ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും രാഷ്ട്രീയവും -മാതൃഭൂമി 27.11.09



Posted on: 27 Nov 2009
ഡി.ശ്രീജിത്ത്‌


നരസിംഹറാവുവിന് 'ഭരണഘടനാ പരിമിതികള്‍' 
പതിനേഴു കൊല്ലത്തെ കാത്തിരിപ്പിനുശേഷം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ തര്‍ക്കമന്ദിര പ്രശ്‌നവുമായി ബന്ധപ്പെട്ട ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്റെ അന്വേഷണറിപ്പോര്‍ട്ട് വെളിച്ചം കണ്ടിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ക്കും രാഷ്ട്രീയ-പോലീസ്-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിനും എതിരെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ എയ്യുന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ അക്കാലത്ത് രാജ്യത്ത് നിലവിലിരുന്ന രണ്ട് സര്‍ക്കാറുകളെ എങ്ങനെയാണ് വിലയിരുത്തുക എന്നതായിരുന്നു രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്.

കേന്ദ്രസര്‍ക്കാറിനെ നിയമത്തിന്റെ ആനുകൂല്യം നല്‍കി പൂര്‍ണമായി കുറ്റവിമുക്തമാക്കുന്ന റിപ്പോര്‍ട്ട് അയോധ്യ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിലെ അന്നത്തെ സംസ്ഥാന സര്‍ക്കാറിനെതിരെ വാളോങ്ങുന്നു. സംഘപരിവാര്‍ സംഘടനകള്‍ക്ക് സഹായംനല്‍കി എന്നുമാത്രമല്ല, പോലീസ്, ഉദ്യോഗസ്ഥ സമൂഹത്തെ തര്‍ക്കമന്ദിരം തകര്‍ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തു എന്നും ആരോപിക്കുന്നു.

അയോധ്യയില്‍ ക്ഷേത്രനിര്‍മാണം രാജ്യത്തെ ഭൂരിപക്ഷംവരുന്ന ഹൈന്ദവ ജനതയുടെ ആവശ്യമായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്ന കമ്മീഷന്‍, വാജ്‌പേയിയും അദ്വാനിയുമടക്കം തര്‍ക്കമന്ദിരം തകര്‍ത്ത സംഭവം പരസ്യമായി അപലപിച്ച ബി.ജെ.പി. നേതാക്കളെ 'കപട മിതവാദികള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇവരുടെ പ്രസംഗവും പ്രവൃത്തികളും മന്ദിരം തകര്‍ക്കുന്നതിന് സഹായകമായി എന്നും ബി.ജെ.പി. നേതൃത്വം സംഘപരിവാറിന്റെ ഇച്ഛയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

പതിനാറ് അധ്യായങ്ങളും അനുബന്ധചിത്രീകരണങ്ങളും സാക്ഷികളുടെ പേരുമടക്കം 1029 പേജുകളാണ് റിപ്പോര്‍ട്ടിലുള്ളത്. 1996 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട് പത്തുദിവസത്തിനുള്ളിലാണ് കമ്മീഷനെ നിയമിച്ചത്.
റാവുവിന്റെ പങ്ക്

പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അന്ന് മന്ദിരം തകര്‍ത്ത സംഭവത്തില്‍ നിഷ്‌ക്രിയമായിരുന്നതിനെ 'ഭരണഘടനാപരമായ പരിമിതികള്‍' എന്നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ വിശേഷിപ്പിക്കുന്നത്. തര്‍ക്കമന്ദിരത്തിന് യാതൊരുതരത്തിലുള്ള അപകടവും പറ്റാതെ നോക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിക്കും ദേശീയോദ്ഗ്രഥന കൗണ്‍സിലിനും നല്‍കിയ ഉറപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിന് ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലായിരുന്നു എന്നാണ് നരസിംഹറാവു കമ്മീഷനുമുമ്പാകെ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പൊതുവായ ക്രമസമാധാന നില -പ്രത്യേകിച്ചും വര്‍ഗീയപ്രശ്‌നങ്ങള്‍- തികച്ചും സമാധാനപരമാണെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണറും രാഷ്ട്രപതിഭരണത്തിന് എതിരായിരുന്നു. ''1992-ല്‍ സംസ്ഥാനത്തെ സ്വന്തം പ്രതിനിധിയെ (ഗവര്‍ണറുടെ) കേന്ദ്രസര്‍ക്കാര്‍ അന്ധമായി വിശ്വസിച്ചതും സംഘപരിവാര്‍ സംഘടനകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കടലാസ് പ്രഖ്യാപനങ്ങളില്‍ അളവില്ലാത്ത വിശ്വാസം കാണിച്ചതുമാണ് വിനയായത്''-കമ്മീഷന്‍ പറയുന്നു.

''ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആവര്‍ത്തിച്ചുള്ള കൂടിയാലോചനകളും ആശയവിനിമയവും സംസ്ഥാനത്തോട് അര്‍ധസൈനിക വിഭാഗത്തെ ഉപയോഗിക്കാന്‍ അപേക്ഷിച്ചതുമെല്ലാം ദുരന്തംഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാറിനുണ്ടായ താത്പര്യത്തിന്റെ കൃത്യമായ ദൃഷ്ടാന്തങ്ങളാണ്'' -കമ്മീഷന്‍ പറയുന്നു. അന്നത്തെ സംസ്ഥാനഗവര്‍ണര്‍ സത്യനാരായണ്‍ റെഡ്ഡി കേന്ദ്രസര്‍ക്കാറിന് അയച്ച കത്ത് കമ്മീഷന്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു. ''അയോധ്യയിലേക്ക് ഒരു വലിയസംഘം കാര്‍സേവകര്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാല്‍, അവര്‍ സമാധാനപരമായാണ് എത്തുന്നത്. സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയുടെ മുന്നില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു. തര്‍ക്കമന്ദിരത്തിന് പൂര്‍ണമായ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും അതിനുള്ള നടപടികള്‍ അവര്‍ സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ട്.''

''സമാധാനപരമായ അന്തരീക്ഷം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും സംഘപരിവാര്‍ സംഘടനകള്‍ പ്രതീകാത്മകമായ കാര്‍സേവ മാത്രമേ നടക്കൂ എന്ന് കോടതിയെ അറിയിച്ചിരുന്നു എന്നുള്ളതുകൊണ്ടും ആ സാഹചര്യത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാജ്യത്ത് പലഭാഗത്തും അക്രമസംഭവങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടിയിരുന്നതായും നരസിംഹറാവു കമ്മീഷനെ അറിയിച്ചിരുന്നു.

ഇതു തര്‍ക്കമന്ദിരത്തിന് തകരാറുണ്ടാവാനും വഴിവെക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭയന്നിരുന്നു'' -കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കുന്നു. മന്ദിരം സംരക്ഷിക്കാന്‍ രണ്ടുവഴിയേ കേന്ദ്രസര്‍ക്കാറിന് ഉണ്ടായിരുന്നുള്ളൂ എന്നാണ് നരസിംഹറാവു കമ്മീഷന് മുമ്പാകെ ബോധ്യപ്പെടുത്തിയിട്ടുള്ളത്. ഒന്ന് : സംസ്ഥാനസര്‍ക്കാറിനെ വിശ്വാസത്തിലെടുക്കുക, രണ്ട് : ബലമായി കേന്ദ്രസേനയെ ഉപയോഗിക്കുക. എന്നാല്‍, അതിന് ഭരണഘടനാപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ബോധിപ്പിച്ചു. തര്‍ക്കപ്രദേശത്ത് ശിലാന്യാസം നടത്താന്‍ അനുവദിച്ചത് മണ്ടത്തരമായി എന്നും നരസിംഹറാവു അറിയിച്ചിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണസംവിധാനത്തെ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്‌നങ്ങളുടെ ആക്കം കൂട്ടിയതെന്നും കമ്മീഷന്‍ പറയുന്നു. ബി.ജെ.പി., വി.എച്ച്.പി., ബജ്‌രംഗ്ദള്‍, ശിവസേന, സംഘപരിവാര്‍ എന്നീ സംഘടനകളുടെയും യു.പി.സര്‍ക്കാറിന്റെയും പ്രവര്‍ത്തനം രാഷ്ട്രപതിഭരണവും അര്‍ധസൈനിക വിഭാഗത്തിന്റെ വിന്യാസവും തടയുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് മന്ദിരം തകര്‍ക്കുന്നതിനുമുമ്പ് നടത്തിയത്. ന്യൂനപക്ഷസര്‍ക്കാര്‍ ആണെന്നുള്ള പ്രശ്‌നമടക്കമുള്ള കേന്ദ്രസര്‍ക്കാറിന്റെ പരിമിതികള്‍ ഉപയോഗിച്ച് സ്വന്തം അജന്‍ഡ നടപ്പാക്കുകയായിരുന്നു സംസ്ഥാനസര്‍ക്കാര്‍ എന്നാണ് കമ്മീഷന്റെ ആരോപണം.
കല്യാണ്‍ സിങ്ങിന്റെ പങ്ക്

