2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

നിരാശയല്ല; ഉത്കണ്ഠ-സഫരിയാബ് ജീലാനി

Sat, 10/02/2010

നിരാശയല്ല; ഉത്കണ്ഠ

ബാബരി കേസില്‍ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പരിശ്രമിച്ച ആളെന്ന നിലയില്‍ വിധിയെപ്പറ്റി?
* നിരാശയല്ല, അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്ന വിധിയാണിത്. രാജ്യത്തെ നീതിന്യായസംവിധാനത്തില്‍ വിശ്വസിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തും വിധം അപകടകരമാണിത്. തെളിവിന്റെ അടിസ്ഥാനത്തില്‍ യുക്തിപൂര്‍ണമായിരിക്കണം കോടതി വിധികള്‍. രേഖകളും ആധികാരിക ഗ്രന്ഥങ്ങളും ദൃക്‌സാക്ഷികളും എല്ലാം തെളിവുകളില്‍പെടും. തെളിവുകള്‍ അപഗ്രഥിച്ച് യുക്തിസഹമായ തീര്‍പ്പിലെത്തുകയാണ് കോടതിയുടെ ബാധ്യത. അത് നിറവേറ്റുന്നതിലാണ് അതിന്റെ വിശ്വാസ്യത. അതുകൊണ്ടാണ് പൊലീസില്‍നിന്നും ഭരണകൂടത്തില്‍നിന്നുപോലും നീതി ലഭിക്കാത്ത പൗരന്‍ കോടതിയില്‍ അഭയം പ്രാപിക്കുന്നത്.

