് ഇങ്ങനെ: '1936 മുതല്‍ തര്‍ക്ക കെട്ടിടം മുസ്ലിംകള്‍  ഉപയോഗിച്ചിട്ടില്ല. ഹിന്ദുക്കളാണ് അവിടെ പൂജ നടത്തി വരുന്നത്'...

ഈ ഘട്ടത്തില്‍ മുസ്ലിംലീഗ് ലോബി പുതിയ തീവ്രനിലപാടും ആക്രമണോത്സുകതയും കൈവരിച്ചതായും ശാബാനുകേസില്‍ നിയമനിര്‍മാണഭേദഗതി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാനുള്ള ദൃഢാഭിലാഷമില്ലായ്മ തെളിയിച്ചതായും കമീഷന്‍. കേന്ദ്രത്തിലെ രാജീവ്ഗാന്ധി സര്‍ക്കാറിനെ ഒരു നിലക്കും നോവിക്കാന്‍ ശ്രമിക്കാത്ത ലിബര്‍ഹാനെയാണ് ഈ ഘട്ടത്തില്‍ കമീഷന്റിപ്പോര്‍ട്ടില്‍ കാണുന്നത്. ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കിയോ നിയമ നിര്‍മാണത്തിലൂടെയോ തര്‍ക്കകെട്ടിടം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്രത്തിലെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ശാശ്വതപരിഹാരം ഉണ്ടാകില്ലെന്നുകണ്ട് നിയമനിര്‍മാണം തള്ളിയതായി കമീഷന്‍ പറയുന്നു.

ഭരണകൂടമൌനം മുതലെടുത്ത് ബി.ജെ.പി വീണ്ടും ഇറങ്ങിക്കളിച്ചു. 1989ജൂണില്‍ പാലംപൂര്‍ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ബി.ജെ.പി സുപ്രധാനമായ പ്രമേയം പാസാക്കി. 'രാമജന്മഭൂമി പ്രശ്നത്തില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരത്തെ വഞ്ചിക്കുകയായിരുന്നുവെന്നും കോടതി നിയമത്തിനൊന്നും തീര്‍പ്പു കല്‍പിക്കാന്‍ കഴിയാത്ത പ്രകൃതമാണ് അയോധ്യയിലെ കേസിനുള്ളതെന്നും പ്രമേയത്തില്‍ പറഞ്ഞു.

'.... ശാബാനു കേസിലെ സര്‍ക്കാര്‍ നീക്കത്തിലൂടെ വീര്യം ലഭിച്ച മുസ്ലിം ലീഗ് ലോബി ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി സ്ഥാപിച്ചും പ്രകോപനനടപടികള്‍ പുറത്തെടുത്തും രംഗത്തുവരികയാണ്. ബാബരി കമ്മിറ്റിയുടെ പ്രധാന നേതാക്കളൊക്കെയും കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ്. ചില ശിയാ നേതാക്കള്‍ പള്ളി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നു പറഞ്ഞിട്ടുണ്ട്. സര്‍ക്കാറും ഈ നടപടി സ്വീകരിക്കണം. ജനങ്ങളുടെ വികാരം മാനിക്കണം. ഏതു നിലക്കായും സ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറണം.' 'കുരങ്ങന്‍ പ്രേരണാവിധി' ബി.ജെ.പിപ്രമേയവും എടുത്തു പറയുന്നു.

ആര്‍.എസ്.എസും ധര്‍മസന്‍സദും നല്‍കിയ തുറന്ന പിന്തുണയില്‍ വി.എച്ച്.പി ശിലാപൂജ പദ്ധതി പ്രഖ്യാപിച്ചു. ആര്‍.എസ്.എസ് സ്വയംസേവകരിലൂടെയാണ് ഇത് നടപ്പാക്കിയത്. 1989 നവംബര്‍ ഒമ്പതിന് ശിലാന്യാസത്തിനു വേണ്ടിയുള്ള പൂജിച്ച ശിലകള്‍ കൊണ്ടുവരുന്നത് വലിയ പരിപാടിയാക്കി. 22 സംസ്ഥാനങ്ങള്‍ പതിനൊന്ന് സോണുകളായി തിരിച്ചു. ഗ്രാമങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുദിവസം വരെ നീണ്ട ശിലാപൂജ. ശിലകള്‍ നിശ്ചിതകേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നു. അവിടെ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ട മഹായജ്ഞം.ഒടുവില്‍ നവംബര്‍ ഒമ്പതിന് ശിലകള്‍ അയോധ്യയിലേക്ക്.

രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച അലഹബാദ് ഹൈക്കോടതി 1989ജൂലൈ പത്തിന് എല്ലാ കേസുകളും ഫുള്‍ ബെഞ്ചിനു വിട്ടു. കോടതി ഇടപെടല്‍ തേടി വി.എച്ച്.പി വൈസ് പ്രസിഡന്റ് ദേവകി നന്ദന്‍ അഗര്‍വാള്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. 'ബാബരി മസ്ജിദ് പൊളിച്ചേക്കുമെന്ന വിവക്ഷിക്കുമാറുള്ള ഒരു തെളിവും ഉണ്ടായിട്ടില്ല. ബാബരിപള്ളി പൊളിക്കുന്നതിന് സര്‍ക്കാര്‍ വി.എച്ച്.പിക്ക് അനുമതി നല്‍കുകയോ അതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയോ അതിന് പ്രോല്‍സാഹനം നല്‍കുകയോ ചെയ്തിട്ടുമില്ല' എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

1989 ആഗസ്റ്റ് 14. അയോധ്യയില്‍ നവംബര്‍ ഒമ്പതിന് നടക്കുന്ന ശിലാന്യാസത്തിനും ക്ഷേത്രനിര്‍മാണത്തിന് ശിലകള്‍ എത്തിക്കുന്നതിനും അനുമതി നല്‍കാന്‍ അലഹബാദ് ഹൈക്കോടതി തയാറായില്ല. തര്‍ക്കസ്ഥലത്തിന്റെ സ്റ്റാറ്റസ്കോ നിലനിര്‍ത്തണം. തര്‍ക്കകെട്ടിടത്തിന്റെ പ്രകൃതത്തില്‍ മാറ്റമരുതെന്നും സാമുദായിക സൌഹാര്‍ദം നിലനിര്‍ത്തണമെന്നും നിര്‍ദേശിച്ചു. നവംബര്‍ ഒമ്പതിന് അലഹബാദ് ഹൈക്കോടതി വിശദീകരണ ഉത്തരവും പുറത്തിറക്കി^പ്രഖ്യാപിത ശിലാന്യാസം നടത്തുന്ന സ്ഥലവും സ്റ്റാറ്റസ്കോയുടെ പരിധിയില്‍ വരുമെന്ന്.

ശിലാന്യാസസ്ഥലം തര്‍ക്കപ്രദേശത്ത് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീര്‍പ്പിലെത്തുന്നത് സര്‍ക്കാറിനു വിടുകയും ചെയ്തു. ഇതേസമയം തന്നെയാണ് ഇംഗ്ലണ്ടില്‍ വിരാട് ഹിന്ദുസമ്മേളനം നടക്കുന്നത്. 'ഹിന്ദുക്കളുടെ ഉയിര്‍ത്തെഴുന്നേല്‍പ്' കാണാന്‍ മതനേതൃത്വം ഒന്നടങ്കം അങ്ങോട്ട് യാത്ര പുറപ്പെട്ടു. സെപ്റ്റംബര്‍ 22ന് ദല്‍ഹി ബോട്ട്ക്ലബില്‍ പൊതുയോഗം. ശിലാന്യാസത്തിന്റെയും ക്ഷേത്രനിര്‍മാണ പദ്ധതിയുടെയും വഴിയില്‍ തടസ്സം നിന്നാല്‍ തിരിച്ചടിക്കുമെന്ന താക്കീത്. അവര്‍ ഉപയോഗിച്ച ഭാഷ അത്യന്തം പ്രകോപനപരമായിരുന്നുവെന്ന് കമീഷന്‍. മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വെച്ചായിരുന്നു. തീര്‍ത്തും വര്‍ഗീയമയം.അന്തരീക്ഷം ഏറെ സങ്കീര്‍ണം. അപ്പോഴും കേന്ദ്രം ഒന്നുറപ്പിച്ചതായി കമീഷന്‍^ശിലാന്യാസ സമയത്ത് സൈന്യത്തെ ഉപയോഗിക്കേണ്ടതില്ലെന്ന്.

സെപ്റ്റംബര്‍ 27.യു.പി മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, വി.എച്ച്.പി എന്നിവരുടെ യോഗം. സ്റ്റാറ്റസ്കോ നിലനിര്‍ത്താനുള്ള കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാറിനും വി.എച്ച്.പിക്കും ഇടയില്‍ ധാരണ. സെപ്റ്റംബര്‍ 27ന് വി.എച്ച്.പിയുടെ അശോക്സിംഗാളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി ബൂട്ടാസിങും ഒപ്പുവെച്ച രേഖാമൂലമുള്ള കരാര്‍ തയാറായി. ശിലാ ജാഥകളെക്കുറിച്ച് ജില്ലാ അധികൃതര്‍ക്ക് മുന്‍കൂര്‍ വിവരം നല്‍കുമെന്നും അവര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് റൂട്ടില്‍ മാറ്റം വരുത്താമെന്നും മാത്രമല്ല, സാമുദായിക സൌഹാര്‍ദം തകര്‍ക്കുമാറുള്ള പ്രകോപനമുദ്രാവാക്യങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പു പറഞ്ഞു. ജാഥക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഉത്തരവാദിത്തം വി.എച്ച്.പി നേതൃത്വം ഏറ്റെടുക്കും. അയോധ്യയിലെ നിശ്ചിതസ്ഥലത്താകും ഒടുവില്‍ രാമശിലകള്‍ ശേഖരിക്കുക. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോബെഞ്ച് നിര്‍ദേശം അംഗീകരിക്കുമെന്നും വി.എച്ച്.പി ഉറപ്പു നല്‍കി. വി.എച്ച്.പി ആയതു കൊണ്ട് നൂറുശതമാനം വിശ്വസിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷത്തെ വിശ്വസിപ്പിക്കുകയും ചെയ്തു. അണിയറയില്‍ മറ്റു ചില ഇടപാടുകള്‍ ഇതിനകം നടന്നുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറും സംഘ്പരിവാറും തമ്മില്‍ നടന്ന ആ ഇടപാടുകളും ധാരണയും കമീഷന്റെ പരിധിക്കു പുറത്താണല്ലോ.

നേരത്തേ നിശ്ചയിച്ചതു പോലെ സെപ്റ്റംബര്‍ 30ന് ഗ്രാമങ്ങളിലും നഗരങ്ങളിലും ശിലാപൂജാ ചടങ്ങുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 13ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ചു പറഞ്ഞു, ശിലാന്യാസത്തിന് അനുമതി നല്‍കരുതെന്നും അതുമായി സഹകരിക്കരുതെന്നും. പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ ബി.ജെ.പിയോടും ആവശ്യപ്പെട്ടു. അന്നേ ദിവസം സഭാനടപടികളില്‍ നിന്ന് ബി.ജെ.പി വിട്ടുനിന്നു.
ഒക്ടോബര്‍ 16ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപനം. തൊട്ടടുത്ത ദിവസം ശിലാന്യാസ പദ്ധതി മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി വി.എച്ച്.പി പ്രതിനിധി ആഭ്യന്തരമന്ത്രിയെ കണ്ടു. ശിലാന്യാസ പദ്ധതിക്കെതിരെ ഉത്തരവ് വേണമെന്നാവശ്യപ്പെട്ട് വി.എം താര്‍കുണ്ഡെ സുപ്രീംകോടതിയില്‍ റിട്ട് നല്‍കി. ഒക്ടോബര്‍ 27ന് നല്‍കിയ ഉത്തരവില്‍ ഇടപെടാന്‍ പക്ഷേ, കോടതി വിസമ്മതിച്ചു. പറഞ്ഞ കാരണമാണ് ഒട്ടും പിടികിട്ടാത്തത്. മതപരമായ ഘോഷയാത്രകള്‍ മൌലികാവകാശമാണ്. അതുകൊണ്ട് അയോധ്യയിലേക്കുള്ള രാമശിലായാത്രകള്‍ തടയാന്‍ കഴിയില്ല. വികസനം, ടൂറിസം എന്നിവക്കായി ബാബരിമസ്ജിദ് സമുച്ചയം സര്‍ക്കാര്‍ ഒരു വിജ്ഞാപനത്തിലൂടെ ഏറ്റെടുത്തത് ഈ ഘട്ടത്തിലാണ്. ഒളിയജണ്ടയുടെ മറ്റൊരു സര്‍ക്കാര്‍നടപടിയായ ഇതേക്കുറിച്ച് കമീഷന്‍ ഒന്നും പറയുന്നില്ല.
നവംബര്‍ അഞ്ചിന് വി.എച്ച്.പി ആഹ്വാനത്തെ തുടര്‍ന്ന് രാമക്ഷേത്ര നിര്‍മാണത്തിനുള്ള മൂന്നര ലക്ഷം ശിലകള്‍ അയോധ്യയിലെത്തിച്ചു. ആയിരക്കണക്കിന് സന്യാസിമാരും പുരോഹിതന്‍മാരും കൊടിയും രാമചിഹ്നങ്ങളും പേറി അയോധ്യയിലേക്ക്. 