മന്ദിരം തകര്‍ത്ത സംഭവത്തിലും അനുബന്ധ സംഭവവികാസങ്ങളിലും യു.പി. മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും അപരാധിത്വത്തില്‍ യാതൊരു സംശയവുമില്ല എന്നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ പറയുന്നത്.

മന്ദിരം തകര്‍ക്കുന്നതിന് ഇവര്‍ മൗനാനുവാദം നല്‍കുക മാത്രമായിരുന്നില്ല. പരസ്യവും സക്രിയവും ഭൗതികവുമായ പങ്ക് ഇവരെല്ലാം നിര്‍വഹിച്ചു.''അയോധ്യാപ്രക്ഷോഭത്തിന്റെ ബിംബങ്ങളായി എല്‍.കെ. അദ്വാനി, എ.ബി. വാജ്‌പേയി, എം.എം. ജോഷി എന്നിവരെ പ്രതിഷ്ഠിച്ച് പരമഹംസ രാമചന്ദ്രദാസ്, അശോക് സിംഘല്‍, വിനയ്കട്യാര്‍, വിഷ്ണു ഹരി ഡാല്‍മിയ, വാംദേവ്, കെ.എസ്. സുദര്‍ശന്‍, എച്ച്.വി. ശേഷാദ്രി, ലാല്‍ജി ടണ്ഠന്‍, കല്‍രാജ്മിശ്ര, ഗോവിന്ദാചാര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍നടന്ന പ്രക്ഷോഭത്തിന് മുഴുവന്‍ സഹായങ്ങളും ചെയ്തുകൊടുത്തത് കല്യാണ്‍ സിങ്ങാണ്.

വിശ്വസ്തരായ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കല്യാണ്‍സിങ് പ്രതിഷ്ഠിച്ചതുതന്നെ പ്രക്ഷോഭത്തിന് സഹായം നല്‍കുന്നതിനാവശ്യമായ പദവികളിലാണ്. മുഖ്യമന്ത്രി കല്യാണ്‍സിങ് കേന്ദ്രസര്‍ക്കാറിന്റെയോ സുപ്രീംകോടതിയുടെയോ മറ്റേതെങ്കിലും കേന്ദ്ര സ്ഥാനങ്ങളുടെയോ കോടതികളുടെയോ ഇടപെടല്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലായ്‌പ്പോഴും പ്രകടിപ്പിച്ചിരുന്നു. കല്യാണ്‍സിങ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു.

ഭരണനിര്‍വഹണ സംവിധാനവും പോലീസ്-ഉദ്യോഗസ്ഥ വൃന്ദത്തിലെ തിരഞ്ഞെടുക്കപ്പെട്ടവരും കല്യാണ്‍സിങ്ങിന്റെ വിശാലപദ്ധതിയുടെ ഭാഗമായിരുന്നു. വര്‍ഗീയതയുടെ തീ ആളിപ്പടരാതിരിക്കാനും ജനാധിപത്യത്തെ പിച്ചിച്ചീന്താതിരിക്കാനും അവര്‍ക്ക് ശ്രമിക്കാമായിരുന്നു. എന്നാല്‍, അവര്‍ മുഴുവന്‍ സംഭവവികാസങ്ങളിലും മൂകരും ബധിരരും അന്ധരുമായി നിലകൊണ്ടു'' -കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.

