ബാബരി വിധി
2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച
പുരാവസ്തു ശാസ്ത്രത്തെ ഇനി നിരോധിക്കാം -എ. റശീദുദ്ദീന്‍
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശ വിധിയോടൊപ്പം ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്റെ അടിത്തറയും കൂടി കോടതി മാന്തിയെടുത്തെന്ന് പറയാതെ വയ്യ. ഉടമസ്ഥാവകാശം പോലെ ഏതുപക്ഷത്തേക്കും ചായുന്നതായിരുന്നില്ല ഉത്ഖനനത്തിലെ കണ്ടെത്തലുകള്‍. അത് കൃത്യമായ സയന്‍സായിരുന്നു.
2003 ആഗസ്റ്റ് 24നാണ് എ.എസ്.ഐ അയോധ്യയെ കുറിച്ച കണ്ടെത്തലുകള്‍ കോടതിക്കു സമര്‍പ്പിച്ചത്. കേസിലെ സാക്ഷികളില്‍ പലരും മരിച്ചു തീരുന്ന സാഹചര്യത്തില്‍ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാക്കാന്‍ പല കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദം ഉയരുന്നുണ്ടായിരുന്നു. അപ്പോഴും 'അതേ സ്ഥാന'ത്ത് മന്ദിരം പണിയണമെന്നും മുസ്‌ലിംകളെ അയോധ്യയുടെ 'പഞ്ചകോശി പരിക്രമ'യുടെ (ഏകദേശം 20 കിലോമീറ്ററിനു മുകളില്‍ വരുന്ന ഒരു ദൂരം) പുറത്തു കടത്തണമെന്നുമുള്ള പിടിവാശിക്ക് നിയമപരിരക്ഷ ഉണ്ടാവുക എന്ന ലക്ഷ്യത്തില്‍ നിന്ന് വി.എച്ച്.പി എത്രയോ അകലെയായിരുന്നു. 2003 മാര്‍ച്ചില്‍ ശിലാദാന്‍ പ്രക്ഷോഭം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മഹന്ത് റാംചന്ദര്‍ പരമഹംസ് ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് എ.എസ്.ഐയെ മുന്നില്‍ നിര്‍ത്തി രണ്ടും കല്‍പിച്ച അവസാനഘട്ട പരീക്ഷണത്തിന് വാജ്‌പേയി സര്‍ക്കാര്‍ തയാറായത്. ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും നെറികെട്ട കുതന്ത്രങ്ങളിലൊന്നായിരുന്നു അത്. എ.എസ്.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡോ: കസ്തൂരി ഗുപ്തയെ രായ്ക്കുരാമാനം കൈത്തറി മന്ത്രാലയത്തിലേക്കു സ്ഥലംമാറ്റിയാണ് ആര്‍ക്കിയോളജിയുമായി ഒരു ബന്ധവുമില്ലാത്ത അന്നത്തെ സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഗൗരി ചാറ്റര്‍ജിയെ ഈ ഉത്ഖനനത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുരളീ മനോഹര്‍ ജോഷി പറഞ്ഞയക്കുന്നത്. ആര്‍.എസ്.എസ് ബന്ധമായിരുന്നു ഗൗരിയുടെ മറ്റെന്തിനേക്കാളും വലിയ യോഗ്യതയായത്.
പലരും തെറ്റിദ്ധരിക്കുന്നതു പോലെ നടപടി ക്രമങ്ങളെ തെറ്റിച്ചോ അതീവ രഹസ്യമായോ നടന്ന ഏര്‍പ്പാടായിരുന്നില്ല ഉത്ഖനനം. ഇരു പക്ഷവും അംഗീകരിച്ച പുരാവസ്തു ശാസ്ത്രജ്ഞന്‍മാര്‍ ഉത്ഖനന സ്ഥലത്ത് ഹാജരുണ്ടായിരുന്നു. മുസ്‌ലിം പക്ഷത്തു നിന്നും ഡോ: സൂരജ് ഭാന്‍, സുപ്രിയ വര്‍മ, ജയ മേനോന്‍, സയ്യിദ് അലിനദീം റിസ്‌വി എന്നിവരും ഹിന്ദു പക്ഷത്തു നിന്ന് ഡോ: എസ്.പി ഗുപ്തയും തരുണ്‍ കുമാര്‍ ശര്‍മയുമാണ് ഉത്ഖനനത്തിന് മേല്‍നോട്ടം വഹിച്ചത്. ഓരോ കുഴിയില്‍ നിന്നും എന്ത് കിട്ടിയെന്ന് ഇരുപക്ഷവും അതത് ദിവസത്തെ രേഖകളില്‍ ഒപ്പുവെക്കുകയും കിട്ടിയ കല്ലും മണ്ണടരും പുരാവസ്തുക്കളും തൊണ്ടി മുതലുകളായി കോടതിയെ ഏല്‍പിക്കുകയും വേണമായിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ ഖനനത്തിന്റെ ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങളും നടന്നു. 