ആര്‍. എസ്. എസ് സ്വാധീനം; വിഷം ചീറ്റുന്ന നേതാക്കള്‍

ശിലാന്യാസം നടത്തുന്ന സ്ഥലം തര്‍ക്കപ്രദേശത്തിനു പുറത്താണെന്ന് നവംബര്‍ ഏഴിന് യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര^സംസ്ഥാന^വര്‍ഗീയ കക്ഷിത്രയത്തിന്റെ ഒത്തുകളിയുടെ തന്ത്രപരമായ മറ്റൊരു നീക്കമായിരുന്നു അതും. ശിലാന്യാസം നടത്താന്‍ തീരുമാനിച്ച സ്ഥലം ബാബരി പള്ളിയുടെയോ സമുച്ചയത്തിന്റെയോ പരിധിയില്‍ വരുന്നില്ലെന്ന്. അപാരമായിരുന്നു രാജീവ് ഗാന്ധിയുടെയും അനുചരന്‍മാരുടെയും ബുദ്ധിയില്‍ വിരിഞ്ഞ ആ വിശദീകരണം. ചുറ്റുമതില്‍ ഉള്‍പ്പെടെ ബാബരി മസ്ജിദ് സമുച്ചയത്തിന്റെ സ്റ്റാറ്റസ്കോയില്‍ മാറ്റം വരുത്തരുതെന്ന ആഗസ്റ്റ് 14ന്റെ കോടതി ഉത്തരവ്  യു.പി സര്‍ക്കാറും വി.എച്ച്.പിയും അംഗീകരിച്ചു.  കബളിപ്പിക്കില്ലെന്നു കരുതി സയ്യിദ് ശഹാബുദ്ദീനും മറ്റു മുസ്ലിം നേതാക്കളും ഇതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പാവം നമ്മുടെ ശഹാബുദ്ദീന്‍മാര്‍.

ശിലാന്യാസ സ്ഥലം നിര്‍ണയിച്ചത് കാശിയിലെ പണ്ഡിതന്‍മാരും ആര്‍കിടെക്റ്റായ ചന്ദ്രികാ സോംപുരയുമാണെന്ന് അശോക് സിംഗാള്‍. നേരത്തേ തീരുമാനിച്ച സമകോണ ചതുര്‍ഭുജത്തില്‍ തന്നെ ശിലാന്യാസം നടന്നു. അശോക്സിംഗാളിന്റെയും ഭൈകുണ്ഡലാല്‍ ശര്‍മയുടെയും മറ്റും മേല്‍നോട്ടത്തിലായിരുന്നു നവംബര്‍ ഒമ്പതിന്റെ ശിലാന്യാസം. കാമേശ്വര്‍ ഛോപാല്‍ എന്ന ദലിതനെ കൊണ്ടായിരുന്നു ആദ്യശിലയിട്ടത്. ഹൈന്ദവ ഉണര്‍വിന്റെ കാലത്ത്  ദലിതന്‍ മറ്റൊരിടം തേടുന്നത് സവര്‍ണ മനസ്സുകള്‍ എങ്ങനെ സഹിക്കും? കിടക്കട്ടെ അവനും ഒരു ചരിത്രാവസരം!
നവംബര്‍ രണ്ടിനു തന്നെ ബജ്റംഗ്ദള്‍ സ്ഥലത്ത് കൊടിയുയര്‍ത്തി. ശിലാന്യാസം ക്ഷേത്രനിര്‍മാണത്തിനു തന്നെയാണെന്നും സിംഗാള്‍ പ്രസ്താവിച്ചു.

റിപ്പോര്‍ട്ട് നൂറിലേറെ പേജുകള്‍ പിന്നിടുമ്പോഴാണ് ലിബര്‍ഹാന് പെട്ടെന്ന് വെളിപാടുണ്ടാകുന്നത്. തെളിവുകളും സാക്ഷി മൊഴികളും കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ കമീഷന് ആകെ ഉന്‍മാദം^ അതു തന്നെയല്ലേ ഇത്? സത്യത്തില്‍ ഇവര്‍ എല്ലാം ഒന്നുതന്നെയല്ലേ? എന്നിട്ടും പിന്നെന്തിന് പല പല പേരുകള്‍? ഹിന്ദുത്വവര്‍ഗീയതയുടെ തന്ത്രപരമായ നീക്കങ്ങളുടെ അകക്കാമ്പ് കണ്ട് കമീഷന്‍ വീണ്ടും ഞെട്ടുന്നു. ആര്‍.എസ്.എസ് എന്ന മൂന്നക്ഷരം പേറുന്ന വര്‍ഗീയവ്യാപ്തിയുടെ ചേരുവകള്‍ കമീഷന്‍ കുറിച്ചിടുന്നുണ്ട്.

കമീഷനു മുമ്പാകെ ലഭിച്ച തെളിവുകളും രേഖകളും മുന്‍നിര്‍ത്തിയുള്ള വിശദമായ വിശകലനത്തില്‍ സംശയാതീതമായി തെളിയിക്കപ്പെടുന്നത് അയോധ്യാ മൂവ്മെന്റിന്റെ രചയിതാവും ശില്‍പിയും ആര്‍.എസ്.എസ് ആയിരുന്നു എന്നാണ്. സംഘ്പരിവാര്‍ സംഘടനകളായ വി.എച്ച്.പിയിലൂടെയും ബി.ജെ.പിയിലൂടെയും ആര്‍.എസ്.എസ് തീരുമാനം നടപ്പാക്കുകയായിരുന്നു. മാര്‍ഗദര്‍ശക് മണ്ഡല്‍, കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ തുടങ്ങിയവ കാര്യങ്ങള്‍ക്ക് വേഗം കൂട്ടാന്‍ രൂപപ്പെടുത്തിയ സംവിധാനങ്ങള്‍.  പല വിഭാഗങ്ങളായും ഭിന്ന സന്യാസിമാരുടെ അനുയായികളുമായും കഴിയുന്ന ജനങ്ങളെ സംഘ്പരിവാര്‍ സംഘടനകളുമായി കൂട്ടിയിണക്കാനുള്ള നീക്കം കൂടിയായിരുന്നു അത്.
ഇപ്പോള്‍ നേരറിയുന്നു നാം. ജാതീയ^വംശീയ ഹിന്ദുത്വത്തെ കൂടെനിര്‍ത്താന്‍ ആത്മീയ മുദ്രകളുടെ സാകല്യമായിരുന്നു ആര്‍.എസ്.എസ് ആവിഷ്കരിച്ചതും നടപ്പാക്കിയതും. അതിലവര്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. 

പ്രകോപന പ്രസംഗത്തിന്റെ പേരില്‍ ആചാര്യ ധര്‍മേന്ദ്ര ദേവിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. പച്ചക്കള്ളങ്ങളുടെ പുറത്ത് അയാള്‍ നടത്തിയ ആ പ്രസംഗത്തിന്റെ ശകലം   മാത്രം ലിബര്‍ഹാന്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെയും മാനവിക മൂല്യങ്ങളിലൂടെയും ചരിത്രത്തില്‍ സമാനതകളില്ലാത്ത വിപ്ലവം കൊണ്ടുവന്ന ഇസ്ലാം മതത്തെ ഇക്കൂട്ടര്‍ എങ്ങനെ നിന്ദിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്തുവെന്നതിന്റെ പ്രത്യക്ഷ തെളിവ് കൂടിയാണ് ആ രേഖപ്പെടുത്തിയ പ്രസംഗം.  'ഹിന്ദുക്കള്‍ പറയുന്നൂ, മുഴുവന്‍ ലോകവും നിലനില്‍ക്കട്ടെ. എന്നാല്‍, മുസ്ലിംകളും അവരുടെ പ്രവാചകന്‍ മുഹമ്മദും പറയുന്നു, നമ്മില്‍ വിശ്വസിക്കുന്നവര്‍ മാത്രം നിലനിന്നാല്‍ മതിയെന്ന്. അതില്‍ വിശ്വസിക്കാത്ത മുഴുവന്‍ പേരും  കാഫിര്‍. അവര്‍ ഈ ലോകത്ത് ജീവിക്കാനേ പാടില്ല. കള്ളനും കവര്‍ച്ചക്കാരനും കൊലപാതകിക്കു പോലും പ്രവാചകന്‍ സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കും. എന്നാല്‍,  കൃഷ്ണ ഭഗവാന്‍ പറയുന്നത്  കൊലപാതകികളും മറ്റും ദുരാചാരികള്‍ ആണെന്നാണ്. അവര്‍ ജീവിക്കാന്‍ പാടില്ലെന്ന്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും മുസ്ലിംകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ആരെയും സമാധാനപരമായി കിടന്നുറങ്ങാന്‍ അവര്‍ സമ്മതിക്കില്ല. മുസ്ലിംകള്‍ കാരണം ലോകത്തെ ഉന്നതരായ പലര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. ബാബര്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയായിരുന്നു..'

എന്നിട്ടും എന്തുകൊണ്ട് ബാബറിന്റെ പൌത്രന് മാന്‍സിങ്ങിന്റെ സഹോദരിയെ വിവാഹം ചെയ്തു കൊടുക്കാന്‍ ദയ കാണിച്ചുവെന്ന ചോദ്യം ലിബര്‍ഹാന്‍ ഉന്നയിക്കുന്നുണ്ട്. വെറുപ്പിന്റെയും പ്രകോപനത്തിന്റെയും ആയിരം പ്രസംഗങ്ങള്‍ നടത്തിയ ഇക്കൂട്ടരില്‍ ഒരാള്‍ പോലും എന്തുകൊണ്ട് ശിക്ഷിക്കപ്പെട്ടില്ല എന്ന പ്രസക്തമായ മറ്റൊരു ചോദ്യവും ഉന്നയിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ല. മറ്റു പലരെയും പോലെ ലിബര്‍ഹാനും അക്കാര്യം ശൂന്യതയിലേക്ക് തള്ളിയകറ്റുന്നു.

ഇന്ത്യയില്‍ ഒരു സമുദായം ദേശസ്നേഹികളല്ലെന്ന വാദം സംഘ്പരിവാറിലെ ശിവസേന, ഹിന്ദുമഹാസഭ നേതാക്കളില്‍പെട്ട ചിലര്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നു. വെറുപ്പിന്റെയും പരിഹാസത്തിന്റെയും പ്രതിരൂപങ്ങളും ഉപകരണങ്ങളുമായി അവരിലൂടെ മുസ്ലിംകള്‍ ചിത്രീകരിക്കപ്പെട്ടതായി കമീഷന്‍ പരിതപിക്കുന്നു. തുടര്‍ന്ന് ലിബര്‍ഹാന്‍ പറയുന്നത് നോക്കുക:  1992 ആകുമ്പോഴേക്കും രാഷ്ട്രീയത്തിന്റെ അതിപ്രസരം വല്ലാതെ പ്രാമുഖ്യം നേടി. പ്രശ്നത്തില്‍ മതവും രാഷ്ട്രീയവും ചേര്‍ന്നുണ്ടായ സങ്കലനം  ജനങ്ങള്‍ക്കിടയിലെ വിവിധ വിഭാഗങ്ങളുടെ വികാരങ്ങള്‍ക്കും അഭിപ്രായഗതികള്‍ക്കും മൂര്‍ച്ച കൂട്ടി. രാഷ്ടീയ നിലപാടുകള്‍ക്ക് കാര്‍ക്കശ്യം വന്നു. അതിന്റെ ജനിതക വേരുകളുടെ പ്രതിരൂപമായി രാഷ്ട്രീയ വര്‍ണം നിഴല്‍ വീഴ്ത്തി. വ്യക്തമായും തെരഞ്ഞെടുപ്പു മണ്ഡലങ്ങള്‍ പിടിച്ചടക്കാനുള്ള കളിയാണ് പിന്നെ നടന്നത്. പ്രധാന സാക്ഷികളും കമീഷനു മുമ്പാകെ ഇതു ശരിവെച്ചു^പ്രകടമായ ഹിന്ദു താല്‍പര്യത്തിനു വേണ്ടിയുള്ള  ഭാവി തെരഞ്ഞെടുപ്പു നേട്ടത്തിനുള്ള വിദ്യുത് പ്രവാഹമായിരുന്നു നടന്നതെന്ന്. അയോധ്യാ മൂവ്മെന്റ് നേതാക്കള്‍ ഹിന്ദുക്കളെ ഉണര്‍ത്തിയതും അഭ്യര്‍ഥിച്ചതും ഒന്നു മാത്രം^ത്യാഗം ചെയ്യൂ, മതത്തിന്റെ മുഖം നിലനിര്‍ത്തൂ.

സന്യാസിമാരുടെയും പൂജാരിമാരുടെയും തന്ത്രപരമായ ബന്ധത്തിലൂടെ കാര്യങ്ങള്‍ എളുപ്പവുമായി.
മതനേതൃത്വം പ്രഖ്യാപിച്ചത് തങ്ങള്‍ നടപ്പാക്കുക മാത്രമായിരുന്നു^ഇതാണ് വി.എച്ച്.പി കമീഷനു മുമ്പാകെ വ്യക്തമാക്കിയത്. ആര്‍.എസ്.എസിന്റെ നേരിട്ടുള്ള സ്വാധീനത്തില്‍ തന്നെയാണ് വി.എച്ച്.പി എന്നു തെളിഞ്ഞതായി ലിബര്‍ഹാന്‍ പറയുന്നുണ്ട്. എല്ലാ ചര്‍ച്ചകളിലും വി.എച്ച്.പി, ആര്‍.എസ്.എസ്, ബി.ജെ.പി എന്നിവ പങ്കുകൊണ്ടു.
മുസ്ലിംകള്‍,  കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ^എന്നിവരുമായി നടന്ന ഒരു ചര്‍ച്ചയിലും  യഥാര്‍ഥ ഹിന്ദുമതത്തെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും സന്യാസിമാരോ പൂജാരിമാരോ  ഭാഗഭാക്കായിരുന്നില്ലെന്നും കമീഷന്റെ സാക്ഷ്യം.