ഡിസംബര്‍ ആറിന്റെ സംഭവവികാസങ്ങള്‍ക്ക് തിരക്കഥയെഴുതല്‍ കല്യാണ്‍ സര്‍ക്കാര്‍ ചുമതലയേറ്റയുടനെ ആരംഭിച്ചതാണെന്ന് കമ്മീഷന്‍ കണ്ടെത്തുന്നു. തങ്ങളുടെ പദ്ധതിക്ക് ചേരാത്ത ഉദ്യോഗസ്ഥരെ തികച്ചും സുഘടിതവും മുന്‍കൂട്ടി തയ്യാറാക്കിയതുമായ രീതിയില്‍ ഒഴിവാക്കി. സുരക്ഷാസംവിധാനങ്ങള്‍ വെട്ടിച്ചുരുക്കുകയോ അവയില്‍ വിള്ളലുണ്ടാക്കുകയോ ചെയ്തു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിരന്തരമായി കള്ളം പറഞ്ഞു.

''സംഘപരിവാറിന് സംസ്ഥാനം ഭരിക്കാനുള്ള സുഖകരമായ സാഹചര്യമാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും സൃഷ്ടിച്ചത്. പദ്ധതികള്‍ തയ്യാറാക്കിയതും നടപ്പാക്കിയതും ആര്‍.എസ്.എസ്. സേനയാണ്. ജനക്കൂട്ടം തര്‍ക്കമന്ദിരം തകര്‍ക്കുകയും മുസ്‌ലിം ജനസാമാന്യത്തെ ആക്രമിക്കുകയും ചെയ്യുന്നകാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കല്യാണ്‍സിങ് പോലീസിന് ബലപ്രയോഗം നടത്താനുള്ള നിര്‍ദേശം നല്‍കുകയോ കേന്ദ്രസേനയുടെ സഹായം തേടുകയോ ചെയ്തില്ല.കല്യാണ്‍സിങ്ങും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഉണ്ടായിരുന്നില്ലെങ്കില്‍ അയോധ്യാപ്രക്ഷോഭം വിജയിക്കില്ലായിരുന്നു'' -കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

സംഘപരിവാര്‍ സംഘടനകളും കപടമിതവാദികളും

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കുന്നത് തികച്ചും ആസൂത്രിതമായാണെന്നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ വിലയിരുത്തുന്നത്. സ്വാഭാവികമായി ലക്ഷ്യപ്രാപ്തിയിലെത്തിയ പ്രക്ഷോഭമായിരുന്നില്ല അത്. സംഘപരിവാര്‍ ബുദ്ധിപൂര്‍വംആസൂത്രണം ചെയെ്തടുത്ത പദ്ധതിയുടെ വിജയമായിരുന്നു. ഇതിനായി ജനങ്ങളെയും സമ്പത്തിനെയും സമാഹരിച്ചത് സംഘം തന്നെ. സംഘപരിവാര്‍ സംഘടനകളുടെ കൈകളിലൂടെ കോടിക്കണക്കിനു രൂപയാണ് ഇക്കാലയളവില്‍ കടന്നുപോയതെന്നും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വന്‍തുകകള്‍ ഇവര്‍ക്കു സംഭാവനയായി ലഭിച്ചിരുന്നുവെന്നും ജസ്റ്റിസ് ലിബര്‍ഹാന്‍ നിരീക്ഷിക്കുന്നു.

വിഭജനകാലയളവു മുതല്‍ മതേതര രാജ്യമായി നിലനില്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എതിരായി 'ഹിന്ദു രാഷ്ട്രം', 'അഖണ്ഡ ഭാരതം' തുടങ്ങിയ വീര്‍സവര്‍ക്കറുടെ പ്രയോഗങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഹിന്ദുത്വം അഥവാ സംസ്‌കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കാന്‍ ഒരുവിഭാഗം ശ്രമിച്ചിരുന്നു. സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട ഭൗമശാസ്ത്രപരമായ ദേശീയതയ്ക്ക് പകരമായി സാംസ്‌കാരിക ദേശീയതയെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടന്നത്.

ആര്‍.എസ്.എസ്. അതിന്റെ രൂപവത്കരണകാലം മുതല്‍ ഹിന്ദുരാഷ്ട്രമെന്ന ആശയമുയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ വിഭാഗമായാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നത്- 'കാര്‍സേവകരുടെ പടയൊരുക്കം' എന്ന ആറാം അധ്യായത്തില്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ പറയുന്നു.

