2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കോടതി പറയുന്നു: 'പള്ളി പൊളിച്ചത് ശരി'- ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

അലഹബാദ് ഹൈകോടതിയുടെ വിധിയില്‍ ഞാന്‍ തികച്ചും അതൃപ്തനും അസ്വസ്ഥനുമാണ്. രണ്ടുമൂന്നു കാര്യം ചോദിക്കട്ടെ: ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ പൊളിച്ചത് ശരിയാണ് എന്നാണോ കോടതി പറയുന്നത്? '92ല്‍ പള്ളി പൊളിച്ചില്ല എന്ന് സങ്കല്‍പിക്കുക. ഭൂമി മൂന്നായി പങ്കിടണമെന്ന കോടതി വിധി നടപ്പാക്കാന്‍ മസ്ജിദ് തകര്‍ക്കേണ്ടി വരില്ലേ? മറ്റൊന്നു കൂടി: എല്‍.കെ. അദ്വാനിയും ജോഷിയും ഉമാഭാരതിയും മറ്റും പ്രതികളായ കേസിന് ഇനി എന്താണ് പ്രസക്തി?
കുറ്റം ചെയ്ത് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്നാണ് പഴമൊഴി. പക്ഷേ, കോടതി വിധി വന്നു കഴിഞ്ഞപ്പോള്‍ തോന്നുന്നത്, കുറ്റം ചെയ്തത് നേട്ടമായെന്നാണ്. അതല്ലെങ്കില്‍ പള്ളി പൊളിച്ചതില്‍ ന്യായമുണ്ടെന്ന് പറയുകയല്ലേ കോടതി ചെയ്തത്? വിഡ്ഢിത്തം നിറഞ്ഞ പിഴവാണ് സംഭവിച്ചിരിക്കുന്നത്. അയോധ്യാപ്രശ്‌നത്തില്‍ വര്‍ത്തമാനകാല ഇന്ത്യ കണ്ടത്, ബാബരി മസ്ജിദ് പൊളിച്ചതും താല്‍ക്കാലികക്ഷേത്രം പണിതതുമാണ്. കുറ്റകൃത്യം നടന്നിരിക്കുന്നു. പക്ഷേ, ആ കുറ്റകൃത്യത്തിന് പ്രേരകമായി പറഞ്ഞ കാരണങ്ങളില്‍ ന്യായം കണ്ടെത്തുകയാണ് കോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മസ്ജിദ് പൊളിച്ചെന്ന കൊടുംകുറ്റം കാണാതെ പോയി. ഉദാഹരണം പറയാം: അച്ഛനെ മകന്‍ കൊല്ലുന്നു. ഈ ഹീനകൃത്യം ചെയ്യുന്ന മകന് ശിക്ഷ ലഭിക്കുമെന്നു മാത്രമല്ല, പിതാവിന്റെ സ്വത്തില്‍ അവകാശവുമില്ല. അതാണ് പൊതുനിയമം. ഇവിടെ നോക്കൂ. വധം നടന്നു. കൊലയാളികള്‍ക്ക് ശിക്ഷയില്ല. സ്വത്തില്‍ അവകാശമുണ്ടെന്നും വന്നിരിക്കുന്നു.
കോടതി വിധിയെക്കുറിച്ച് രാഷ്ട്രീയ നേതാക്കളും കുറെ മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം പഴയ കാര്യങ്ങളല്ലേ, നമുക്ക് അതൊക്കെ മറന്ന് മുന്നോട്ടു നടക്കാം, യുവതലമുറക്ക് ഈ തര്‍ക്കത്തിലൊന്നും താല്‍പര്യമില്ല, അതുകൊണ്ട് ഒത്തുതീര്‍പ്പിനുള്ള അവസരം വീണുകിട്ടിയെന്ന മട്ടില്‍ കോടതിവിധിയെ സമീപിക്കണം എന്നൊക്കെയാണ് പറച്ചില്‍. ഇതൊക്കെ ഒരു പെയ്ഡ് ന്യൂസ് സ്വഭാവമുള്ള പ്രചാരവേല പോലെയുണ്ട്. പഴയ കാര്യങ്ങളെ എങ്ങനെയും മറന്നു കളയുകയല്ല സംസ്‌കാരവും പൈതൃകവുമുള്ള ഒരു ജനത ചെയ്യുന്നത്. പറ്റിയ തെറ്റിന് പരിഹാരം ചെയ്തുകൊണ്ടാകണം മുന്നോട്ടുള്ള നടപ്പ്.