1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അയോധ്യ തന്നെയായിരുന്നു പ്രധാന വിഷയം. ബി.ജെ.പിയും ആര്‍.എസ്.എസും ഇറങ്ങി കളിച്ചു. മോശമായില്ല. 86 സീറ്റുകള്‍ ബി.ജെ.പിക്ക്. ജനതാദളിന് 143ഉം. ബി.ജെ.പിയുടെയും ഇടതു പാര്‍ട്ടികളുടെയും പിന്തുണയോടെ കേന്ദ്രത്തില്‍ വി.പി സിങ് അധികാരത്തില്‍.

1990 മുതല്‍ കര്‍സേവക്കുള്ള ആഹ്വാനം മുഴങ്ങി ക്കൊണ്ടിരുന്നു. മതാചാര്യന്‍മാരോ സന്യാസിമാരോ ആണ് ഇതിനൊക്കെ ആഹ്വാനം നല്‍കുന്നതെന്നായിരുന്നു പൊതുജനങ്ങളില്‍ സൃഷ്ടിച്ച പൊതുധാരണ. എന്നാല്‍, എല്ലാ കര്‍സേവ ആഹ്വാനങ്ങളും നടത്തിയത് വി.എച്ച്.പി തന്നെയായിരുന്നുവെന്ന് കമീഷന്‍.

അയോധ്യാ മൂവ്മെന്റിനോട് കൂറ് പുലര്‍ത്തിയ ഫൈസാബാദ് പൊലീസ് അഡീഷനല്‍ സീനിയര്‍ സൂപ്രണ്ട് പീയൂസ് ശ്രീവാസ്തവ ഇത് കുറേക്കൂടി വ്യക്തമാക്കുന്നു^സംഘ് പരിവാര്‍ സംഘടനകള്‍ തന്നെയാണ് എല്ലാ കര്‍സേവ ആഹ്വാനങ്ങളും നടത്തിയത്. അവര്‍ തന്നെയാണ് കര്‍സേവകര്‍ക്കുള്ള ഭക്ഷണവും താമസ സൌകര്യവുമെല്ലാം ഒരുക്കിയത്. ധര്‍മസന്‍സദും മാര്‍ഗദര്‍ശക് മണ്ഡലുമൊന്നും ചിത്രത്തില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. മതാധ്യക്ഷന്‍മാര്‍ ക്ഷേത്രനിര്‍മാണത്തിന് തങ്ങളുടെ അനുയായികളെ വിളിച്ചു വരുത്തിയതായും തെളിവില്ല. ഒറ്റപ്പെട്ട ചില അപവാദങ്ങള്‍ മാത്രം. പ്രാദേശിക നിര്‍മോഹി അകാഡയുടെ പരമഹംസ് രാമചന്ദര്‍ ദാസും  മഹന്ത്, ആചാര്യ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ചില അപ്രശസ്തരോ അല്ലാതെ ആരും രംഗത്തുണ്ടായിരുന്നില്ലെന്ന് തെളിവുകള്‍ ഉയര്‍ത്തി കമീഷന്‍ കണ്ടെത്തുന്നു.

അയോധ്യ മൂവ്മെന്റ് വേദികള്‍ രൂപവത്കരിച്ചത് ആര്‍.എസ്.എസും വി.എച്ച്,പിയും തന്നെ. ഈ സംഘടനകളുടെ ഓഫിസ് തന്നെയാണ് അതിനും ഉപയോഗിച്ചത്.  അവര്‍ക്കു വേണ്ടി തീയതിയും സമയവും വേദിയും തീരുമാനിച്ചത് വി.എച്ച്.പി. കുരുമുളകും ഉപ്പും പോലെ^ കമീഷന്റെ വിശേഷണം.
ശങ്കരാചാര്യന്‍മാരെ പോലെ രാഷ്ട്രീയ വീക്ഷണമുള്ള സന്യാസിമാരില്‍ ചിലര്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനം രൂപപ്പെടുത്താന്‍ തങ്ങളുടെ സേവനം വിട്ടുനല്‍കാമെന്ന് സര്‍ക്കാറിനോട് പറഞ്ഞിരുന്നു. എന്നാല്‍, അതും സംഘ്പരിവാര്‍ ശക്തികള്‍ അട്ടിമറിച്ചു.
എല്‍.കെ അദ്വാനിയുടെയും വാജ്പേയിയുടെയും ആര്‍.എസ്.എസ്^വി.എച്ച്.പി നേതാക്കളുടെയും പ്രേരണയും നിര്‍ദേശവും പ്രകാരം പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ഒരു യോഗം വിളിച്ചു. സംഘ്പരിവാര്‍ നിര്‍ദേശിച്ച പ്രതിനിധികളുടേതു മാത്രമായിരുന്നു യോഗം. പ്രധാനമന്ത്രിയെ കാണുംമുമ്പ് സന്യാസിമാര്‍ക്ക് ആര്‍.എസ്.എസ് ആസ്ഥാനത്തു നിന്ന് അശോക് സിംഗാള്‍, കെ.എസ് സുദര്‍ശന്‍, എച്ച്.വി. ശേഷാദ്രി എന്നിവര്‍ ആവശ്യമായ വിവരണം നല്‍കിയിരുന്നതായി കമീഷന്‍ കണ്ടെത്തി. എല്ലാ യോഗങ്ങള്‍ക്കു ശേഷവും ഈ സന്യാസിമാര്‍  നേരെ മടങ്ങിച്ചെന്നതും ആര്‍.എസ്.എസ് ആസ്ഥാനത്തേക്കു തന്നെ.

അവര്‍ നല്‍കിയ വിവരങ്ങള്‍ മുന്‍നിറുത്തി തുടര്‍ നടപടികള്‍ ആവിഷ്കരിച്ചത് ആര്‍.എസ്.എസും വി.എച്ച്.പിയും. രാംജന്‍മഭൂമി മുക്തി ആന്ദോളന്‍ എന്ന സംഘടനക്ക്  വി.എച്ച്.പി തുടക്കംകുറിച്ചതും ഇത്തരമൊരു ചര്‍ച്ചക്കു ശേഷം.  
1989 നവംബര്‍ പതിനൊന്നിന് ജില്ലാ മജിസ്ട്രേറ്റ് ഇലക്ഷന്‍ മുന്‍നിര്‍ത്തി പ്രത്യേക ഉത്തരവിലൂടെ കര്‍സേവ നിറുത്തുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍. മൂവ്മെന്റിന്റെ മുന്‍നിരയിലുള്ളവരും പ്രാദേശിക നേതാക്കളും നിരവധി വൈകാരിക പ്രസംഗങ്ങള്‍ നടത്തി വന്നു. മുസ്ലിംകളെ നേരിട്ടു പരാമര്‍ശിക്കാതെ അദ്വാനി പല പ്രസ്താവനകളും നടത്തിയെന്നും കമീഷന്‍.
അദ്വാനി പലപ്പോഴും നിറംമാറിയതായി കമീഷന്‍ സൂചിപ്പിക്കുന്നുണ്ട്. അദ്വാനി തുടക്കത്തില്‍ രഥയാത്ര നിര്‍ത്തണമെന്നു പറഞ്ഞു. പിന്നീട് ഭാഷക്ക് അപേക്ഷയുടെ സ്വരം. അതും കഴിഞ്ഞപ്പോള്‍ വെല്ലുവിളിയുടെ സ്വരം കൈവന്നു.  എന്തുതന്നെയായാലും രഥയാത്ര തടയാനാകില്ലെന്നും അയോധ്യയില്‍ തന്നെയാകും യാത്ര സമാപിക്കുകയെന്നും അദ്വാനി പറഞ്ഞതോടെ ഒരാള്‍ക്ക്  ഇങ്ങനെയും മാറാന്‍ കഴിയുമോ എന്ന് കമീഷന് അദ്ഭുതം. അദ്വാനിയുടെ വക ഇത്രയും കൂടി: 'രാജ്യമൊന്നടങ്കം ഈ രാമരഥത്തിന് പിന്നിലുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇവിടെ ഒരു ചോദ്യം ഉയരുന്നു^സര്‍ക്കാറിന് മുഴുവന്‍ ദേശത്തെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമോ?

വികാരം കത്തിക്കുന്ന പ്രസംഗങ്ങള്‍ പ്രമോദ് മഹാജനും നടത്തി. ഇന്‍ഡോറില്‍ നടന്ന പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെ: 'ഈ രാമരഥം രാവണ ദര്‍ബാറായ അംഗദിലെ പാദമാണ്. അതു മാറ്റാന്‍ ആരെക്കൊണ്ടും സാധിക്കില്ല. സോമനാഥില്‍ നിന്ന് വീശുന്ന കൊടുങ്കാറ്റാണിത്. അതിനെ ഇപ്പോള്‍ തടയാനാകില്ല. രാമന്റെ വില്ലില്‍ നിന്ന് തൊടുത്ത അമ്പാണിത്. ലക്ഷ്യം നേടാതെ അത് തിരിച്ചു വരില്ല.'
എ.ബി വാജ്പേയി ദല്‍ഹിയില്‍ പറഞ്ഞു 'അദ്വാനിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ അബദ്ധം കാണിച്ചിരിക്കുകയാണ്്. അറസ്റ്റ് ഒഴിവാക്കി  പ്രതികൂല സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കണമായിരുന്നു.'
ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി ഏതു ബലിക്കും തയാറാകാന്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന പ്രസ്താവന അശോക് സിംഗാളും ശ്രീ ചന്ദര്‍ ദീക്ഷിതും തുടര്‍ന്നു. രഥയാത്ര തുടങ്ങിയപ്പോള്‍ തന്നെ മുലയാം സിങ് പറഞ്ഞു: ഒരു നിലക്കും ബാബരി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കരുത്. പ്രശ്നം രമ്യമായി തീര്‍ക്കണം.
വി.എച്ച്.പി പ്രയാഗില്‍ 1990 ജനുവരി 27ന് സംഘടിപ്പിച്ച സന്യാസി സമ്മേളനം ഫെബ്രുവരി 14 മുതല്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കാന്‍ നിശ്ചയിച്ചു. പിന്നീട് പക്ഷേ, തീയതി മാറ്റിവെച്ചു.
ദേശീയ രാഷ്ട്രീയം  ദ്രുതം മാറുകയായിരുന്നു.

ഭീതി വിതച്ച രഥയാത്ര

ബാബരി മസ്ജിദ് സമുച്ചയത്തില്‍ തന്നെ ശിലാന്യാസം നടത്താന്‍ സാധിച്ചത് ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയത നേടിയ വന്‍ രാഷ്ട്രീയ വിജയം കൂടിയായിരുന്നു. തങ്ങളുടെ ആസൂത്രണത്തിനും ഭ്രാന്തമായ പ്രയാണത്തിനും മുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന സന്ദേശം  ഹിന്ദുത്വ ശക്തികള്‍ക്ക്  ലഭിച്ചു. രാഷ്ട്രീയമായി സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നതു മാത്രമായിരുന്നില്ല അതിന്റെ പൊരുള്‍. നിയമവാഴ്ചയുടെ അടിസ്ഥാനമായ സുരക്ഷാ സൈനികര്‍  നോക്കുകുത്തികള്‍ മാത്രമാണെന്ന സന്ദേശവും അത് നല്‍കി. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ^സൈനിക ദൌര്‍ബല്യം വെളിപ്പെട്ടതോടെ ആക്രമണോല്‍സുക അജണ്ടയുടെ പുതിയ തീവ്രമുറകള്‍ പുറത്തെടുക്കാനായി തീരുമാനം. കോടതികളെ നേരത്തേ എഴുതിത്തള്ളിയതിനാല്‍ അവയുടെ ഇടപെടലുകള്‍ ഒരു പ്രശ്നമായി പോലും നേതാക്കള്‍ പരിഗണിച്ചില്ല.  ആരും തങ്ങളെ തടയില്ലെന്ന കാര്‍ക്കശ്യം ഹിന്ദുത്വവാദികള്‍ക്കിടയില്‍ ശക്തിപ്രാപിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ കണ്ടതൊക്കെയും അതിന്റെ പ്രത്യക്ഷ വിളയാട്ടത്തിന്റെ ഉദാഹരണങ്ങള്‍.

ശിലാന്യാസം നടന്ന് മൂന്നു മാസം പിന്നിട്ടില്ല, അപ്പോഴേക്കും കണ്ടു ക്ഷേത്ര നിര്‍മാണ നീക്കങ്ങളുടെ അദ്ഭുതകരമായ മുന്നേറ്റം.  സ്ഥലം സര്‍വേ ചെയ്യാന്‍ ആളെ നിയമിക്കല്‍, പള്ളിയുടെ ചിത്രം സൂക്ഷ്മമായി പകര്‍ത്തല്‍^ഇതിലൊതുങ്ങി ആ സമയത്തെ അധികൃത നടപടികള്‍. സുപ്രധാന വിഷയമായി അയോധ്യാ കേസിനെ കാണാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയുമായിരുന്നു.
1990 ഫെബ്രുവരി ആറിന് വി.പി. സിങ് അയോധ്യാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. പ്രശ്ന പരിഹാരത്തിന് നാലു മാസത്തെ സാവകാശം തേടി.
മറുപക്ഷമാകട്ടെ, രാഷ്ട്രീയമായി 'ഉണര്‍ന്ന' ഹിന്ദു ജനതയെ ഏകീകരിക്കാനുള്ള തിടുക്കത്തിലായിന്നു. ഇതിന്റെ ഭാഗമായി ദല്‍ഹി ബോട്ട് ക്ലബിലും മറ്റും വി.എച്ച്.പി സന്യാസിമാരുടെ സമ്മേളനങ്ങള്‍ നടന്നു. തുടര്‍ന്നുവന്നു ബി.ജെ.പിക്കു വേണ്ടി ക്ഷേത്രനിര്‍മാണം ലക്ഷ്യം വെച്ച്  അദ്വാനിയുടെ രഥയാത്ര. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് കനംവെച്ചു. 'ജോ ഹിന്ദു ഹിത് കി ബാത് കരേഗാ, വഹി ഹിന്ദുസ്താന്‍ പര്‍ രാജ് കരേഗാ.' (ആരാണോ ഹിന്ദുക്കള്‍ക്കു വേണ്ടി ശബ്ദിക്കുന്നവര്‍, അവര്‍ രാജ്യം ഭരിക്കട്ടെ).