2003ല്‍ നടന്ന ഉദ്ഖനനം തൊട്ട് ഇന്നേവരെ അവകാശപ്പെടാത്ത ചില വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. പഴയ ക്ഷേത്രത്തിന്റെ തൂണിന്റെ അവശിഷ്ടം കിട്ടി എന്നു പോലും ചില മാധ്യമങ്ങള്‍ എഴുതിവിടുന്നുണ്ട്. കിട്ടിയ തെളിവുകളെ വ്യാഖ്യാനിച്ച എ.എസ്.ഐയിലെ രാഷ്ട്രീയക്കാരായ ഉദ്യോഗസ്ഥര്‍ പോലും ഇങ്ങനെ അവകാശപ്പെട്ടിട്ടില്ല. 50 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഒരുപക്ഷേ ഹിന്ദുക്ഷേത്രം ആയിരിക്കാനടിയുള്ള കെട്ടിടം ഖനനത്തിനിടയില്‍ കണ്ടതായി മാത്രമാണ് എ.എസ്.ഐ പില്‍ക്കാലത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ഉദ്ഖനനത്തെ കുറിച്ച് എ.എസ്.ഐയുടെ ചെലവില്‍ തയാറാക്കിയ ബി.ജെ.പി ഭരണകൂടത്തിന്റെ നിഗമനമായിരുന്നു, അല്ലാതെ അതേക്കുറിച്ച ഫോട്ടോകളോ കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങളോ കോടതി നിയമിച്ച പുരാവസ്തു ശാസ്ത്രജ്ഞരുടെയോ മുസ്‌ലിം പക്ഷത്തെ സാക്ഷികളുടെയോ സാക്ഷ്യപ്പെടുത്തലോ ശാസ്ത്രീയമായ വിശകലനമോ ആയിരുന്നില്ല.
മസ്ജിദ് നിന്ന ഭൂപാളിയുടെ എത്രയോ നൂറ്റാണ്ടുകള്‍ താഴെ നിന്നുള്ള വിവിധ മണ്ണടരുകളില്‍ നിന്നു ലഭിച്ച ഇഷ്ടികക്കഷണങ്ങളെ രാമക്ഷേത്രത്തിന്റെ തറയുടെ ഭാഗമായി വ്യാഖ്യാനിച്ചും ഈ മണ്ണടരിനും മസ്ജിദിനുമിടയില്‍ നിന്നു ലഭിച്ച എല്ലാ പുരാവസ്തുക്കളെയും വിട്ടു കളഞ്ഞുമാണ് എ.എസ്.ഐ കോടതിയിലെത്തിയത്. ഒരു കെട്ടിടത്തിന്റെ തൂണുകളിലൊന്ന് 12ാം നൂറ്റാണ്ടിലും മറ്റേത് 9ാം നൂറ്റാണ്ടിലുമാകുന്ന വൈചിത്ര്യത്തെ അഭിഭാഷകബുദ്ധി കൊണ്ട് അവര്‍ വ്യാഖ്യാനിച്ചു വെളുപ്പിച്ചു. ഈ മണ്ണടരുകളില്‍ ചിലതില്‍ നിന്ന് ഒറ്റപ്പെട്ട ക്ഷേത്രോപകരണങ്ങള്‍ ലഭിച്ചത് ഒരു കണക്കിന് വി.എച്ച്.പിയുടെ അവകാശവാദത്തിന് പിടിവള്ളി നല്‍കി. പക്ഷേ, ഏതവസ്ഥയില്‍ കണ്ടെടുത്തു എന്ന ചോദ്യമാണ് അവഗണിക്കപ്പെട്ടത്. മറ്റൊരു ക്ഷേത്രം പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍, അതും പരസ്‌പര ബന്ധമില്ലാത്ത രീതിയില്‍, ഉപയോഗിച്ച് ഹിന്ദുക്കള്‍ പുതിയ ക്ഷേത്രം നിര്‍മിച്ചതിന് ഇന്ത്യാ ചരിത്രത്തില്‍ തന്നെ തെളിവില്ല. ഈ ആദിമ കെട്ടിടം പള്ളിയാണെന്നും അതല്ല 12ാം നൂറ്റാണ്ടിലെ സല്‍ത്തനത്ത് കാലഘട്ടത്തില്‍ നിര്‍മിച്ച ഈദ്ഗാഹ് ആണെന്നും രണ്ട് വാദങ്ങളുണ്ട്. ഡോ: സൂരജ്ഭാന്‍ വാദിക്കുന്നത് ഇത് ഈദ്ഗാഹ് ആയിരിക്കാമെന്നാണ്. അതിന്റെ മതിലിലുള്ള വില്ലു മാതൃകയിലെ വിളക്കുമാടം അക്കാര്യത്തില്‍ സര്‍വാംഗീകൃതമായ മുസ്‌ലിം സൂചികകളിലൊന്നാണ്. അതേസമയം, ഈ ആദ്യകാല മസ്ജിദ് നിര്‍മിക്കപ്പെട്ടപ്പോള്‍ തൊട്ടുതാഴെ ക്ഷേത്രമുണ്ടായിരുന്നോ എന്ന പരിശോധനയിലായിരുന്നു സത്യം പുറത്തുവരേണ്ടിയിരുന്നത്. താഴോട്ടു പോകുന്തോറും ബുദ്ധ കാല തെളിവുകളാണ് പുറത്തു വന്നത്. അദ്ഭുതകരമെന്നു പറയട്ടെ, ഉറച്ച മണ്ണടരില്‍ തട്ടുന്നതു വരെ 12 മീറ്റര്‍ താഴോട്ടു കുഴിച്ച് പരമദയനീയമായി ഉത്ഖനനം അവസാനിപ്പിച്ച് പിക്കാസും വലിച്ചെറിഞ്ഞു പോയ അതേ എ.എസ്.ഐയാണ് പിന്നീട് കോടതിയില്‍ ക്ഷേത്രം കണ്ടുവെന്ന കള്ള റിപ്പോര്‍ട്ട് നല്‍കിയത്.
