അയോധ്യ: തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ വിധി


തര്‍ക്കഭൂമി മൂന്നായി വീതിക്കണം

തര്‍ക്കഭൂമി മൂന്നായി വീതിക്കണം
ലഖ്‌നോ: ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്തായതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തര്‍ക്ക ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കും തുല്യമായി വീതിക്കണമെന്നും അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധിച്ചു. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് എതിരായി നിര്‍മിച്ചതിനാല്‍  തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനെ പള്ളിയായി പരിഗണിക്കാനാവില്ലെന്നും ചരിത്ര പ്രധാന വിധിയില്‍ കോടതി വ്യക്തമാക്കി.
തര്‍ക്കഭൂമി തുല്യമായി വീതിച്ച് മൂന്നിലൊരു വിഹിതം വീതം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും സന്യാസി സംഘമായ നിര്‍മോഹി അഖാര ട്രസ്റ്റിനും നല്‍കണമെന്ന് വ്യക്തമാക്കിയ വിധി മൂന്ന് കൂട്ടരും മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാകാത്ത തരത്തില്‍ തങ്ങളുടെ ഭൂമി മതില്‍ കെട്ടി വേര്‍തിരിക്കണമെന്നും മൂന്ന് ഭാഗങ്ങളില്‍ നിന്ന് പ്രവേശന കവാടം നിര്‍മിക്കണമെന്നും നിര്‍ദേശിച്ചു. ഹിന്ദുക്കള്‍ക്കും നിര്‍മോഹി അഖാരക്കും നല്‍കുന്ന ഭൂമികളില്‍ ക്ഷേത്രങ്ങളും മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ പള്ളിയും നിര്‍മിക്കണം. ഭൂമിയുടെ കാര്യത്തില്‍ കക്ഷികള്‍ തമ്മില്‍ നീക്കുപോക്കുകള്‍ ആകാമെന്നും എന്നാല്‍, ഏതെങ്കിലും വിഭാഗത്തിന് നഷ്ടപ്പെടുന്നതിന് തുല്യമായ സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്ത ഭൂമിയില്‍ നിന്ന് നല്‍കിയാല്‍ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി.  

മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായഭിന്നതകള്‍ പ്രതിഫലിപ്പിച്ച വിധി പ്രസ്താവം മൂന്നും വെവ്വേറെ പുറത്തുവിട്ടാണ് രാജ്യം കാത്തുനിന്ന സങ്കീര്‍ണമായ വിധിപ്രസ്താവം വന്നത്. തകര്‍ത്തത് പള്ളിയാണെന്നും പള്ളിക്കകത്ത് 1949 ഡിസംബര്‍ 22നും 23നുമിടയില്‍ രാത്രി വിഗ്രഹങ്ങള്‍ കൊണ്ടുവന്നുവെക്കുകയുമായിരുന്നു എന്ന് ഭൂരിഭാഗം ജഡ്ജിമാരും അഭിപ്രായപ്പെട്ടെങ്കിലും കോടതി പരിഗണിച്ച അഞ്ച് ഹരജികളില്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്നും കോടതി വിധിച്ചു. പള്ളി നിന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദേശത്തില്‍ മൂന്ന് ജഡ്ജിമാരും ഏകോപിക്കുകയും ചെയ്തു.
തകര്‍ത്ത ബാബരി പള്ളിയുടെ താഴികക്കുടങ്ങള്‍ക്ക് താഴെയുള്ള തര്‍ക്കസ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമായിരുന്നെന്നും ശ്രീരാമന്റെ ചൈതന്യം അവിടെ നിലനിന്നിരുന്നുവെന്നുമുള്ള കാര്യത്തില്‍ ജസ്റ്റിസുമാരായ സുധീര്‍ അഗര്‍വാളും ഡി.വി. ശര്‍മയും യോജിച്ചു. ബാബര്‍ പള്ളി പണിതത് എന്നാണെന്ന് തീര്‍ച്ചയില്ലെന്ന് വ്യക്തമാക്കുന്ന വിധിയില്‍ ഏതായാലും നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്താണെന്ന വാദത്തിലും ഒന്നിച്ച ഇരുവരും ഇത് ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും പ്രഖ്യാപിച്ചു. ഹൈകോടതി സ്‌റ്റേ ചെയ്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഇതിനുള്ള തെളിവായും അവര്‍ ഉന്നയിച്ചു.
രണ്ടു ജഡ്ജിമാര്‍ യോജിച്ചതിനാല്‍ വിധി ഏറക്കുറെ രാമജന്മഭൂമിക്ക് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്.
രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് അവര്‍ ആവശ്യപ്പെട്ട പോലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് ഡി.വി. ശര്‍മ സുന്നി വഖഫ്‌ബോര്‍ഡിന്റെയും നിര്‍മോഹി അഖാരയുടെയും ഹരജികള്‍ തള്ളണമെന്നാണ് വിധിച്ചത്. രാമക്ഷേത്രം തകര്‍ത്താണ് പള്ളിപണിതതെന്നും അതിനാല്‍ ആ സ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നും സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ തര്‍ക്ക ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും നിര്‍മോഹി അഖാരക്കും തുല്യമായി വീതിക്കണമെന്നും ആവശ്യപ്പെട്ടു. ബാബര്‍ അല്ല ബാബരി മസ്ജിദ് ഉണ്ടാക്കിയതെന്ന വാദവും അഗര്‍വാള്‍ ഉന്നയിച്ചു. ഇപ്പോള്‍ ഹിന്ദുക്കള്‍ ബാബരി പള്ളിക്കകത്ത് പൂജ നടത്തികൊണ്ടിരിക്കുന്നു.
എന്നാല്‍, ഇവരുടെ നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് സിബ്ഗത്തുല്ലാ ഖാന്‍ രാമക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് പള്ളി പണിതതെന്ന വാദം അസംബന്ധമാണെന്നും അതേസമയം പള്ളി പൊളിച്ച സ്ഥാനത്തുള്ള താല്‍ക്കാലിക ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ ആരാധന തുടരുന്നതിനാല്‍ ആ ഭാഗം അവര്‍ക്ക് വിട്ടുകൊടുക്കണമെന്നും വിധിച്ചു. ബാബര്‍ നിര്‍മിച്ചതാണ് പള്ളിയെന്നും അത് ക്ഷേത്രം തകര്‍ത്താണെന്ന് തെളിയിക്കാന്‍ മറ്റു രണ്ടു കക്ഷികള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഖാന്‍ ചൂണ്ടിക്കാട്ടി. അതേസമയം ബാബരി പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ 1949 ഡിസംബര്‍ 22ന് അര്‍ധ രാത്രി സ്ഥാപിച്ചതാണെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ വാദം അഗര്‍വാളും സിബ്ഗത്തുല്ലാഖാനും അംഗീകരിച്ചു.   
ഹസനുല്‍ ബന്ന

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