ആവേശം മൂലം സാധാരണ ഹൈന്ദവരും ആ മുദ്രാവാക്യം ഏറ്റുവിളിച്ചു.  'ഹിന്ദു', 'ഹിന്ദുമതം'എന്നിവ തമ്മിലെ വ്യത്യാസം ഉള്‍ക്കൊള്ളാന്‍ പോലും അവര്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് കമീഷന്‍. 'മുസ്ലിംകളെ എതിര്‍പക്ഷത്തു നിര്‍ത്തി ഹിന്ദുമതത്തിന്റെ രക്ഷ ഉറപ്പു വരുത്താനുള്ള വലിയ ഏതോ ദൌത്യം എന്ന നിലക്കാണ് സാധാരണക്കാരായ പലരും ക്ഷേത്രനിര്‍മാണ നീക്കത്തെ നോക്കിക്കണ്ടത്. ഹിന്ദു വോട്ട് ബാങ്ക് മാത്രമായിരുന്നു ലക്ഷ്യം. ഹിന്ദുമത ഭാഗമായ ജാതി സംവിധാനത്തെ മറികടന്നുകൊണ്ടുള്ള ഒരു സ്ഥിരം വോട്ട് ബാങ്ക്^ഈ സങ്കല്‍പ വികാരത്തിന് പ്രായോഗികത പകരുകയായിരുന്നു സംഘ്പരിവാര്‍.  ജാതിരാഹിത്യം ഉദ്ഘോഷിക്കുന്ന, മതങ്ങളോട് സമഭാവന കൈക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനാ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഉപകരണമായിരുന്നു സംഘ്പരിവാറിന് മൊത്തം അയോധ്യാ വിഷയം'^ ലിബര്‍ഹാന്റെ ഈ നിരീക്ഷണം തീര്‍ത്തും ശരിയാണെന്ന് സംഘ്പരിവാര്‍ അജണ്ടയുടെ പ്രയോഗവത്കരണം നിസ്സംശയം തെളിയിക്കുന്നു.

'നേതാക്കള്‍ക്ക് വാക്കുകള്‍ ഉരുവിട്ടാല്‍ മതി. അതു സൃഷ്ടിക്കുന്ന പ്രത്യാഘാതം എത്ര വലുതാണെന്ന് പലപ്പോഴും അവരറിയുന്നില്ല. ബോട്ട് ക്ലബില്‍ നടന്ന  റാലിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുകൂല വികാരം ഉണര്‍ത്താന്‍ ബോധപൂര്‍വ നീക്കം കണ്ടു. റാലിയിലെ പ്രധാന പ്രസംഗകരൊക്കെയും ബി.ജെ.പി നേതാക്കളായിരുന്നു. ഓരോ നീക്കങ്ങളിലൂടെയും ബി.ജെ.പി സംഘടനാപരമായി ശക്തി സംഭരിച്ചുകൊണ്ടിരുന്നു.'
ഈ ഘട്ടത്തില്‍ അനുരഞ്ജന നീക്കങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മധു ദന്തവദെ, ജോര്‍ജ് ഫെര്‍ണാണ്ടസ്, മുക്താര്‍ അനീസ് എന്നിവരുള്‍പ്പെട്ട കമ്മിറ്റിയുണ്ടാക്കി. കാര്യമായൊന്നും അവര്‍ക്ക് ചെയ്യാനായില്ല.

കര്‍സേവകരെ സംഘടിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമായി. ക്ഷേത്ര നിര്‍മാണത്തിന് കര്‍സേവകരെ കണ്ടെത്താന്‍ 'രാം കര്‍സേവ സമിതി'കള്‍ക്ക് രൂപം നല്‍കി. 1990 ജൂണ്‍ 7ന് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ രമ്യപരിഹാരം ഉണ്ടാക്കാന്‍ നീക്കം നടന്നെങ്കിലും വിജയിച്ചില്ല. ഒക്ടോബര്‍ 30ന് ഗര്‍ഭഗൃഹത്തില്‍ തന്നെ കര്‍സേവ നടത്താനുള്ള ആഹ്വാനം വന്നു. വി.എച്ച്.പി തീരുമാനത്തെ പിന്തുണക്കുമെന്ന് ഉടന്‍ അദ്വാനി പറഞ്ഞു.  നീക്കം തടഞ്ഞാല്‍ സ്വാതന്ത്യ്ര പോരാട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാകും തിരികൊളുത്തുകയെന്ന ഭീഷണിയും അദ്ദേഹം മുഴക്കി.
കര്‍സേവകരെ അണിനിരത്താന്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രാ പ്രഖ്യാപനമുണ്ടായപ്പോള്‍  ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ എല്ലാ പിന്തുണയുമായി രംഗത്തു വന്നു. ആസൂത്രണത്തിന്റെ മറ്റൊരങ്കം.
അനുരഞ്ജന നീക്കങ്ങള്‍ പരാജയപ്പെട്ടതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. മതനേതാക്കളുടെ യോഗവും അലസിപ്പിരിഞ്ഞു. രാജ്യത്തുടനീളം കാവി പതാകകള്‍ ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത സിംഗാള്‍  101 കര്‍സേവകരടങ്ങിയ അയ്യായിരം ബ്രിഗേഡുകള്‍ അയോധ്യയിലെത്തുമെന്ന് പ്രഖ്യാപിച്ചു. അയോധ്യയില്‍ നിര്‍മാണ ജോലികള്‍ നിറുത്തി വെക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചു.

കോടതി വിധി മാത്രമാണ് ഇനി പരിഹാരമെന്ന് പ്രധാനമന്ത്രി വി.പി. സിങ് പറഞ്ഞു. എന്നാല്‍, ജനഹിതമാണ് പ്രധാനമെന്നും മതപരമായ വൈകാരിക പ്രശ്നത്തില്‍ കോടതിക്ക് ഒരു ചുക്കും ചെയ്യാനാവില്ലെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിന് സാധൂകരണം നല്‍കാനെന്നോണം നേരത്തേ ഫയല്‍ ചെയ്ത സിവില്‍ ഹര്‍ജി പരമഹംസ് രാമചന്ദര്‍ ദാസ് പിന്‍വലിച്ചു.

1990 സെപ്റ്റംബര്‍ 25ന് സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് അദ്വാനിയുടെ രഥം യാത്ര പുറപ്പെട്ടു. ദീന്‍ ദയാല്‍ ജയന്തി ദിനമായിരുന്നു അത്. ഒക്ടോബര്‍ 30ന് രഥയാത്ര അയോധ്യയിലെത്തുമെന്ന വിളംബരം വന്നു. അന്ന് രാമക്ഷേത്ര നിര്‍മാണത്തിന്റെ കര്‍സേവാ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. തടസ്സം നിന്നാല്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന തുറന്ന ഭീഷണിയും ഉയര്‍ത്തി.

അദ്വാനിയും പ്രമോദ് മഹാജനും സോമനാഥില്‍ നിന്ന് ശിവപൂജയോടെയാണ് യാത്രയാരംഭിച്ചത്. ലങ്കയിലേക്കുള്ള രാമന്റെ യാത്ര^ഇതായിരുന്നു നല്‍കിയ വിശേഷണം. പ്രധാന സംഘ്പരിവാര്‍ നേതാക്കളൊക്കെയും സന്നിഹിതരായിരുന്നു. ആയുധ ധാരികളായ കര്‍സേവകരും കൂട്ടത്തില്‍ നിലയുറപ്പിച്ചു. യാത്രയിലുടനീളം അക്രമാസക്തരായ പ്രാദേശിക നേതാക്കള്‍ മതഭ്രാന്ത് നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തിയതിന് എമ്പാടും തെളിവുണ്ടെന്ന് കമീഷന്‍ പറയുന്നുണ്ട്. ആര്‍.എസ്.എസിന്റെ മുരളി ബാപ്പു, ബാലസാഹെബ് ദേവ്റസ് എന്നിവര്‍ യാത്രയെ ആശീര്‍വദിച്ചു. രഥയാത്ര തടഞ്ഞാല്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അദ്വാനി പരസ്യ ഭീഷണിയും മുഴക്കി.

മുസ്ലിംകളില്‍ ഭീതി നിറഞ്ഞു. ആത്യന്തിക ലക്ഷ്യം എന്തായിരിക്കുമെന്ന് മറ്റുപലരെയും പോലെ അവരും തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ബാബരി പള്ളി തകര്‍ക്കപ്പെടുന്ന സാഹചര്യം എന്തു വില കൊടുത്തും തടയണമെന്ന് അവര്‍ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. കര്‍സേവ തടഞ്ഞാല്‍ രാജ്യം കത്തുമെന്നും ഒരു ശക്തിക്കും പിന്നെ അതു തടയാനാകില്ലെന്നും ബാല്‍താക്കറെ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരുടെ താക്കീത് ഉടനുണ്ടായി. ഇതിനിടയിലും മതേതര ഇന്ത്യ അതിന്റെ പ്രത്യാശകള്‍ തകര്‍ത്തെറിഞ്ഞില്ല. രാഷ്ട്രീയാധികാരം എന്നത് വെറും കാഴ്ചപ്പണ്ടമല്ലെന്ന് ബിഹാറും ഉത്തര്‍പ്രദേശും കാണിച്ചുകൊടുത്തു. ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും വിധിയെ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് അടിയറ വെക്കുന്നത് തലമുറകളോട് തന്നെ ചെയ്യുന്ന അപരാധമാകുമെന്ന കാര്യം മുലായംസിങും ലാലുപ്രസാദ് യാദവും വി.പി.സിങും ഉള്‍ക്കൊണ്ടു. എന്നാല്‍, അതിന്റെ പേരില്‍ അധികാരം വിടേണ്ടി വന്ന വി.പി. സിങിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല  അക്കാര്യം പരാമര്‍ശിക്കാതിരിക്കാനും കമീഷന്‍ ശ്രദ്ധിച്ചതു പോലെയുണ്ട്.

1990 ഒക്ടോബര്‍ 22നാണ് അദ്വാനിയെയും പ്രമോദ് മഹാജനെയും ബിഹാറില്‍ അറസ്റ്റ് ചെയ്തത്. അതോടെ വര്‍ഗീയ രഥയാത്ര നിലച്ചു. ബിഹാര്‍ മുഖ്യമന്ത്രി ലാലുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. അയോധ്യയില്‍ കര്‍സേവക്കു പുറപ്പെട്ട വാജ്പേയിയും മറ്റു ചിലരും അറസ്റ്റിലായി. അയോധ്യാ പ്രയാണത്തില്‍ സംഘ് അജണ്ടക്കേറ്റ കനത്ത ആഘാതമായിരുന്നു അറസ്റ്റ് നടപടി. സ്വാഭാവികമായും അവര്‍ ക്ഷോഭിച്ചു: 'രാമക്ഷേത്ര നിര്‍മാണത്തെ മുസ്ലിംകളല്ല എതിര്‍ക്കുന്നത്. തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിന് മതത്തെ ഉപയോഗിക്കുന്നതില്‍ വിദഗ്ധരായ ചിലരാണ്'.
അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കര്‍സേവകര്‍ അയോധ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞു. ഇതിനായി മനുഷ്യസാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു. ശിലാന്യാസം നടന്ന സ്ഥലം സീല്‍ ചെയ്തു. സി.ആര്‍.പി.എഫിനെ വിന്യസിച്ചു. മുലായം സിങ് പറഞ്ഞു: 'യഹാം പരിന്താ ബി പര്‍ നഹി മാര്‍ സക്താ' (ഇവിടെ പരുന്തു പോലും പറക്കില്ല)
പല നേതാക്കളും അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥരും കര്‍സേവയില്‍ അണിനിരക്കുമെന്നായിരുന്നു സിംഗാള്‍ വീരസ്യം പറഞ്ഞത്. ലക്ഷക്കണക്കിന് കര്‍സേവകള്‍ ഒക്ടോബര്‍ 30ന് അയോധ്യയില്‍ എത്തിച്ചേരുമെന്ന് ആര്‍.എസ്.എസ് നേരത്തേ വ്യക്തമാക്കിയതാണ്. സമീപ ഗ്രാമങ്ങളില്‍ തമ്പടിച്ച ആയിരത്തോളം കര്‍സേവകര്‍ അയോധ്യയില്‍ എത്തി.  യു.പിയില്‍ നിന്നു മാത്രം  രണ്ട് ലക്ഷം കര്‍സേവകരെ വാളും വടിയും തൃശൂലവും നല്‍കി ഒരുക്കിനിറുത്തിയെന്നായിരുന്നു ബജ്റംഗ്ദള്‍ അവകാശവാദം.
സ്ഥിതി നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ വെടിവെക്കാന്‍ മടിക്കേണ്ടതില്ലെന്ന് മുലായം നിര്‍ദേശിച്ചിരുന്നു. അങ്ങനെ കര്‍സേവകര്‍ക്കു നേരെ അയോധ്യയില്‍ വെടിവെപ്പ് നടന്നു. നിരവധി പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ അതോടെ നിറുത്തിവെച്ചു.
അയോധ്യയില്‍ മാത്രം 28,000 പി.എ.സിയെ നിരത്തിയിരുന്നു.