ഈ വിശ്വാസത്തെ അട്ടിമറിക്കുന്നതാണോ ഹൈകോടതി വിധി ?
* വിധി ഈ വിശ്വാസത്തെ അട്ടിമറിക്കുക മാത്രമല്ല, നീതിന്യായ സംവിധാനത്തില്‍ ഒരിക്കലും സ്വീകാര്യമല്ലാത്ത ഒരു പ്രവണതക്ക് കോടതി തുടക്കം കുറിച്ചിരിക്കുന്നു. ഒരു കൂട്ടരുടെ വിശ്വാസം ഒരിക്കലും കോടതിക്ക് തെളിവാകാന്‍ പാടില്ലായിരുന്നു. മറിച്ചൊരു വിശ്വാസം മറ്റൊരു കൂട്ടര്‍ക്കും ഉണ്ടാകാമല്ലോ. ഒരു തരത്തിലുള്ള തെളിവും ചൂണ്ടിക്കാട്ടാതെ വിശ്വാസം അനുസരിച്ച് ബാബരിമസ്ജിദിന്റെ മിനാരങ്ങള്‍ക്ക് താഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്നാണ് ജഡ്ജിമാരുടെ വിധി. പണ്ടുകാലം തൊട്ടേയുള്ള വിശ്വാസമാണ് കോടതിയുടെ ഈ വിധിക്ക് അടിസ്ഥാനമെന്നും ജഡ്ജിമാര്‍ പറയുന്നു. പള്ളിക്ക് അകത്ത് ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരു കൂട്ടര്‍ക്കാണെന്ന് ചൂണ്ടിക്കാട്ടുന്നതിന് ഒരു തെളിവും കോടതി ഉന്നയിച്ചിട്ടില്ല. തെളിവിന് പകരമാണ് പണ്ടുകാലം മുതല്‍ക്കേയുള്ള വിശ്വാസത്തെ കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍, ഈ വാദവും വസ്തുതാവിരുദ്ധമാണ്. കോടതിരേഖകള്‍ അനുസരിച്ച് പള്ളിമിനാരങ്ങള്‍ക്ക് താഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന് പണ്ടുകാലത്ത് വിശ്വാസമില്ല. അല്ലെങ്കില്‍ അതിന് നൂറ് വര്‍ഷമേ പഴക്കമുള്ളൂ. കാരണം, ഇതേ കോടതിയുടെ കൈവശമുള്ള 115 വര്‍ഷം മാത്രം പഴക്കമുള്ള രേഖയനുസരിച്ച് മിനാരങ്ങള്‍ക്ക് താഴെയുള്ള ഭാഗം പള്ളിയാണെന്നാണ് ഹിന്ദുവിശ്വാസം. ബാബരി മസ്ജിദിനോട് ചേര്‍ന്നുണ്ടായിരുന്ന ക്ഷേത്രമായ രാം ഛബൂത്രയിലെ പൂജാരി 1885ല്‍ അന്നത്തെ ഫൈസാബാദ് കോടതിക്ക് സമര്‍പ്പിച്ച രേഖയിലാണ് ഈ ഭാഗം പള്ളിയാണെന്ന് വ്യക്തമാക്കുന്നത്. നൂറു കൊല്ലം മുമ്പ് ഹിന്ദു പൂജാരി കോടതിയില്‍ സമര്‍പ്പിച്ച രേഖയുണ്ടായിരിക്കേ പണ്ടുകാലം തൊട്ടേയുള്ള വിശ്വാസം എന്ന് പറയുന്നതില്‍ ന്യായമില്ല. 1885ല്‍ ബാബരിമസ്ജിദുമായി ബന്ധപ്പെട്ട് പൂജാരി മഹന്ത് രഘുവര്‍ദാസ് ഫൈസാബാദ് കോടതിയില്‍ നല്‍കിയ ഹരജിയാണ് ഈ രേഖ. ബാബരിമസ്ജിദിന്റെ മുറ്റത്തുണ്ടായിരുന്ന രാം ഛബൂത്രയില്‍ പൂജാകര്‍മങ്ങള്‍ നടത്താന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് മാത്രമായിരുന്നു മഹന്ത് രഘുവര്‍ ദാസ് ഫൈസാബാദ് കോടതിയില്‍ ഉന്നയിച്ച ആവശ്യം. പള്ളിയിലെ നമസ്‌കാരത്തിന് ഭംഗം വരാത്ത തരത്തില്‍ രാം ഛബൂത്രക്ക് മേല്‍ക്കൂരയുള്ള കെട്ടിടം നിര്‍മിക്കാമെന്ന് മഹന്ത് രഘുവര്‍ദാസ് അന്ന് കോടതിക്ക് ഉറപ്പും നല്‍കി. ഈ രേഖ സുന്നീ വഖഫ് ബോര്‍ഡ് ലഖ്‌നോ ബെഞ്ചിന് കൈമാറിയതാണ്. അന്ന് രാമജന്മഭൂമിയല്ലാത്ത സ്ഥലം ഇപ്പോള്‍ രാമജന്മഭൂമിയാണെന്ന് പറയുന്നത് കോടതി അംഗീകരിക്കരുതായിരുന്നു. അപ്പോള്‍ ആരുടെ വിശ്വാസം അനുസരിച്ചാണ് ഈ വിധി? കോടതിക്ക് എങ്ങനെയാണ് വിശ്വാസം മാനദണ്ഡമാകുക? ഈ വിധി സ്വീകരിച്ചാല്‍ നീതിന്യായ ചരിത്രത്തില്‍ നിലവിലില്ലാത്ത കീഴ്‌വഴക്കത്തിന്റെ നാന്ദിയാകും അത്.