ബാബറിനും മുമ്പേതോ കാലത്ത് അയോധ്യയില്‍ മുസ്‌ലിം ജനവാസമുണ്ടായിരുന്നു എന്നും അവര്‍ ഈദ്ഗാഹോ മസ്ജിദോ ആയി ഉപയോഗിച്ച ഒരു കെട്ടിടം ഈ കുന്നില്‍ ഉണ്ടായിരുന്നു എന്നും എ.എസ്.ഐയുടെ വാദങ്ങളെ ഖണ്ഡിച്ച് കോടതിയില്‍ ഹിന്ദുക്കള്‍ തന്നെയായ ആര്‍ക്കിയോളജിസ്റ്റുകളാണ് മറുപടി നല്‍കിയത്. എണ്ണമറ്റ തെളിവുകള്‍ ഈ മുസ്‌ലിം കാലഘട്ടത്തെ കുറിച്ച് ലഭിച്ചതു മുഴുവന്‍ എ.എസ്.ഐ മുക്കി. ആ കാലഘട്ടം കഴിഞ്ഞ് മണ്ണുമൂടിക്കിടന്ന കുന്നില്‍ പിന്നീടെപ്പോഴോ ബാബറുടെ ഗവര്‍ണറായ മീര്‍ബാഖി എത്തിപ്പെടുകയായിരുന്നു. ഈ ചരിത്ര വസ്തുതയെ ഭൂരിപക്ഷസമൂഹം മറിച്ചു വിശ്വസിക്കുന്നതു കൊണ്ട് തള്ളിക്കളയുന്നതെങ്ങനെ? പുരാവസ്തു കാലഗണന വിശ്വാസത്തിന്റെ ഭാഗമാണോ? എങ്കില്‍ നമുക്ക് പക്ഷിശാസ്ത്രവും ഹസ്തരേഖാ ശാസ്ത്രവുമൊക്കെ ധാരാളം മതി.
ഉത്ഖനനം ആരംഭിച്ച ആദ്യ ഒന്നര മാസക്കാലം വാര്‍ത്തകളുടെ പ്രളയമായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളില്‍. ആദ്യമസ്ജിദിന്റെ തറ കണ്ടെത്തിയതോടെയല്ലേ എല്ലാവരും അന്ന് മൗനത്തിന്റെ വല്മീകത്തിലൊളിച്ചത്? പിന്നീടിന്നേ വരെ കോടതിയില്‍ എ.എസ്.ഐ നല്‍കിയ വെറുമൊരു ഫയല്‍ മാത്രമായിരുന്നില്ലേ ഈ 'തെളിവുകള്‍'? യാഥാര്‍ഥ്യം അതായിരുന്നെങ്കില്‍ മാധ്യമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രചാരണങ്ങളിലൂടെയും ഈ തെളിവുകള്‍ പൊതുജനസമക്ഷം ഹാജരാക്കാമായിരുന്നില്ലേ? അത്തരമൊരു ചര്‍ച്ചക്ക് ഇനിയെങ്കിലുമുണ്ടോ ധൈര്യം?
ചതിയിലൂടെയും കുതന്ത്രങ്ങളിലൂടെയും ദൈവത്തിന്റെ സ്മാരകം നിര്‍മിക്കുന്ന ബി.ജെ.പിക്കാരും ഒപ്പമുള്ളവരും തന്നെയാണ് ഇന്ത്യാചരിത്രത്തെ ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷിക്കേണ്ടത്. കോടതി വിധിച്ചതു കൊണ്ടൊന്നും ശ്രീരാമന്റെ ജന്മസ്ഥലം ഇന്നത്തെ അയോധ്യയായി മാറില്ല. ഹോളോകാസ്റ്റിനെ കുറിച്ച പഠനങ്ങള്‍ ഇസ്രായേല്‍ നിരോധിച്ചതു പോലെ അയോധ്യാ ആര്‍ക്കിയോളജിയെ കുറിച്ച പഠനങ്ങള്‍ നമുക്കും വധശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിച്ചു കൊണ്ടു തുടങ്ങാം. വീഴട്ടെ ആദ്യത്തെ ചട്ടി സിമന്റ് ചരിത്രം പഠിച്ചവരുടെ തലയില്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