പ്രാദേശിക പൊലീസിലും പി.എ.സിയിലും 90 ശതമാനവും കര്‍സേവയെ അനുകൂലിക്കുന്നവരായിരുന്നു. പൊലീസ് തന്നെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചതാണ്. എതിര്‍ത്ത സി.ആര്‍.പി.എഫ്, ബി.എസ്.എഫ് ഭടന്‍മാര്‍ വെടിയുതിര്‍ത്തു. അവരില്‍ നിന്ന് തോക്ക് തട്ടിയെടുക്കാനും ശ്രമം നടന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ പിസ്റ്റളെടുത്ത് നിറയൊഴിച്ചു. രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ അത് അപര്യാപ്തമായിരുന്നു. സി.ആര്‍.പി.എഫ് പോലും വെടിവെക്കാന്‍ വിസമ്മതിക്കുന്ന കാഴ്ചയും കണ്ടു.
സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി 1990 ഒക്ടോബര്‍ 20ന് പിന്‍വലിച്ചു. ഏതാണ്ട് ഇതേ സമയത്താണ് വി.പി. സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിക്കുന്നത്. സംഘ്പരിവാര്‍ നേതാക്കളുടെ നെഞ്ചത്തേറ്റ മറ്റൊരു രാഷ്ട്രീയ തൊഴിയായിരുന്നു അത്.
പരിഹാരം വഴിമുട്ടിയതോടെ 1992 ഡിസംബര്‍ ആറിന് കര്‍സേവ ആരംഭിക്കുമെന്ന് ധര്‍മ സന്‍സദ് പ്രഖ്യാപിച്ചു. അതിനു മുമ്പെ കോടതി വിധി ഉണ്ടാക്കാന്‍ ചില നീക്കങ്ങള്‍ നടന്നു. പള്ളി പൊളിക്കാന്‍ 1990 ഡിസംബര്‍ എട്ടിന് സുരേഷ് കുമാര്‍ എന്ന ഒരാള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തി.
പിന്നീട് ചന്ദ്രശേഖര്‍ സര്‍ക്കാറിനു കീഴിലും ചര്‍ച്ച നടന്നെങ്കിലും പുരോഗതിയുണ്ടായില്ല. മുലായം സിങ് സര്‍ക്കാറിന്റെ വെടിയേറ്റു മരിച്ച കര്‍സേവകരുടെ സ്മരണ ഉണര്‍ത്താന്‍ ഒക്ടോബര്‍ 20ന് വി.എച്ച്.പി 'ശൌര്യദിവസ്' ആചരിച്ചു.

1991 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അയോധ്യ വീണ്ടും കത്തി. ഏപ്രില്‍ ആദ്യവാരം ദല്‍ഹി ബോട്ട് ക്ലബില്‍ നടന്ന വിശ്വഹിന്ദുസമ്മേളനത്തില്‍ എല്ലാ സംഘ്പരിവാര്‍ സംഘടനകളും ഒന്നിച്ചുചേര്‍ന്ന് ബി.ജെ.പിയെ രാഷ്ട്രീയമായി പിന്തുണക്കാനുള്ള  തീരുമാനം കൈക്കൊണ്ടു. തീര്‍ത്തും ഒരു ഇലക്ഷന്‍ റാലിയായിരുന്നു അതെന്ന് കമീഷന്‍ പറയുന്നു.
രാമരാജ്യമെന്ന ആശയം ബി.ജെ.പി അവതരിപ്പിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യപിന്തുണയും നല്‍കി. പ്രചാരണം മോശമായില്ല. കോണ്‍ഗ്രസിന് 249ഉം ബി.ജെ.പിക്ക് 119ഉം സീറ്റുകള്‍. കേന്ദ്രത്തില്‍ നരസിംഹറാവുവിന്റെ ന്യൂനപക്ഷ മന്ത്രിസഭ അധികാരത്തിലെത്തി.
1991 ജൂണ്‍ 20 ബാബരി ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമാണ്. കല്യാണ്‍സിങ് യു.പി മുഖ്യമന്ത്രിയായ ദിവസം. അധികാരത്തിന്റെ തണലില്‍ ബാബരി പള്ളി തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തിയവരില്‍ മുഖ്യനാണ് കല്യാണ്‍. 

സന്ദര്‍ശകര്‍ക്കുള്ള സൌകര്യം മെച്ചപ്പെടുത്തലും ടൂറിസ വികസനവും ചൂണ്ടിക്കാട്ടി 2.77 ഏക്കര്‍ സ്ഥലം യു.പി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. 2.04 ഏക്കറിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് വി.എച്ച്.പി വാദിച്ചു. പള്ളി അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. സ്ഥലം ഏറ്റെടുക്കലിനെ സുപ്രീം കോടതിയും ശരിവെച്ചു. എന്നാല്‍, ഈ ഭൂമിയില്‍ സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു വിലക്കി.
ഈ ഘട്ടത്തില്‍ പള്ളി സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനാണെന്ന് ഹൈക്കോടതിയും മറ്റൊരു ഉത്തരവില്‍ വ്യക്തമാക്കി. കര്‍സേവകര്‍ നേരത്തേ വരുത്തിയ കേടുപാടുകള്‍ തീര്‍ക്കാന്‍ അനുമതിയും നല്‍കി. താല്‍ക്കാലിക നിര്‍മാണത്തിനുള്ള അനുമതിയും അതിലുള്‍പ്പെട്ടിരുന്നു.  2.77 ഏക്കര്‍ സ്ഥലം ഒരു രൂപക്ക് ദീര്‍ഘകാല പാട്ടത്തിന് രാമജന്‍മ ഭൂമി ന്യാസിന് കൈമാറുന്നതാണ് പിന്നെ കാണുന്നത്.  12 അടി താഴ്ചയില്‍ സര്‍ക്കാന്‍ പ്രദേശത്ത് ഖനനം ആരംഭിക്കുകയും ചെയ്തു. കോടതി വിധി മറികടന്ന് വിനയ് കത്യാറുടെ നിര്‍ദേശപ്രകാരം സങ്കട മോചന്‍ ക്ഷേത്രത്തിന്റെ മതിലും എടുത്തുമാറ്റി. ബാബരി പള്ളിയോട് ചേര്‍ന്നുള്ള ചുറ്റുമതിലും ക്ഷേത്ര ഭാഗങ്ങളും പൊളിച്ചുനീക്കിയത് രുദ്രയജ്ഞത്തിലൂടെയാണ്.
സ്ഥലം ഏറ്റെടുത്തു കൈമാറിയ നടപടിയെ സുപ്രീം കോടതി പക്ഷേ, അംഗീകരിച്ചില്ല. സുരക്ഷ ഭേദിച്ച് പള്ളിക്കു മുകളില്‍ പതാക പാറിക്കാനും ഈ ഘട്ടത്തില്‍ ശ്രമം നടന്നു. 1991 നവംബര്‍ രണ്ടിനു ചേര്‍ന്ന ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗത്തില്‍ കല്യാണ്‍ സിങ് ഉറപ്പു നല്‍കി: 'പള്ളി സംരക്ഷണം തീര്‍ത്തും ഞങ്ങളുടെ ചുമതലയാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ ജാഗ്രത പുലര്‍ത്തും. സ്ഥലത്ത് സുരക്ഷ അധികരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കും അവിടേക്ക് പോകാന്‍ കഴിയില്ല. മൂന്നുപേര്‍ പള്ളിക്കു മുകളില്‍ കയറിയതു പോലെ ഇനിയൊരിക്കലും സംഭവിക്കില്ല. കോടതിയുടെ നിര്‍ദേശം ഞങ്ങള്‍ അംഗീകരിക്കും. അത് മറികടക്കുന്ന പ്രശ്നം തന്നെയില്ല'^കോടതികള്‍ക്കും സര്‍ക്കാറിനും ജനങ്ങള്‍ക്കും ന്യൂനപക്ഷത്തിനും മുമ്പാകെ നല്‍കിയ കള്ള ഉറപ്പുകളില്‍ ഒന്നായിരുന്നു അത്.

സുരക്ഷാപാളിച്ചകള്‍; കല്യാണിന്റെ കുടില തന്ത്രങ്ങള്‍

1992 ജനുവരിയോടെ തന്നെ അയോധ്യയുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നതായി ലിബര്‍ഹാന്‍ കുറിക്കുന്നു. നിയന്ത്രണവും വേലിക്കെട്ടും പുനഃസ്ഥാപിക്കണമെന്ന് അര്‍ധ സൈനിക വിഭാഗവും ഇന്റലിജന്‍സ് ഏജന്‍സികളും ആവശ്യപ്പെട്ടതാണ്. പക്ഷേ, സംസ്ഥാന ഭരണകൂടം  അംഗീകരിച്ചില്ല. 
ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്രം നേരിയ തോതില്‍ ഇടപെടാന്‍ നോക്കിയതാണ്. ഉടന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ് എതിര്‍ത്തു. യു.പി സര്‍ക്കാറിന്റെ അനുമതി ചോദിക്കാതെ കേന്ദ്ര സേനയെ അയക്കുന്നത് ആഭ്യന്തര യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു കല്യാണിന്റെ മുന്നറിയിപ്പ്.

ആര്‍.എസ്.എസ് നിര്‍ദേശാനുസരണം  സന്യാസി സംഘം മുഖ്യമന്ത്രിയെകണ്ടു. അവര്‍ ചോദിക്കാതെ തന്നെ അയോധ്യയില്‍ 52 ഏക്കര്‍ ഭൂമി രാം ജന്‍മഭൂമിന്യാസിന് കൈമാറി. വെറും ഒരു രൂപ പാട്ടത്തിന്.
താല്‍ക്കാലിക സ്വഭാവത്തില്‍ മാത്രമായിരുന്നു ബാബരി മസ്ജിദിന്റെ സുരക്ഷാ നടപടികളെന്നും കമീഷന്‍ കണ്ടെത്തുന്നു.
രാം ജന്‍മഭൂമി ന്യാസുമായി ചേര്‍ന്ന് വിവിധ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതും മറ്റും ബാബരി പള്ളിയുടെ ഭദ്രതക്കു മാത്രമല്ല നിലനില്‍പിനും ദോഷം ചെയ്യുമെന്ന് ജനങ്ങള്‍ സംശയിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ എഴുതി. ബാബരി സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി എസ്.ബി. ചവാനും മുഖ്യമന്ത്രിയുമായി നിരവധി തവണ എഴുത്തുകുത്തുകള്‍ തുടര്‍ന്നു. വ്യാപകതോതിലുളള ഖനനവും നിരപ്പാക്കലും സംശയം ജനിപ്പിക്കുന്നതായി ആഭ്യന്തര സെക്രട്ടറി യു.പി ചീഫ് സെക്രട്ടറിക്കും കത്തെഴുതി. എന്നാല്‍ ഒരാപത്തും വരാന്‍ പോകുന്നില്ലെന്നായിരുന്നു മറുപടി. ചില നിര്‍ദേശങ്ങള്‍ സ്വീകരിച്ചെങ്കിലും അവ നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. മന്ത്രിസഭ പിരിച്ചുവിടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി നോക്കി. സംസ്ഥാന സര്‍ക്കാര്‍ നിലനില്‍ക്കുകയോ പോവുകയോ ചെയ്യട്ടെ, ക്ഷേത്രം എന്തു തന്നെയായാലും നിര്‍മിക്കും എന്നായിരുന്നു കല്യാണിന്റെ പ്രതികരണം.
അതിനിടെ, പ്രദേശത്തെ ഖാസബാര പള്ളി പൊളിച്ച വിവരം ദേശീയോദ്ഗ്രഥന സമിതി സംഘം അറിയിച്ചു.  സുരക്ഷാ സ്ഥിതി പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് കമീഷണര്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. എന്താണ് അയോധ്യയില്‍ സംഭവിക്കുന്നതെന്നാരാഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും മുഖ്യമന്ത്രിക്കും യു.പി. ചീഫ് സെക്രട്ടറിക്കും നിരന്തരം കത്തുകളയച്ചു. 'എല്ലാം ഭദ്രം' എന്നായിരുന്നു മറുപടി. മറുപടി കത്തുകളില്‍ എല്ലാറ്റിലും നിറയെ വൈരുധ്യം പ്രകടമായിരുന്നുവെന്ന് കമീഷന്‍.
1992 മേയില്‍ ഉജ്ജയിനില്‍ ചേര്‍ന്ന സന്യാസി സമ്മേളനം ബാബരി പള്ളി പൊളിക്കാനും രാമക്ഷേത്രം നിര്‍മിക്കാനും തീരുമാനിച്ചു. ക്ഷേത്ര നിര്‍മാണത്തിന് നൂറോളം സന്യാസിമാരുടെ സമിതിക്കും രൂപം നല്‍കി. കേന്ദ്രം പറഞ്ഞതിനു വിരുദ്ധമായി അയോധ്യയില്‍ പല മാറ്റങ്ങളും യു.പി. സര്‍ക്കാര്‍ വരുത്തി കൊണ്ടിരുന്നു.