അയോധ്യാപ്രക്ഷോഭത്തെക്കുറിച്ചുള്ള അതിശയോക്തികലര്‍ന്ന പ്രചാരണം മാറ്റിനിര്‍ത്തിയാല്‍ സാധാരണജനങ്ങളുടെ -ഇടത്തരം ഹിന്ദുക്കളില്‍ നിന്നുപോലും- പിന്തുണയോ പൂര്‍ണമനസ്സോടെയുള്ള സഹകരണമോ ഇതിനു ലഭിച്ചിരുന്നില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ജനകീയമുന്നേറ്റമല്ലാതിരുന്ന അയോധ്യാപ്രക്ഷോഭത്തെ പൊതുസമ്മേളനങ്ങളും രഥയാത്രകളും വഴി വൈകാരികമായി ഉത്തേജിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതുവഴി അയോധ്യയില്‍ രാമക്ഷേത്രമെന്ന ഇവരുടെ ആവശ്യത്തിന്റെ ഭാഗമാക്കി മാറ്റാനും ശ്രമം നടത്തി.

പുറത്തുനിന്ന് അയോധ്യയിലെത്തിയ കാര്‍സേവകര്‍ക്കും അവരുടെ നേതാക്കള്‍ക്കും താമസവും മറ്റു സൗകര്യങ്ങളും ഇവര്‍ മുന്‍കൂട്ടി ഒരുക്കിയിരുന്നു. ടെന്റുകളില്‍ താമസിപ്പിച്ചതും ഭക്ഷണം വിതരണം ചെയ്തതും അങ്ങനെയായിരുന്നു. 1992 ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ ഈ സൗകര്യങ്ങള്‍ നല്കുകയും ദിവസവുമുള്ള പൊതുയോഗങ്ങള്‍ വഴി കാര്‍സേവകരുടെ ആവേശം കെടാതെ സൂക്ഷിക്കുകയും ചെയ്തു.

ഇതിനെല്ലാമുള്ള പണം വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളുടെയും പേരില്‍ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്നുകൊണ്ടിരുന്നു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്രോതസ്സുകളില്‍നിന്നു മാത്രമല്ല, കൃത്യമായ ബാങ്ക് അക്കൗണ്ടുകളിലൂടെയും വന്‍തുകകളുടെ വിനിമയം നടന്നു. പ്രക്ഷോഭം മുന്നോട്ടു നയിക്കുന്നതിന് ബി.ജെ.പി.യും ആര്‍.എസ്.എസ്സും വി.എച്ച്.പി.യും സമയാസമയങ്ങളില്‍ പണം സമാഹരിച്ചു. രാമജന്മഭൂമി ന്യാസ്, ഭാരത്കല്യാണ്‍ പരിഷ്ടം, വിശ്വഹിന്ദു പരിഷത്, രാംജന്മഭൂമി ന്യാസ്, പാദുക പൂജന്‍ നിധി, ശ്രീരാംജന്മ ഭൂമി ന്യാസ്, ശ്രീരാം ശിലാപൂജന്‍, ജാന്‍ ഹിതേഷി എന്നീ സംഘടനകള്‍ക്കാണ് പ്രധാനമായും പണം ലഭിച്ചുകൊണ്ടിരുന്നത്.

ഓങ്കാര്‍ ബാവേ, മഹന്ത് പരമഹംസ രാമചന്ദ്രദാസ്, നൃത്യ ഗോപാല്‍ദാസ്, ഗുര്‍ജന്‍ സിങ്, നരാദ് സരണ്‍, ആചാര്യ ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരിഡാല്‍മിയ, നാനാഭഗവത്, ജസ്വന്ത്‌സിങ് ഗുപ്ത, ബി.പി. തോഷ്ണിവാള്‍, സീതാറാം അഗര്‍വാള്‍, അശോക്‌സിംഘല്‍ തുടങ്ങിയവരാണ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.

ശതകോടിക്കണക്കിനു പണം ഈ അക്കൗണ്ടുകളിലൂടെ ഒഴുകിപ്പോയിട്ടുണ്ട്. വളരെ കൃത്യമായ പദ്ധതിയായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. അതിന്റെ കാര്യപരിപാടി തയ്യാറാക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനുമാണ് ഈ പണം ഉപയോഗിച്ചത്. ആര്‍.എസ്.എസ്സിന്റെ പട്ടാളച്ചിട്ടയിലുള്ള പ്രവര്‍ത്തനമാണ് ഇതിനു കാര്യമായി പ്രയോജനപ്പെട്ടത്.

