2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

മന്ദിരം പള്ളി തന്നെ; ക്ഷേത്രം തകര്‍ത്തിട്ടില്ല-ജസ്റ്റിസ് ഖാന്‍

അയോധ്യ വിധിയില്‍ ജസ്റ്റിസ് സിബ്ഗതുല്ലാ ഖാന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ: 1. തര്‍ക്കമന്ദിരം ബാബറിന്റെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ട പള്ളിയാണ്. 2. പള്ളി പണിയാനായി ക്ഷേത്രം തകര്‍ക്കപ്പെട്ടിട്ടില്ല. 3. എന്നാല്‍, പള്ളിയോട് ചേര്‍ന്നുള്ള വിവാദ നിര്‍മിതികള്‍ ബാബറുടെ കാലത്ത് നിര്‍മിക്കപ്പെട്ടതാണെന്നതിന് നേരിട്ടുള്ള തെളിവില്ല.
4. വളരെ പുരാതന കാലത്തുണ്ടായിരുന്ന ഒരു ക്ഷേത്രത്തിന്റെ വളരെക്കാലമായി മണ്ണുമൂടിക്കിടന്ന അവശിഷ്ടങ്ങള്‍ക്കു മേലാണ് പള്ളി നിര്‍മിച്ചത്. നിര്‍മാണത്തിന് ആ ഭൂമിയില്‍ ലഭ്യമായ ചില വസ്തുക്കള്‍ ഉപയോഗിച്ചു.
5. ഇപ്പോഴത്തെ തര്‍ക്കമേഖല ഉള്‍പ്പെടുന്ന വിശാലമായ സ്ഥലത്തിന്റെ ഒരു ഭാഗത്താണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന്, പള്ളി നിര്‍മിക്കപ്പെടുന്നതിന് മുമ്പുതന്നെ ദീര്‍ഘകാലം ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, രാമന്റെ ഈ ജന്മസ്ഥലം ഇപ്പോഴത്തെ തര്‍ക്കമന്ദിരം ഉള്‍പ്പെടെയുള്ള വിവാദ സ്ഥലത്തിന്റെ ഒരു പ്രത്യേക ഭാഗത്താണെന്ന വിശ്വാസം ഉണ്ടായിരുന്നില്ല. 6. പള്ളി നിര്‍മിച്ച് അല്‍പകാലം കഴിഞ്ഞപ്പോള്‍ ഹിന്ദുക്കള്‍, ഇപ്പോഴത്തെ തര്‍ക്ക പരിസരമാണ് രാമന്റെ യഥാര്‍ഥ ജന്മസ്ഥലമെന്ന് കരുതി. അഥവാ അങ്ങനെയൊരു യഥാര്‍ഥ ജന്മസ്ഥലമുണ്ടെന്ന് കരുതി.
7. 1855 കാലത്ത് റാംഛബൂത്രയും സീതാറസോയിയും നിലവില്‍വരികയും ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തുകയും ചെയ്തു. മുസ്‌ലിംകള്‍ പള്ളിയില്‍ നമസ്‌കാരം നടത്തവെതന്നെ പള്ളിയുടെ അതിര്‍ത്തി മതിലിനോടു ചേര്‍ന്ന് പള്ളിവളപ്പില്‍തന്നെ ഹിന്ദുആരാധനാ സ്ഥലങ്ങളായി മാറിയ ഈ സംഭവം അത്യപൂര്‍വമായിരുന്നു.
8. ഇതില്‍നിന്ന് തര്‍ക്കസ്ഥലം മൊത്തമായി മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും സംയുക്ത ഉടമസ്ഥതയില്‍ ആയിരുന്നുവെന്ന് കരുതാം. 9. ഇപ്പോഴത്തെ തര്‍ക്കസ്ഥലം ഒരിക്കലും നിയമപരമായി വിഭജിക്കപ്പെട്ടില്ല. മുസ്‌ലിംകളും ഹിന്ദുക്കളും സ്ഥലത്തിന്റെ വിവിധ ഭാഗങ്ങള്‍ കൈവശംവെച്ച് ഉപയോഗിച്ചുപോന്നു.