ഹൈകോടതിയില്‍ ദൈനംദിന സ്വഭാവത്തില്‍ വിചാരണ ആരംഭിക്കാനും ഉടന്‍ വിധി ഉറപ്പാക്കാനും ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗത്തില്‍ ഇന്ദ്രജിത് ഗുപ്ത ആവശ്യപ്പെട്ടതാണ്. ബാബരി സംരക്ഷണം യു.പി സര്‍ക്കാറിന്റെ മാത്രം ബാധ്യതയാണെന്നായിരുന്നു അതിന് കേന്ദ്രമന്ത്രി എസ്.ബി ചവാന്റെ മറുപടി.
സ്വാമി സത്യാനന്ദ് പരസ്യമായി പറഞ്ഞു 'ബുള്‍ഡോസറില്ലാതെയും ഹൈകോടതി അനുമതിയില്ലാതെയും പള്ളി പൊളിച്ചിടണം. പ്രത്യാഘാതം പ്രശ്നമാക്കേണ്ട'' 1992 ജൂലെയില്‍ ആയിരക്കണക്കിന് കര്‍സേവകര്‍ അയോധ്യയിലെത്തി. ഛബൂത്ര നിര്‍മാണത്തിന് അവര്‍ തുടക്കം കുറിച്ചു. തങ്ങള്‍ക്ക് ഇതിലൊന്നും ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞൊഴിഞ്ഞു. സൈന്യത്തെ ഉപയോഗിക്കരുതെന്ന് അന്നും കല്യാണ്‍ കേന്ദ്രത്തോട് ആവര്‍ത്തിച്ചു. ജൂലൈ 15നാണ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടത്. അതു നടപ്പാക്കാന്‍ ഭരണ സംവിധാനം തയാറായതുമില്ല. കോടതി നിര്‍ദേശം നടപ്പാക്കിയാല്‍ ഒരുപാട് ജീവന്‍ നഷ്ടപ്പെടുമെന്നായിരുന്നു ന്യായം.
സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ ആരാഞ്ഞുകൊണ്ടിരുന്നു. സന്യാസിമാര്‍ സര്‍ക്കാറിന് മൂന്നു മാസത്തെ സാവകാശം നല്‍കുമെന്ന് വി.എച്ച്.പി നേതാക്കള്‍ പ്രസ്താവിച്ചു. അയോധ്യയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഭരണഘടനയിലെ 138(2) വകുപ്പു പ്രകാരം കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറി. ആഗസ്റ്റ് അഞ്ചിന് ബാബരി സമുച്ചയം പരിശോധിച്ച് വല്ല ലംഘനവും നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രാദേശിക കമീഷണറെ സുപ്രീം കോടതി നിയമിച്ചു.

സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 25 വരെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് 'ചരണപാദുക പൂജ' സംഘടിപ്പിക്കാന്‍ സംഘ്പരിവാര്‍ ആഹ്വാനം നല്‍കി. ക്ഷേത്രം പണിയാതെ അയോധ്യ വിടില്ലെന്ന് കര്‍സേവകരെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചു. പള്ളി പൊളിക്കാതെ ക്ഷേത്രം നിര്‍മിക്കാന്‍ കഴിയില്ലെന്ന് സെപ്റ്റംബറില്‍ തന്നെ അശോക് സിംഗാളും വി.എച്ച് ഡാല്‍മിയയും വ്യക്തമാക്കിയതാണെന്നും കമീഷന്‍ പറയുന്നുണ്ട്.

വി.എച്ച്.പിയുടെ പ്രഖ്യാപിത കര്‍സേവ ബാബരി മസ്ജിദ് സമുച്ചയം ഉള്‍പ്പെടുന്ന 2.77 ഏക്കറില്‍ തന്നെയായിരിക്കുമെന്ന് ഫൈസാബാദ് കമീഷണര്‍ മുന്‍കൂട്ടി അറിയിച്ചതാണ്. പുതിയ സാഹചര്യത്തില്‍ അതീവ സുരക്ഷ വേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. എന്നാല്‍ ഏറ്റെടുത്ത ഭൂമിയില്‍ കര്‍സേവ നടക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പു നല്‍കി.

അയോധ്യയില്‍ പൊലീസിനെയും അര്‍ധ സൈനികരെയും വിന്യസിച്ചു. സമുച്ചയത്തിന്റെ ഒഴിഞ്ഞ പ്രദേശത്തായിരുന്നു സി.ആര്‍.പി.എഫ് സൈനികര്‍. പൂജ നടത്താന്‍ വരുന്നവരെ ബാച്ചുകളായി വിടാനും അവര്‍ പുറത്തു വന്ന ശേഷം മാത്രം അടുത്ത ബാച്ചിനെ വിടാനും നടപടിയായി. ആളുകളെ പരിശോധിച്ച ശേഷം മാത്രമാണ് വിടുന്നതെന്ന് ഉറപ്പു വരുത്താനും നടപടിയുണ്ടായി.
പക്ഷേ, നിയന്ത്രണങ്ങള്‍ അപര്യാപ്തവും ഫലശൂന്യവുമായിരുന്നു. 20 പേരുടെ സ്ഥാനത്ത് രാമനവമി ദിവസം നിരവധി പേരെ വരെ കടത്തിവിട്ടു. പുറത്ത് നിലയുറപ്പിച്ച സി.ആര്‍.പി.എഫ് സൈനികര്‍ക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. വൈകാതെ മെറ്റല്‍ ഡിറ്റക്ടര്‍ തകരാറിലായി. അതു നന്നാക്കാന്‍ ആരും ഒന്നും ചെയ്തില്ല. കേന്ദ്ര നിര്‍ദേശങ്ങള്‍  പരിഗണിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ കൂട്ടാക്കിയില്ല.

മൂന്നു മാസ സമയപരിധി കഴിഞ്ഞതോടെ ഒക്ടോബര്‍ 29ന് ചര്‍ച്ചകളും അവസാനിച്ചു.  ഒക്ടോബര്‍ 30ന് ധര്‍മസന്‍സദ് യോഗം. ആചാര്യ ധര്‍മേന്ദ്ര ദേവ് കര്‍സേവയുടെ തീയതി കുറിച്ചു^ഡിസംബര്‍ ആറ്. സന്യാസിമാര്‍ അതംഗീകരിച്ചു.
ഡിസംബര്‍ ആറു മുതല്‍ അയോധ്യയില്‍ വിപുലമായ കര്‍സേവ തുടരുമെന്ന് ആര്‍.എസ്.എസ് നേതാവ് സുദര്‍ശന്‍ പ്രഖ്യാപിച്ചു. ഈ സമയത്താണ് അയോധ്യാ കേസില്‍ അലഹബാദ് ഹൈകോടതിയുടെ  വിധിപ്രഖ്യാപനം ഡിസംബര്‍ 12ലേക്ക് നീട്ടിയത്.
അതോടെ പരിഭ്രാന്തരായ ബാബരി കമ്മിറ്റിക്ക് മുമ്പാകെ നരസിംഹറാവു ഒരു കാര്യം പലതവണ ആര്‍ത്തിച്ചു^അയോധ്യയില്‍ ഒരു കര്‍സേവയും നടക്കില്ല.  
സൈന്യത്തെ നിയോഗിക്കാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കരുതെന്ന് ആര്‍.എസ്.എസ് നേതൃത്വം അതിനിടെ കല്യാണ്‍സിങിനോട് പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി അയോധ്യക്ക് പുറത്ത് കേന്ദ്രസേനയെ നിര്‍ത്തുന്നത് ഫെഡറലിസത്തിന്റെ ലംഘനമാണെന്ന് അദ്വാനി പരിതപിച്ചു.
നവംബര്‍ 23നായിരുന്നു സുപ്രധാന ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗം. വി.എച്ച്.പിയും ബി.ജെ.പിയും അതു ബഹിഷ്കരിച്ചു.  ഏതു സാഹചര്യവും നേരിടാന്‍ യോഗം പ്രധാനമന്തിയെ ചുമതലപ്പെടുത്തി.

പതിവില്‍നിന്ന് ഭിന്നമായി സുപ്രീം കോടതി പ്രശ്നത്തില്‍ കുറേക്കൂടി ഇടപെട്ടു. സ്ഥിരവും താല്‍ക്കാലികവുമായ ഒരു നിര്‍മാണവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനോടും വി.എച്ച്.പിയോടും ആവശ്യപ്പെട്ടു. നവംബര്‍ 25ലെ സുപ്രീം കോടതി ഉത്തരവിന്റെ ഉള്ളടക്കം ഇങ്ങനെ: സര്‍ക്കാറിന്റെ പ്രാപ്തി ശരിക്കും അളക്കുന്ന സാഹചര്യമാണിത്. ഭരണഘടനാ സംവിധാനങ്ങള്‍ക്കും സാമൂഹിക സന്തുലിതത്വത്തിനും തകര്‍ച്ച സംഭവിക്കാത്തവിധം പ്രശ്നം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കോടതി വിധി ലംഘിക്കാന്‍ അനുവദിക്കില്ല. റിസീവറെ നിയമിച്ചോ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയോ കോടതി ഉത്തരവ് ലംഘിക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കേണ്ടി വരും. ആ സാഹചര്യം യു.പി സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നാണ് കരുതുന്നത്...''
സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് യു.പി സര്‍ക്കാര്‍ നവംബര്‍ 28ന് പ്രഖ്യാപിച്ചു. സുപ്രീം കോടതിയില്‍ യു.പി നല്‍കിയ സത്യവാങ്മൂലം: ''ഏറ്റെടുത്ത സ്ഥലത്ത് നിര്‍മാണ വസ്തുക്കളോ ഉപകരണങ്ങളോ ഉണ്ടാകില്ലെന്നും നിര്‍മാണമോ മറ്റു പ്രവര്‍ത്തനങ്ങളോ അവിടെ നടക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.''
ഈ ഉറപ്പില്‍ സുപ്രീം കോടതിയും വീണു. പ്രതീകാത്മക കര്‍സേവ തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഡിസംബര്‍ ഒന്നിനായിരുന്നു അത്്.
രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രാദേശിക മാനേജര്‍ ചമ്പത് റായി നവംബര്‍ 24ന് പറഞ്ഞത് ആസൂത്രണത്തിന്റെ തെളിവിനങ്ങളില്‍ ഒന്നായി  ലിബര്‍ഹാന്‍ എടുത്തു ചേര്‍ക്കുന്നുണ്ട് ^'' ഗറില ശൈലി അപ്നായേഗാ കര്‍സേവാ മെ''(കര്‍സേവയില്‍ ഗറില്ലാ തന്ത്രം പുറത്തെടുക്കും) 
കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ഡിസംബര്‍ ഒന്നിന് മുമ്പേ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. സുരക്ഷക്ക് ഭീഷണിയായ ഒന്നും സംഭവിക്കില്ലെന്നായിരുന്നു ഫൈസാബാദ് കമീഷണറുടെ വിലയിരുത്തല്‍.
സൈന്യത്തെ ഉപയോഗിക്കേണ്ടെന്നു തീരുമാനിച്ചതോടെ അയോധ്യയിലെ മുഴുവന്‍ സുരക്ഷാ പദ്ധതിയും പാളി. എല്ലാ ആധികാരിക റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടും എന്തുകൊണ്ട് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇഛാശക്തിയുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടില്ല.'
കാല്‍നടയായി വന്ന കര്‍സേവകര്‍ വഴിയരികിലും അയോധ്യാ പരിസരങ്ങളിലുമുള്ള മുസ്ലിം ശ്മശാനങ്ങള്‍ കൈയേറുകയും ശവകുടീരങ്ങള്‍ തകര്‍ക്കുകയും ചെയ്തതിന്റെ നിരവധി തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ നേതാക്കളും ആര്‍.എസ്.എസില്‍ നിന്നാണ് നിര്‍ദേശം തേടിക്കൊണ്ടിരുന്നത്. മുസ്ലിം കുടീരങ്ങളും ശ്മശാനങ്ങളും തകര്‍ത്തത് ആര്‍.എസ്.എസിന്റെ പൂര്‍ണ അറിവോടെയുമായിരുന്നു.

ആ കറുത്ത ദിനം

1992 ഡിസംബര്‍ 6: ഇന്ത്യ കണ്ട കറുത്ത ദിനം. തലേന്ന് അയോധ്യയിലെ മുസ്ലിം കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടും നടപടി ഒന്നും ഉണ്ടായില്ല. അതോടെ ഉറപ്പായിരുന്നു എല്ലാം കര്‍സേവകരുടെ ഹിതപ്രകാരം തന്നെ നടക്കുമെന്ന്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏകോപനം ഒട്ടും ഇല്ലായിരുന്നുവെന്ന് ലിബര്‍ഹാന്‍ കമീഷന്‍ വിലയിരുത്തുന്നു. 2.77 ഏക്കര്‍ സ്ഥലത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ പ്രത്യേക ബാരിക്കേഡ് പോലും ഉണ്ടായിരുന്നില്ല. കര്‍സേവകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞു. അയോധ്യയിലെ പേടിപ്പിക്കുന്ന അരക്ഷിതാവസ്ഥ മുസ്ലിം നേതാക്കള്‍ പൊലീസ് മേധാവിയെ അറിയിച്ചതാണ്. ഒരു നടപടിയും ഉണ്ടായില്ല.

കര്‍സേവകരുടെ പദ്ധതി തന്നെ അറിയിച്ചില്ലെന്നും തലേന്നു നടന്ന പള്ളി പൊളിക്കല്‍ റിഹേഴ്സല്‍  അറിഞ്ഞില്ലെന്നുമാണ് അദ്വാനി പ്രതികരിച്ചത്. പള്ളി പൊളിക്കുന്നതിന്റെ പരിശീലനത്തിന്റെ നിരവധി ഫോട്ടോകള്‍ ലഭിച്ചതായി കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സുരക്ഷ ആകെ താളം തെറ്റുന്നതായി മുലായം സിങും കേന്ദ്ര മന്ത്രിമാരും അറിയിച്ചതിന് രേഖകളുണ്ട്്. കര്‍സേവകര്‍ അപ്പോഴും പ്രവഹിച്ചു കൊണ്ടിരുന്നു. അക്രമോല്‍സുകരായിരുന്നു പലരും. പലരും പറഞ്ഞെങ്കിലും അര്‍ധ സൈനിക വിഭാഗത്തെ നിയോഗിക്കില്ലെന്ന് ദൃഢനിശ്ചയത്തിലായിരുന്നു മുഖ്യമന്ത്രി കല്യാണ്‍സിങ്. അതു പ്രശ്നം സൃഷ്ടിക്കുമെന്നായിരുന്നു വാദം. പ്രതീകാത്മക കര്‍സേവ അല്ല നടക്കാന്‍ പോകുന്നതെന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ടായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അതു തന്നെ ഉറപ്പിച്ചു^ പള്ളിക്കു നേരെ ആക്രമണം നടക്കുമെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി.  അര്‍ധ സൈനിക വിഭാഗവും ആശങ്ക രേഖപ്പെടുത്തി. തലേന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അയോധ്യയില്‍ എത്തിയത്. ആള്‍ക്കൂട്ടം വൈകാരികാവേശത്തിലായിരുന്നു.  മുദ്രാവാക്യം  അത്യന്തം പ്രകോപനപരവും.

