ന്യൂഡല്‍ഹി: അയോധ്യാ കേസ് വിധി സംബന്ധിച്ച നിലപാടിനെച്ചൊല്ലി രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. വിശ്വാസത്തെ അടിസ്‌ഥാനമാക്കി സ്വത്തുതര്‍ക്കത്തില്‍ വിധി പ്രഖ്യാപിക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാകുമെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ തുറന്നടിച്ചു.
അലാഹാബാദ് കോടതിയുടെ വിധിയും ബാബ്‌റി മസ്‌ജിദ് തകര്‍ത്തതുമായി ബന്ധിപ്പിക്കുന്നതിനെതിരേ ബി.ജെ.പിയും രംഗത്തെത്തി. അലാഹാബാദ് കോടതിവിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ ലഖ്‌നൗവില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗം തീരുമാനിച്ചു. കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫറൂഖി വ്യക്‌തമാക്കി. സുപ്രീം കോടതിയില്‍ എന്നു ഹര്‍ജി നല്‍കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല.
കോടതിവിധി താല്‍ക്കാലിക ശാന്തതയുണ്ടാക്കിയിട്ടുണ്ടെങ്കിലും മുസ്ലിം വിഭാഗത്തോട് അനീതി കാട്ടിയെന്നാണു സി.പി.എമ്മിന്റെ വിലയിരുത്തല്‍.
'വിശ്വാസ'ത്തിന്റെ അടിസ്‌ഥാനത്തില്‍ സ്വത്തിന്റെ പേരിലുള്ള ഉടമസ്‌ഥാവകാശം കോടതി തീര്‍പ്പാക്കിയതിനെ ഇന്നലെ സമാപിച്ച രണ്ടുദിവസത്തെ പി.ബി. യോഗം ചോദ്യം ചെയ്‌തു.
വിധി അപകടരമായ കീഴ്‌വഴക്കമാകുമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ ഇരട്ടത്താപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും ആ ഭൂമിയില്‍ മുസ്ലിംകള്‍ അവകാശവാദം ഉന്നയിക്കരുതെന്നുമാണു വിധിയെ സ്വാഗതം ചെയ്യുന്നവരുടെയും ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവയ്‌ക്കുന്നവരുടെയും അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പെന്നാല്‍ ഇരുഭാഗത്തും തുല്യനീതിയെന്നാണു സി.പി.എം. നിലപാട്.
കോടതിവിധി സ്വാഗതം ചെയ്‌തെങ്കിലും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല. ബാബ്‌റി മസ്‌ജിദ് തകര്‍ത്തതിനെ കോടതിവിധി ന്യായീകരിക്കുന്നില്ലെന്ന കോണ്‍ഗ്രസ് നിലപാട് ബി.ജെ.പിയെ ചൊടിപ്പിച്ചു. കോടതിവിധിയും ബാബ്‌റി മസ്‌ജിദ് തകര്‍ത്തതുമായി കൂട്ടിവായിക്കേണ്ടതില്ലെന്നും അതിനു മുതിരുന്നവര്‍ ശരിയായ കാര്യമല്ല ചെയ്യുന്നതെന്നും ബി.ജെ.പി. വക്‌താവ് നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