ഒരുചെറിയ വിഭാഗം കാര്‍സേവകരാണ് തകര്‍ക്കല്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ അകത്തേക്കു കയറിയാല്‍ പ്രശ്‌നമാകും എന്നിരിക്കെ, കുറച്ചു പേര്‍ അകത്ത് കയറിയതും മകുടത്തിനു താഴെനിന്ന പണപ്പെട്ടിയും മറ്റിടങ്ങളിലെ പ്രതിമകളും മാറ്റിയതും അതിവേഗത്തില്‍ താത്കാലിക ക്ഷേത്രം അവിടെ പണിതതും അതികൃത്യമായ മുന്‍കൂര്‍ പദ്ധതിയുടെ പരിണാമമാണ് അവിടെ കണ്ടത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു. മുഖ്യമന്ത്രി കല്യാണ്‍സിങ്ങോ നേതാക്കളായ കെ.എസ്.സുദര്‍ശനോ വിനയ്കട്യാറോ അശോക്‌സിംഘലോ അറിയാതെ അവിടെ ഒന്നും സംഭവിക്കില്ലായിരുന്നു-ലിബര്‍ഹാന്‍ വിശദീകരിക്കുന്നു.

ആര്‍.എസ്.എസ്സും ബി.ജെ.പി.യും

ബാബറി മസ്ജിദിന്റെ തകര്‍ക്കലില്‍ കലാശിച്ച 'അയോധ്യാ പ്രക്ഷോഭ'ത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംഘപരിവാറിനാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. അഥവാ ആര്‍.എസ്.എസ്, വി.എച്ച്.പി, ശിവസേന, ബജ്‌രംഗ്ദള്‍, ബി.ജെ.പി. എന്നീ സംഘടനകളുടെ മുതിര്‍ന്ന നേതൃത്വമുള്‍പ്പെടുന്ന പരിവാറിലെ ഏറ്റവും അകത്തുള്ള ആളുകള്‍ക്കാണ് മുഴുവന്‍ ഉത്തരവാദിത്വം. സംഘപരിവാര്‍ നിയമത്തെയും ധാര്‍മികതയെയും പൊതുവികാരത്തെയും എല്ലായ്‌പ്പോഴും ചവിട്ടിമെതിച്ചുകൊണ്ടിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കളിലൊരാളായ പരമഹംസ രാമചന്ദ്ര ദാസ് ലിബര്‍ഹാന് നല്കിയിട്ടുള്ള മൊഴിയനുസരിച്ച് 'തര്‍ക്കമന്ദിരം' പിടിച്ചെടുക്കുന്നതിന് ആളുകളെ കൂട്ടാനായി അവര്‍ക്ക് 1984 വരെ കഴിഞ്ഞിട്ടില്ല.

ദേശീയതലത്തില്‍ ഹിന്ദുസംഘടനകളോടും ഹിന്ദുമത വിശ്വാസികളോടും ഇതിനായി അണിചേരാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ തലത്തിലുള്ള രാഷ്ട്രീയപാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഇത് നടത്താനാവില്ല എന്ന് മനസ്സിലാക്കിയാണ് അവര്‍ ആര്‍.എസ്.എസ്സിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും പിന്തുണ തേടുന്നത്.കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്. ഇതിനു പിന്തുണ പ്രഖ്യാപിച്ചാണ് മുഴുവന്‍ ഹിന്ദുക്കളോടും രാമക്ഷേത്രത്തിനായി അണിചേരാന്‍ ആവശ്യപ്പെട്ടത്. വിഎച്ച്.പി.യുടെയും ബി.ജെ.പി.യുടെയും നേതാക്കള്‍ ആര്‍.എസ്.എസ്സുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിനാല്‍ അവരും ഇതിനൊപ്പമെത്തി. പില്‍ക്കാലത്ത് അയോധ്യാ പ്രസ്ഥാനത്തിന്റെ പ്രതീകമായി മാറിയ ബി.ജെ.പി. നേതാവ് എല്‍.കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും വിവാദ സ്ഥലത്ത് ക്ഷേത്രം പണിയാനായി ജനങ്ങളെ കൂട്ടാനായി രാംജനകി രഥയാത്രയും നടത്തി- ലിബര്‍ഹാന്‍ വിശദീകരിച്ചു.