എന്താണ് ചെയ്യേണ്ടതെന്ന് പറയാമെന്ന് ഉമാഭാരതി കര്‍സേവകരെ ഉണര്‍ത്തി കൊണ്ടിരുന്നു. മാധ്യമപ്രവര്‍ത്തകരെ കബളിപ്പിക്കാനും ശ്രമം നടന്നു. രാമവിഗ്രഹം ഉള്ളിടത്തോളം പള്ളി തകര്‍ക്കില്ല എന്ന നേതാക്കളുടെ പ്രതികരണം ഇതിന്റെ തെളിവായിരുന്നു. സുരക്ഷക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരൊക്കെ ഉദാസീന ഭാവത്തിലുമായിരുന്നു. അതോടെ സംസ്ഥാന സര്‍ക്കാറും പൊലീസും എല്ലാം തങ്ങള്‍ക്കൊപ്പമെന്ന് കര്‍സേവകര്‍ക്ക് ഉറപ്പായി.
കര്‍സേവയുടെ മുഹൂര്‍ത്തം കുറിച്ചു. ഉച്ചക്ക് 12.15.

പൂജക്കു ശേഷം പ്രതീകാത്മക കര്‍സേവ നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ആയുധധാരികളായ നൂറുകണക്കിന് ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്തുവന്നു. കര്‍സേവകരില്‍ എം.എല്‍.എമാരും എം.പിമാരും ഉണ്ടാകരുതെന്ന് ബി.ജെ.പി നിര്‍ദേശിച്ചിരുന്നു. പിന്നീട് അതും പിന്‍വലിച്ചു. പള്ളി സംരക്ഷണം ആര്‍.എസ്.എസ്  പ്രതിനിധികളെ ഏല്‍പിച്ചതായി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. ഫൈസാബാദിനു സമീപം 195 കമ്പനി പാരാമിലിറ്ററി സൈന്യം വെറുതെ കാത്തിരുന്നു. പള്ളിക്കടുത്തേക്ക് വരും മുമ്പ് വിനയ് കത്യാറുടെ വസതിയില്‍ അദ്വാനിയും മറ്റും യോഗം ചേര്‍ന്നതാണ്. എന്താണ് ചര്‍ച്ച ചെയ്തതെന്ന് കമീഷന് വ്യക്തമായില്ല. പള്ളിക്കടുത്തേക്ക് നുഴഞ്ഞു കയറാന്‍ ചിലരുടെ ശ്രമം. പൊലീസ് ഒന്നും ചെയ്തില്ല. എല്ലാ സന്നാഹങ്ങളോടെയും ഒരുങ്ങി തന്നെയായിരുന്നു കര്‍സേവകരുടെ നില്‍പ്പ്.

12.15^ പള്ളി പൊളിക്കാനുള്ള ആദ്യനീക്കം. നൊടിയിടെ ഉള്ളില്‍ കടന്ന് രാമവിഗ്രഹവും കാണിക്ക പാത്രവും വിദഗ്ധമായി മാറ്റി. പെട്ടെന്ന് സുരക്ഷാ സേനയുമായി കല്ലേറുണ്ടായി.അതും ബോധപൂര്‍വം തന്നെ.

പള്ളിയോട് ചേര്‍ന്നുള്ള തുറന്ന സ്ഥലം കര്‍സേവകര്‍ കൈയടക്കിയിരുന്നു. സുരക്ഷാ സൈനികര്‍ അങ്ങോട്ട് വരാതിരിക്കാനുള്ള തന്ത്രം. ആയുധങ്ങള്‍ കൊണ്ട് പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങി. മുകളില്‍ തുരന്ന സ്ഥലത്തു കൂടെ കയര്‍ ഉള്ളിലേക്കിട്ടു. എല്ലാം മികച്ച രീതിയില്‍. 1.55ന് പള്ളിയുടെ ആദ്യ താഴികക്കുടം തകര്‍ന്നു വീണു. പൊലീസ് നിര്‍വികാരമായി നോക്കി നിന്നു. മേലുദ്യോഗസ്ഥരെ അവര്‍ വിവരം പോലും അറിയിച്ചില്ല. സി.ആര്‍.പി.എഫിന് നിര്‍ദേശം പോയതുമില്ല.
കര്‍സേവകരോട് താഴെ ഇറങ്ങാന്‍ അദ്വാനിയും മറ്റും അഭ്യര്‍ഥിച്ചത് പോലും മാധ്യമ ശ്രദ്ധക്കു വേണ്ടി മാത്രമെന്ന് കമീഷന്‍. പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നത് അവര്‍ തടഞ്ഞതുമില്ല. അതില്‍ നിന്നു തന്നെ കാര്യം വ്യക്തം.

കര്‍സേവകര്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രം കല്യാണ്‍സിങ് ഉറപ്പു നല്‍കി. പൊലീസുകാരുടെ നിസ്സംഗത കാര്യങ്ങള്‍ എളുപ്പമാക്കി. ഒത്തുകിട്ടിയ അവസരത്തില്‍ നേതാക്കളെ സുഖിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് മേധാവികളും ശ്രമിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുന്നു എന്ന പ്രതീതി വളര്‍ത്തി. വെറും ഇരുനൂറടി അകലത്തില്‍ അദ്വാനി ഉള്‍പ്പെടെ എല്ലാ സംഘ്പരിവാര്‍ നേതാക്കളും ഉണ്ടായിരുന്നു. സൈന്യം വരുമെന്നും വെടിവെപ്പുണ്ടാകുമെന്നും പേരിന് ഉമാഭാരതി പറഞ്ഞപ്പോള്‍ കര്‍സേവകരുടെ തയാറാക്കിയ മറുപടി: 'ഹല്‍വാപൂരി തിന്നാനല്ല ഇങ്ങോട്ടുവന്നത്. വെടിവെപ്പ് അഭിമുഖീകരിക്കാന്‍ തീരുമാനിച്ചു തന്നെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.'
വൈകുന്നേരമാകുമ്പോഴേക്കും പള്ളി തകര്‍ച്ച പൂര്‍ണമായി. രാത്രി ഏഴുമണിയോടെ തന്ത്രപരമായി മാറ്റിവെച്ച രാമവിഗ്രഹവും കാണിക്ക ബോക്സും തല്‍സ്ഥാനത്ത് തിരിച്ചെത്തി. ഏഴര മണിയോടെ കര്‍സേവയിലൂടെ താല്‍ക്കാലികക്ഷേത്ര നിര്‍മാണവും നടന്നു.

അതിനു മുമ്പേ  6.45ന് താന്‍ രാജി വെക്കുന്നതായി കല്യാണ്‍സിങ് പ്രഖ്യാപിച്ചു. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് സിങ്ങിനെ പുറത്താക്കിയെന്ന് കേന്ദ്രവും പറഞ്ഞു.
ആറരക്ക് ദല്‍ഹിയില്‍ അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം. യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വിജ്ഞാപനത്തില്‍ രാത്രി 9.10ന് രാഷ്ട്രപതി ഒപ്പുവെച്ചു. പാതിരാത്രി പന്ത്രണ്ടരക്കാണ് സൈന്യത്തെ വിന്യസിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത്. 12.45ന് പുറപ്പെട്ട സൈന്യം വഴിയില്‍ ശക്തമായ പ്രതിരോധം നേരിട്ടു. സൈന്യം അയോധ്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ പലതും നടന്നു. വെടിവെക്കരുതെന്ന നിര്‍ദേശത്തോടെയാണ് പിറ്റേന്ന് കാലത്ത് പോലും കൂടുതല്‍ ബറ്റാലിയന്‍ സൈന്യത്തെ വിട്ടു കൊടുത്തത്. കല്യാണ്‍സിങ്ങിന്റെ ഓരോ നീക്കങ്ങളും സംശയാസ്പദമായിരുന്നു. ഇതേക്കുറിച്ച് ലിബര്‍ഹാന്റെ വിലയിരുത്തല്‍^ ബാബരി മസ്ജിദിന്റെ തകര്‍ച്ച പൂര്‍ത്തിയാകും വരെ സൈന്യത്തെ വിന്യസിക്കുന്നതും  കേന്ദ്രത്തിന്റെ ഇടപെടലും നീട്ടിവെപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ മുഴുവന്‍ നീക്കങ്ങളും.
രാമന്റെ ജന്‍മസ്ഥലം 'മോചിപ്പിച്ചു' എന്നാണ് ആര്‍.എസ്.എസ് മുഖപത്രം   ബാബരി ധ്വംസനത്തെക്കുറിച്ചെഴുതിയത്.
ഫലപ്രദമായ ഒരു ഭരണസംവിധാനം ഉണ്ടായിരുന്നില്ലെന്ന് ലിബര്‍ഹാന്‍ അഭിപ്രായപ്പെടുന്നുണ്ട്. എല്ലാവര്‍ക്കും സ്വാതന്ത്യ്രം. കര്‍സേവകരുടെ സുരക്ഷക്കു വേണ്ടി മാത്രമായിരുന്നു സര്‍ക്കാര്‍ നടപടികള്‍. ബാബരി മസ്ജിദ് സുരക്ഷയായിരുന്നില്ല സര്‍ക്കാറിന്റെ ലക്ഷ്യം. രാഷ്ട്രീയ യജമാനന്‍മാരുടെ സമ്മര്‍ദം കാരണം ഭരണസംവിധാനം നിശ്ചലമായി. അതോടെ സ്വതന്ത്രവും ഭീതിയില്ലാതെയും നീങ്ങാന്‍ കര്‍സേവകര്‍ക്കു കഴിഞ്ഞു.
ദല്‍ഹി ആര്‍.എസ്.എസ് ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അയോധ്യാ മൂവ്മെന്റിന്റെ മുഴുവന്‍ കാര്യങ്ങളും നടന്നത്.

ലിബര്‍ഹാന്റെ നിരീക്ഷണങ്ങള്‍

ബാബരി മസ്ജിദ് ധ്വംസനം നടന്ന് പതിനേഴ് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനതക്കൊപ്പം ലിബര്‍ഹാനും ആ ചോദ്യം ഉയര്‍ത്തുന്നു^ ഇന്ത്യന്‍ മതേതരത്വത്തിന് എന്തുപറ്റി? ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ സംജ്ഞകള്‍ നിര്‍ധാരണം ചെയ്തുകൊണ്ട് നമ്മുടെ മതേതര ഘടനയുടെ ശക്തി ദൌര്‍ബല്യങ്ങള്‍ ഏറ്റവും ശക്തമായി വരച്ചിടുന്നു എന്നതാണ് കമീഷന്‍ റിപ്പോര്‍ട്ടിനെ വ്യതിരിക്തമാക്കുന്ന നിരവധി ഘടകങ്ങളിലൊന്ന്. ഒരു സാധാരണ പൌരന്റെ വിഹ്വലതകള്‍ തുടിക്കുന്ന മനസ്സോടെയാണ് മതേതര ഇന്ത്യയിലൂടെ ലിബര്‍ഹാന്‍ നടത്തുന്ന വിശകലനയാത്ര.

ഇന്ത്യ ഒരുനിലക്കും മതേതര സവിശേഷതയോടെ നില്‍ക്കരുതെന്ന ശാഠ്യമാണ് ഹൈന്ദവ വര്‍ഗീയതയുടെ അധികാരദാഹത്തിനും ബാബരി ധ്വംസനത്തിനും വഴിയൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് കമീഷന്‍ കണ്ടെത്തുന്നു ''ഹിന്ദുമതമാകുന്ന ദേശീയധാരയില്‍ ഇഴുകിച്ചേരാതെ സ്വതന്ത്രമായി ജീവിക്കാന്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അനുവദിക്കരുത്^  ആര്‍.എസ്.എസ് അംഗമായ ദീന്‍ദയാല്‍ ഉപാധ്യായയുടെ ഈ ചിന്തയാണ് അദ്വാനിയും സുഹൃത്തുക്കളും കടംകൊണ്ടത്. കാവിസംഘം ഉദ്ഘോഷിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ ധാര്‍ഷ്ട്യവും ന്യൂനപക്ഷാദി വിഭാഗങ്ങളുടെ വിധേയത്വവുമാണെന്ന് കമീഷന്‍ വരച്ചിടുന്നു.

ഡിസംബര്‍ ആറിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സുപ്രധാന ചോദ്യങ്ങളും  ലിബര്‍ഹാന്‍ ഉയര്‍ത്തുന്നു ഒന്ന്: ഭരണഘടനയിലെ 355, 356 വകുപ്പുകള്‍ പ്രയോഗിക്കാമായിരുന്നോ?. രണ്ട്: കേന്ദ്രത്തിന് സംസ്ഥാനങ്ങളില്‍ ഏകപക്ഷീയമായി സൈന്യത്തെ വിന്യസിക്കാന്‍ സാധിക്കുമായിരുന്നോ? മൂന്ന്: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയുമായിരുന്നോ?