കോടതി വിധി മാനിക്കുമെന്നായിരുന്നല്ലോ മുസ്‌ലിംകള്‍ പറഞ്ഞിരുന്നത്?
* മുസ്‌ലിംകള്‍ കോടതി വിധി മാനിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാണല്ലോ മുസ്‌ലിംകള്‍ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തത്. നിയമത്തിന്റെ വഴിയില്‍നിന്ന് മുസ്‌ലിംകള്‍ ഇപ്പോഴും വ്യതിചലിച്ചിട്ടില്ല. മറ്റുള്ള പലരെയും പോലെ വിധിക്കെതിരെ തെരുവില്‍ പോര്‍വിളി മുഴക്കിയിട്ടില്ല. യുക്തിഭദ്രമല്ലാത്ത ഹൈകോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് പറഞ്ഞത്. ഇവിടെ നീതി പോകട്ടെ, നിയമം പോലും പരിഗണിക്കാതെ ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രം അടിസ്ഥാനമാക്കി കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. അത്തരമൊരു വിധി മാനിക്കണമെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെടുന്നവരോട് തിരിച്ചുചോദിച്ചോട്ടെ: ഇവിടുന്നങ്ങോട്ട് നിയമവും പ്രമാണങ്ങളും നോക്കാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധിപ്രസ്താവം നടത്തുന്നതിനെ ഇവര്‍ അംഗീകരിക്കുമോ? രാജ്യത്തെ ഏതെങ്കിലും ഒരു ആരാധനാലയം ചൂണ്ടി മറ്റൊരു വിഭാഗം വിശ്വാസികള്‍ ഇത് തങ്ങള്‍ പവിത്രമെന്ന് വിശ്വസിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞാല്‍ അത് പൊളിച്ചുനീക്കാന്‍ തയാറാകുമോ? രേഖകളും പ്രമാണങ്ങളുമുള്ള ആരുടെയെങ്കിലും കിടപ്പാടത്തില്‍ കയറിച്ചെന്ന് ഏതെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും അവകാശവാദമുന്നയിക്കാവുന്ന സാഹചര്യത്തിനുള്ള വഴിയൊരുക്കുന്നതാണ് ഈ വിധി. മുസ്‌ലിംകള്‍ കോടതിവിധിയെ മാനിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.

നിര്‍മാണകാലവുമായി തട്ടിച്ച് നോക്കി സംശയത്തിന്റെ പേരില്‍ ബാബര്‍ അല്ല പള്ളിയുണ്ടാക്കിയതെന്ന് ഒരു ജഡ്ജി വിധിച്ചിരിക്കുന്നു. അതേസമയം, പള്ളിയുടെ മിനാരങ്ങള്‍ക്ക് താഴെ സ്ഥലത്ത് രാമന്‍ എപ്പോഴാണ് ജനിച്ചതെന്ന് വിധി വ്യക്തമാക്കിയിട്ടുമില്ല?
* ഇതു തന്നെയാണ് പ്രശ്‌നം. ഒരു വിഭാഗത്തിന്റെ വാദങ്ങള്‍ പരിഗണിച്ചപ്പോള്‍ കര്‍ക്കശമായ യുക്തിയുടെ സമീപനം സ്വീകരിച്ചു. അതേസമയം മറുവിഭാഗത്തിന്റെ യുക്തിക്ക് നിരക്കാത്ത വാദങ്ങള്‍ക്ക് പോലും വിശ്വാസം അടിസ്ഥാനം. ബാബറിന്റെ കാലത്തെക്കുറിച്ച് ബാലിശവാദം ഉന്നയിച്ച കോടതിക്ക് രാമന്‍ ജനിച്ച കാലയളവായി ഹിന്ദു സന്യാസി നല്‍കിയ മൊഴിയില്‍ ഒരു യുക്തിരാഹിത്യവും തോന്നിയില്ല. പ്രത്യേക കോടതിയില്‍ വിചാരണ വേളയില്‍ രേഖപ്പെടുത്തിയ പ്രമുഖസന്യാസിയുടെ ഈ മൊഴി പ്രകാരം ഒമ്പത് ലക്ഷം വര്‍ഷം മുമ്പാണ് ശ്രീരാമന്‍ ജനിച്ചത്. ഒമ്പത് ലക്ഷം വര്‍ഷം മുമ്പ് ഭൂമുഖത്ത് മനുഷ്യവാസമുണ്ടായിരുന്നോ എന്നത് കോടതിക്ക് പ്രശ്‌നമായില്ല. ഒരാള്‍ ജനിച്ചോ ഇല്ലയോ എന്നത് വിശ്വാസത്തിന്റെ പ്രശനമല്ല. അത് വസ്തുതാപരമായി ബോധ്യപ്പെടുത്തേണ്ട വിഷയമാണ്. അത്തരമൊരാളുടെ ജനനവുമായി ബന്ധപ്പെട്ട് തര്‍ക്കമുയരുമ്പോള്‍ വിശേഷിച്ചും. സാമാന്യയുക്തിക്ക് നിരക്കാത്ത ഇക്കാര്യം ബഹുമാനപ്പെട്ട കോടതിയുടെ മുമ്പില്‍ സമര്‍ഥിച്ചതാണ്. രാമന്റെ ജനനം 15 ലക്ഷം വര്‍ഷം മുതല്‍ ഒരു കോടി ലക്ഷം വര്‍ഷം വരെ മുമ്പാണെന്ന് പറഞ്ഞതിന്റെ വിവിധ രേഖകളും വഖഫ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഈ കോടതിയുടെ വിചാരണക്കിടയില്‍ നല്‍കിയ മൊഴികളിലോ സമര്‍പ്പിച്ച രേഖകളിലോ, ചരിത്ര ഗ്രന്ഥങ്ങളിലോ നാലായിരമോ ആറായിരമോ വര്‍ഷം മുമ്പാണ് രാമന്‍ ജനിച്ചതെന്ന് ഒരിക്കല്‍ പോലും അവകാശപ്പെട്ടിട്ടില്ല. യുക്തിപൂര്‍ണമല്ലാത്ത വിധിയാണിത് എന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നായി ഇക്കാര്യവും ചൂണ്ടിക്കാട്ടാനേ ഇനി കഴിയൂ.

ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം ആരുടേതാണ്? അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായമെന്താണ്?
* ഒരു അഭിഭാഷകനെന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. മേല്‍കോടതിയില്‍ പോകുക മാത്രമാണ് ഇനിയുള്ള വഴി. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഞാന്‍ വ്യക്തിപരമായി ചെയ്യുന്നതല്ല ഈ കേസ്. അവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കേസ് ഏറ്റെടുത്തത്. ഇനി സുപ്രീംകോടതിയിലേക്ക് പോകണമെന്ന് പറഞ്ഞാല്‍ ഞാന്‍ പോകും. തെളിവുകളും രേഖകളും പരിഗണിക്കാതെ വിശ്വാസം മാത്രം മുഖവിലക്കെടുത്ത് നടത്തിയ ഒരു വിധി മുസ്‌ലികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.

ജസ്റ്റിസ് കൃഷ്ണയ്യര്‍ വിധി വിചിത്രമാണെന്നാണ് അഭിപ്രായപ്പെടത്. ജസ്റ്റിസ് രജീന്ദര്‍ സച്ചാറും മുസ്‌ലിംകള്‍ സുപ്രീംകോടതിയില്‍ പോകുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു?
* നീതിന്യായ സംവിധാനങ്ങളെ ആദരിക്കുന്നവരെ അമ്പരപ്പിച്ചതു കൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യരെ ആദരണീയരായ നീതിപാലകര്‍ ഈ വിധിയെ അപലപിക്കുന്നത്. ഇരു വിഭാഗങ്ങളും ഉന്നയിച്ച വാദങ്ങള്‍ വിവേചിച്ച് നോക്കാതെയാണ് വിധി പ്രസ്താവമെന്ന് കോടതിയുടെ പദപ്രയോഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. രാജ്യം ആദരിക്കുന്ന മുതിര്‍ന്ന നിയമവിദഗ്ധരുടെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ തീര്‍ച്ചയായും വിധിയോടെ അനാഥത്വം അനുഭവിക്കുന്ന മുസ്‌ലിംകള്‍ക്ക് ആശ്വാസം പകരുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