ഒരുവശത്ത് ഒരേസമയം ബി.ജെ.പി.യുടെയും ആര്‍.എസ്.എസ്സിന്റെയും ഏറ്റവും പരിചിതമുഖങ്ങളായ അടല്‍ബിഹാരി വാജ്‌പേയി, എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ 1992 ഡിസംബറിലെ സംഭവവികാസങ്ങളെ തള്ളിപ്പറയുകയും അവരുടെ നിഷ്‌കളങ്കത പൊതുജനത്തിനു മുന്നില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തുപോരുന്നു. മറുവശത്ത് ആ ദിവസത്തെ കൃത്യങ്ങളും പരിപാടികളുമെല്ലാം പെട്ടെന്ന് സംഭവിച്ചതല്ലെന്ന് സംശയലേശമെന്യേ പറയാവുന്നതാണ്.

എല്ലാ കൃത്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയതും വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതും ആയിരുന്നു. അതുകൊണ്ടുതന്നെ ഈ കപടമിതവാദികളെ ഇക്കാര്യങ്ങളിലൊന്നും ഒരുതരത്തിലും നിഷ്‌കളങ്കരാണെന്ന് കമ്മീഷന് പറയാനാവില്ല- ലിബര്‍ഹാന്‍ചൂണ്ടിക്കാട്ടി. ''സംഘപരിവാറിന്റെ ആസൂത്രിത പരിപാടികളൊന്നും എല്‍.കെ. അദ്വാനിക്കോ എ.ബി. വാജ്‌പേയിക്കോ എം.എം. ജോഷിക്കോ അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ഒരു നിമിഷം പോലും വിശ്വസിക്കാനാവില്ല''- അദ്ദേഹം പറയുന്നു.

ബി.ജെ.പി. അന്നും ഇന്നും സംഘപരിവാറിന്റെ വാലാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. സംഘം ജനപ്രീതി കുറഞ്ഞ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എടുത്തണിയാവുന്ന ഒരു മുഖാവരണവും സംഘത്തിന്റെ എടുത്തുചാട്ടക്കാര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ തണലും മാത്രമായിരുന്നു ആര്‍.എസ്.എസ്സിനെസംബന്ധിച്ചിടത്തോളം ബി.ജെ.പി. എല്ലാകാലത്തും. എന്തായാലും ഈ നേതാക്കള്‍ക്കാര്‍ക്കും സംശയത്തിന്റെ ആനുകൂല്യം ഒരുകാരണവശാലും നല്കാനാവില്ല; പ്രത്യേകിച്ച് ജനങ്ങള്‍ വിശ്വസിച്ചും വോട്ടു നല്കിയും അധികാരത്തിലെത്തിച്ചവര്‍ക്ക്- കമ്മീഷന്‍ വിശദമാക്കുന്നു.

മറുഭാഗം

ഉന്മത്തരായ ഹിന്ദു ആശയവാദികള്‍ക്ക് പൊതുജനത്തിന്റെ ഉള്ളില്‍ ഭയമുളവാക്കാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തതില്‍ ഉന്നതരായ മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. വിദ്വേഷവും അസ്വസ്ഥതകളുമുണ്ടാക്കാന്‍ ശത്രുവിന്റെ സാന്നിധ്യം കൂടിയേ തീരൂ എന്ന അവസ്ഥയില്‍ അറിയാതെയോ അറിഞ്ഞുകൊണ്ടോ മുസ്‌ലിം നേതൃത്വം വി.എച്ച്.പി.യുടെയും ആര്‍.എസ്.എസ്സിന്റെയും നേതാക്കളുടെ ആവശ്യം നിറവേറ്റിക്കൊടുത്തുവെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതില്‍ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. 'തര്‍ക്കമന്ദിര'ത്തില്‍ ബിംബങ്ങള്‍ പ്രതിഷ്ഠിക്കാനും ഗേറ്റുകള്‍ തുറന്നുനല്കാനും അവലംബിച്ച വളഞ്ഞ നിയമവഴികളെ പ്രതിരോധിക്കാനും ഇവര്‍ക്കായില്ല. അതുകൊണ്ടുതന്നെ തൃതീയതലത്തില്‍ ഈ സംഘടനകളും നേതാക്കളും കുറ്റക്കാരാണെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.