ഇതിന്റെ വിശദമായ വിശകലനത്തില്‍ നരസിംഹറാവുവിന്റെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട പ്രതിസന്ധിയും പരിമിതിയും വെളിപ്പെടുത്തുന്നു. അതേസമയം, പ്രസക്തമായ പല നിരീക്ഷണങ്ങളും മറയില്ലാതെ തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട് ലിബര്‍ഹാന്‍. അതിന്റെ ചില ചീന്തുകള്‍ ഇതാ: ബാബരി ധ്വംസനം രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കളിലും മാത്രമല്ല, സംവിധാനത്തില്‍ പോലുമുള്ള അവിശ്വാസമാണ് രൂപപ്പെടുത്തിയത്. ഡിസംബര്‍ ആറിന് ബാബരി ധ്വംസന പരമ്പരവെച്ചു നോക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അനുമതി കൂടാതെയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഭരണഘടനാ പരിമിതിയെ തികഞ്ഞ മിടുക്കോടെ ഉപയോഗപ്പെടുത്തുകയായിരുന്നു കല്യാണ്‍സിങ് സര്‍ക്കാര്‍. അടിയൊഴുക്കുകളുടെ തീവ്രതയെ കുറിച്ച് ജാഗ്രത പകരുന്നതില്‍ സുപ്രീം കോടതി നിരീക്ഷകനും ദയനീയമായി പരാജയപ്പെട്ടു. സംസ്ഥാന ഭരണകൂടത്തിനു കീഴില്‍ ഭരണഘടനാ പരിരക്ഷകളുടെ ആസൂത്രിത ധ്വംസനം കൂടിയാണ് 1992ല്‍ കണ്ടത്. ജനാധിപത്യത്തിന്റെ ഇത്തരം പരിഹാസ്യതകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ഇനിയും സാധ്യതകളുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാരുടെ കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ നടപടിക്രമങ്ങളുടെ സാങ്കേതികതയും മറ്റും ശക്തമായ ഇടപെടലിന് വിഘാതം നില്‍ക്കരുത്.

വിഭജനാനന്തര കലാപവേളയില്‍ ഗാന്ധി ഉന്നയിച്ച അതേ ചോദ്യം ലിബര്‍ഹാനും ചോദിക്കുന്നു:^'മരിച്ചവര്‍ക്കിടയില്‍, അനാഥര്‍ക്കിടയില്‍, ഭവനരഹിതര്‍ക്കിടയില്‍ എന്തു വ്യത്യാസമാണുള്ളത്? ഭ്രാന്തമായ ഈ നശീകരണമത്രയും നടന്നത് സ്വേച്ഛാധിപത്യത്തിന്റെ പേരിലാണോ? അതോ പവിത്രപദങ്ങളായ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിലോ?
'നമ്മെ ഒരുമിപ്പിക്കാന്‍ ഒരു പൊതുശത്രു വേണം'^ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസാ റൈസ് നടത്തിയ  പ്രതികരണത്തിന്റെ അതേ വകഭേദം തന്നെയാണ് തൊണ്ണൂറുകളില്‍ ഇന്ത്യയിലെ സങ്കുചിതവാദികളിലൂടെയും പുറത്തുവന്നത്. തുടര്‍ന്ന് ലിബര്‍ഹാന്‍ കുറിക്കുന്നു^ കൃത്രിമ ശത്രുവിനെ മുന്നില്‍ നിര്‍ത്തിയാല്‍ അവിവേകവും ക്രൂരതയും നടത്താന്‍ എളുപ്പം.  പൊതുശത്രുവിനെ ചൂണ്ടി എല്ലാവരെയും അടുപ്പിക്കാനും കഴിയും. ഹിറ്റ്ലറും മറ്റും അതു തന്നെയാണല്ലോ ചെയ്തതും...'

ശക്തമായ കേന്ദ്രസര്‍ക്കാര്‍ ഉണ്ടെങ്കില്‍ മതേതരത്വം പാളില്ലെന്ന് ലിബര്‍ഹാന്‍ പ്രത്യാശിക്കുന്നു. രാജ്യത്തിനുള്ളില്‍ വംശീയ കുരുതികളും ഉന്മൂലനവും തടയാന്‍ ശക്തമായ കേന്ദ്ര സര്‍ക്കാര്‍ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെ രാജ്യത്തിന്റെ ഏതു ഭാഗത്ത് കലാപമുണ്ടായാലും അടിയന്തര ഇടപെടല്‍ ഉണ്ടായേ തീരൂ. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ ദേശീയ അന്വേഷണ ഏജന്‍സിയെ നിയമിച്ചോ അതാകാം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പും സംഘ്പരിവാര്‍ സുപ്രീംകോടതിയില്‍ സൃഷ്ടിച്ച വിശ്വാസ്യതയും ഒത്തുചേര്‍ന്നപ്പോള്‍ റാവുവിന്റെ കേന്ദ്രസര്‍ക്കാറിന് അന്ധതയും അംഗവൈകല്യവും സംഭവിച്ചതായി കമീഷന്‍ പറയുന്നു.

ഹിന്ദുവര്‍ഗീയതയുടെ ആശയാടിത്തറയെ ലിബര്‍ഹാന്‍  വിമര്‍ശിക്കുന്നുണ്ട്. സാംസ്കാരിക ദേശീയത^നല്ല പദം തന്നെ. പക്ഷേ, സാഹിത്യപരമായും തത്വചിന്താപരമായും അതു നിര്‍വചിച്ചതുകൊണ്ട് മാത്രം ഒരു പ്രത്യേക രാജ്യം നിര്‍മിക്കാനാകില്ല. മതം മാത്രമല്ല, സംസ്കാരങ്ങളും മറ്റു ഘടകങ്ങളും രാഷ്ട്ര രൂപവത്കരണത്തിന് വേണം.

ജനാധിപത്യമാണ് കൂട്ടത്തില്‍ ഏറ്റവും മികച്ച മാതൃക. ജനാധിപത്യം ഭൂരിപക്ഷത്തെയാകാം പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇവിടെ അവസരമുണ്ട്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളുടെ, മനുഷ്യാവകാശങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്നു നാം വിലയിരുത്തണം. ഭൂരിപക്ഷ^ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച ചോദ്യം ഉയരുന്നു എന്നതുതന്നെ മാനവിക കാര്യങ്ങളില്‍ നമ്മുടെ കാഴ്ചപ്പാടിന്റെ തെളിവാണ്. മാനവിക വിഷയത്തില്‍ രാഷ്ട്രീയക്കാരും ഭരണാധികാരികളും സാമൂഹിക നേതാക്കളും വൈദഗ്ധ്യം നേടിയവരായിരിക്കണം. അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണം തന്നെയാണ് ഇവിടെ പ്രധാനം ^റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ മൌലികാടിത്തറ പോലും മതേതരത്വമാണ്. ഒരു പ്രത്യേക മതം പ്രചരിപ്പിക്കാനോ അതിനെ പിന്തുണക്കാനോ ഭരണകൂടം ശ്രമിക്കരുത്. എല്ലാ മതങ്ങളോടും തുല്യസഹിഷ്ണുത പുലര്‍ത്തുക എന്നതാണ് ഗാന്ധിയന്‍ സങ്കല്‍പവും.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇലക്ഷനില്‍ മതേതര അജണ്ടയേക്കാള്‍ മതതാല്‍പര്യങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളാണ് കവര്‍ന്നെടുക്കപ്പെടുക. അത്തരമൊരു സാഹചര്യത്തില്‍ ഒറ്റക്കും കൂട്ടായുമുള്ള വിശ്വാസത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക വകുപ്പുകള്‍തന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും. 

രാഷ്ട്രീയ ഭരണമേഖലകളില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ലിബര്‍ഹാന്‍ ഊന്നിപ്പറയുന്നു. മതേതരത്വത്തിന്റെ യഥാര്‍ഥ ചൈതന്യം പ്രയോഗവത്കരിക്കപ്പെടുന്നതും അപ്പോഴാണ്. മതവും ജാതിയും കുലീനതയും മാറ്റി നിര്‍ത്തുന്ന സംവിധാനത്തിന്റെ പേരാണ് ഭരണഘടനാദത്ത മതേതരത്വമെന്നും കമീഷന്‍.
ഗാന്ധിജിയുടെ വാക്കുകള്‍ കമീഷന്‍ ഉദ്ധരിക്കുന്നുണ്ട്: ഞാന്‍ എന്റെ മതത്തോട് പ്രതിജ്ഞാബദ്ധമാണ്. അതിനു വേണ്ടി ഞാന്‍ മരിക്കുകയും ചെയ്യും. പക്ഷേ, മതം എന്റെ വ്യക്തിപരമായ ഒന്നാണ്.  ഭരണകൂടത്തിന് അതില്‍ കാര്യമില്ല.  മതേതരക്ഷേമം ഉറപ്പാക്കലാണ് ഭരണകൂടത്തിന്റെ ചുമതല. അല്ലാതെ മതകാര്യം നോക്കലല്ല ''

ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സ്വന്തം രാജ്യത്തേക്കാള്‍ കൂറ് പാകിസ്താനോടാണ് എന്ന പ്രചാരണവും സ്വീകരിക്കാനാവില്ലെന്ന് കമീഷന്‍ അഭിപ്രായപ്പെടുന്നു. പ്രബലമായ ഒരു തെളിവും ഇതിനില്ല. 1947ല്‍ പാകിസ്താനിലേക്ക് പോകാതെ വലിയൊരു വിഭാഗം മുസ്ലിംകള്‍ ഇവിടെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സൈന്യത്തില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സേവനം അര്‍പ്പിക്കുന്ന നല്ലൊരു ശതമാനം മുസ്ലിംകളുണ്ട്. കൃത്യമായ തെളിവുകള്‍ ഒന്നും തന്നെയില്ലാതെ അവരുടെ കൂറില്‍ സംശയം പ്രകടിപ്പിക്കുന്നത് നിര്‍ഭാഗ്യകരം മാത്രമല്ല തീര്‍ത്തും അസ്വീകാര്യവുമാണ്്. നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തുന്ന വൃത്തികെട്ട പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എല്ലായ്പോഴും തങ്ങളുടെ കൂറ് പ്രകടിപ്പിക്കേണ്ട ബാധ്യതയിലാണ് ഇന്ത്യന്‍ മുസ്ലിംകള്‍. മുസ്ലിംകൂറില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്ന വസ്തുനിഷ്ഠവും വിശ്വസനീയവുമായ തെളിവുകള്‍ ഇല്ലാതിരിക്കെ തന്നെയാണിതെന്നും കമീഷന്‍ പരിതപിക്കുന്നു. 

ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളെല്ലാം മതപരമായ അസഹിഷ്ണുക്കളായിരുന്നുവെന്ന ആരോപണത്തെയും ലിബര്‍ഹാന്‍ ചോദ്യം ചെയ്യുന്നു.  ആധികാരിക തെളിവുകളൊന്നും നിരത്താതെയാണ് മുന്‍വിധി കലര്‍ന്ന ഈ ആരോപണങ്ങള്‍. മുഗള്‍ ഭരണാധികാരികളുടെ പഴയകാല അബദ്ധങ്ങളില്‍ നീതിവേണമെന്നാവശ്യപ്പെടുന്നത് അമര്‍ത്യാസെന്‍ പറഞ്ഞതു പോലെ ധാര്‍മികമായി വിചിത്രവും ചരിത്രപരമായി യുക്തിശൂന്യവുമാണെന്നും ലിബര്‍ഹാന്‍ അഭിപ്രായപ്പെടുന്നുണ്ട്. 
ആവശ്യമെങ്കില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അവഗണിച്ചുതന്നെ സാമൂഹിക ഐക്യവും മതേതരത്വവും നിലനിര്‍ത്താന്‍ ഭരണകൂടത്തിന് കഴിയണം. ന്യൂനപക്ഷങ്ങള്‍ രണ്ടാംതരം പൌരന്‍മാരായി പരിഗണിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. എന്തുതന്നെയായാലും അവരുടെ സുരക്ഷ ഭൂരിപക്ഷം ഉറപ്പാക്കണം. ദുര്‍ബല വിഭാഗങ്ങളുടെയും ന്യൂനപക്ഷത്തിന്റെയും സുരക്ഷ അവരുടെ മൌലികാവകാശം കൂടിയാണ്. ഭരണകൂടം ചെയ്യേണ്ടത് ഭൂരിപക്ഷ^ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സന്തുലിത സമീപനം സ്വീകരിക്കുകയാണ്.
വര്‍ഗീയ ഫാഷിസത്തെ ശക്തമായി അമര്‍ച്ച ചെയ്യുക, നിരക്ഷരത മുതലെടുക്കാനുള്ള നീക്കം തടയുക, ചരിത്രത്തെ കുറിച്ച ശരിയായ അറിവ് പകരുക. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മത^ജാതി വികാര ചൂഷണം തടയുക തുടങ്ങി എണ്ണമറ്റ നിര്‍ദേശങ്ങളും ലിബര്‍ഹാന്‍ മതേതര ഇന്ത്യന്‍ മനസ്സിനു മുമ്പാകെ സമര്‍പ്പിക്കുന്നു.
ഡിസംബര്‍ ആറ് വലിയൊരു പ്രതീകമാണ്. എന്നാല്‍, ആ കറുത്ത ദിനത്തെ ഓര്‍മിക്കുന്നതുപോലും അരോചകമായി തോന്നുന്ന ചിലരുണ്ട്. അവരുടെ ഓര്‍മയിലേക്കു കൂടിയാവണം  മിലന്‍ കുന്ദേര ചാട്ടുളി കണക്കെയുള്ള ആ വാക്കുകള്‍ പണ്ട്  ഉരുവിട്ടത്.
''അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം എന്നത് മറക്കാതിരിക്കാനുള്ള ഓര്‍മകളുടെ പോരാട്ടം തന്നെയാണ്''.