മൊത്തം തര്‍ക്കസ്ഥലവും ഹിന്ദു-മുസ്‌ലിം പൊതു ഉടമസ്ഥതയില്‍ ആയിരുന്നു. 10. സ്ഥലത്തിന്റെ ഒറ്റക്കുള്ള കൈവശാവകാശമുണ്ടെന്ന് നിയമപരമായി തെളിയിക്കാന്‍ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല. സ്ഥലം ഇരുപക്ഷത്തിന്‍േറയും സംയുക്ത ഉടമസ്ഥതയിലായിരുന്നുവെന്നാണ് തെളിവുകള്‍.
11. രാമന്റെ യഥാര്‍ഥ ജന്മസ്ഥലം പള്ളിയുടെ മധ്യ താഴികക്കുട ഭാഗത്താണെന്ന് (ഇപ്പോള്‍ താല്‍കാലിക ക്ഷേത്രമുള്ള സ്ഥലം) 1949 ന് ഏതാനും പതിറ്റാണ്ടു മുമ്പ് ഹിന്ദുക്കള്‍ കരുതാന്‍ തുടങ്ങി.
12. 1949 ഡിസംബര്‍ 23 പുലര്‍ച്ചെയാണ് പള്ളിക്കുള്ളില്‍ മധ്യതാഴികക്കുട ഭാഗത്ത് വിഗ്രഹങ്ങള്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടത്. 13. ഈ കാര്യങ്ങള്‍ കോടതിക്ക് ബോധ്യമായതിനാല്‍ തര്‍ക്ക സ്ഥലത്തിന്റെ ഉടമാവകാശം ഇരുപക്ഷത്തിനുമുണ്ടെന്ന നിഗമനത്തിലെത്തുന്നു.
ഉത്തരവ്: അതിനാല്‍ തര്‍ക്കത്തിലെ മൂന്നു കക്ഷികളെയും, അതായത് മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, നിര്‍മോഹി അഖാര എന്നിവരെ ഈ തര്‍ക്കസ്ഥലത്തിന്റെ സംയുക്ത ഉടമകളായി വിധിക്കുന്നു. മധ്യതാഴികക്കുടത്തിനു ചുവട്ടില്‍ ഇപ്പോള്‍ വിഗ്രഹങ്ങള്‍ ഉള്ള താല്‍കാലിക ക്ഷേത്ര സ്ഥലം ഉള്‍പ്പെടെ മൂന്നിലൊന്ന് ഭാഗം ഹിന്ദുക്കള്‍ക്ക് അനുവദിക്കുന്നു.
രാംഛബൂത്ര, സീതാറസോയി എന്നീ നിര്‍മിതികള്‍ ഉള്‍പ്പെടുന്ന മൂന്നിലൊന്ന് ഭാഗം നിര്‍മോഹി അഖാരക്കു നല്‍കണം. മൂന്നാമത്തെ ഭാഗം മുസ്‌ലിംകള്‍ക്കു നല്‍കണം.
ഇപ്രകാരം തര്‍ക്കസ്ഥലം മൂന്നു തുല്യ ഭാഗങ്ങളായി വിഭജിച്ചു നല്‍കുമ്പോള്‍ ഏതെങ്കിലും കക്ഷിക്ക് ലഭിക്കുന്ന ഭൂമിയില്‍ നേരിയ കുറവു വേണ്ടിവന്നാല്‍, നഷ്ടപരിഹാരമെന്ന നിലയില്‍ പകരം ഭൂമി നല്‍കണം. തര്‍ക്കസ്ഥലത്തോടു ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍നിന്ന് ഒരു ഭാഗമാണ് പകരമായി നല്‍കേണ്ടത്. തര്‍ക്കസ്ഥല വിഭജനം സംബന്ധിച്ച് കക്ഷികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാം.
നിര്‍ദേശങ്ങള്‍ ഈ കോടതിയുടെ ചീഫ് ജസ്റ്റിസ് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. വിഭജനം പൂര്‍ത്തിയാകുംവരെ തര്‍ക്കസ്ഥലത്ത് ഇപ്പോഴത്തെ നില തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