ബാബരി മസ്ജിദ് പൊളിച്ചു എന്ന കുറ്റമാണ് അയോധ്യാപ്രശ്‌നത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ നില്‍ക്കുന്ന പ്രധാന വിഷയം. ബാബരി മസ്ജിദ് പൊളിച്ചതൊരു കുറ്റമല്ലെന്ന മട്ടില്‍ ഇന്ത്യക്ക് മുന്നോട്ടു നടക്കാന്‍ കഴിയില്ല. ആ വിഷയം കോടതി അവഗണിക്കുന്നു എന്നു മാത്രമല്ല, അതിന് ആധാരമാക്കിയത് വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. കോടതിക്ക് പരിഗണിക്കേണ്ടത് കേട്ടുകേഴ്‌വികളല്ല. വസ്തുതകളും തെളിവുകളുമാണ്. വിധിയില്‍ ന്യായയുക്തത വേണം. ആരുടെയെങ്കിലും വിശ്വാസം അടിസ്ഥാനമാക്കി കോടതിക്ക് തീരുമാനമെടുക്കാനും വിധി കല്‍പിക്കാനും കഴിയില്ല. ഖുത്തുബ് മിനാര്‍ ഹിന്ദു നിര്‍മിച്ചതാണെന്നു പറഞ്ഞാല്‍ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുമോ?
രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന് വിശ്വസിക്കുന്നവര്‍ ലക്ഷക്കണക്കിനുണ്ടാകാം. രാമന്‍ അയോധ്യയില്‍ തന്നെയാകാം ജനിച്ചത്. പക്ഷേ, ബാബരിമസ്ജിദ് നിലനിന്ന, മൂന്നു താഴികക്കുടങ്ങള്‍ക്ക് ഒത്ത നടുവിലുള്ള സ്ഥലത്താണ് പിറന്നുവീണതെന്ന് കോടതി എങ്ങനെ കണ്ടെത്തി? പിറന്നു വീണ കട്ടില്‍ കിട്ടിയോ? ഒരു കട്ടിലിടാന്‍ വേണ്ട സ്ഥലത്ത് ഒതുങ്ങുന്നതാണോ രാമന്‍? രാമന്‍ വിശ്വാസമാണ്. വിശാലമായ അയോധ്യയില്‍ എവിടെയോ ആകാം ജനിച്ചത്. ആ നിലക്ക് അയോധ്യയില്‍ രാമക്ഷേത്രം പണിയാനും വിശ്വാസികള്‍ക്ക് അനുവാദമുണ്ട്. അതിനപ്പുറം, തകര്‍ക്കപ്പെട്ട മസ്ജിദിനുള്ളില്‍ തന്നെ രാമന്റെ ജന്മഗൃഹം കണ്ടെത്തിയതിന് വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. ദശരഥന്റെയും കൗസല്യാദേവിയുടെയും മകനായി രാമന്‍ പിറന്നു വീണത് കൊട്ടാരത്തിലാണെന്നു കൂടി ഓര്‍ക്കണം. കൊട്ടാരവും പരിസരവും സ്വാഭാവികമായും 2.77 ഏക്കറില്‍ അധികം വരുന്ന സ്ഥലത്താകണം സ്ഥിതി ചെയ്തിരുന്നത്.
സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി കോടതി തള്ളിയതിലും ന്യായം കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യവഹാര കാര്യങ്ങളില്‍ ആറു വര്‍ഷത്തിനകം കക്ഷി ചേരണമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നതാണ് കോടതി പറയുന്ന കാര്യം. കോടതിയെ വീനീതമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വസ്തു ഒരാള്‍ തുടര്‍ച്ചയായി 12 കൊല്ലം കൈവശം വെച്ചാല്‍, ഉടമ അയാളായി മാറും. ബാബരി മസ്ജിദിന് നാനൂറു കൊല്ലത്തോളമാണ് പഴക്കം. ഇക്കാലമത്രയും മസ്ജിദ് ഹിന്ദുക്കളുടെ കൈവശമായിരുന്നില്ല. അപ്പോള്‍ സ്വാഭാവിക ഉടമ ആരാണ്? നാനൂറു കൊല്ലം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്ന ഒരു ഭൂമിയില്‍, ഹിന്ദുക്കള്‍ അവകാശം ചോദിച്ചെത്തിയത് കോടതിയില്‍ എത്തിയത് ഏതു വര്‍ഷമാണ്? അപ്പോള്‍ പിന്നെ, സുന്നി വഖഫ് ബോര്‍ഡ് ഉടമാവകാശം ചോദിക്കാന്‍ വൈകിയെന്നു പറയുന്നതില്‍ എന്തു ന്യായം? സമയം വൈകിയെന്ന ഒരു കാരണം ഈ തര്‍ക്കത്തില്‍ നിലനില്‍ക്കത്തക്ക ന്യായമല്ല.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. അതിന് മുമ്പേ കോടതി കേട്ടു തുടങ്ങിയതാണ് ഉടമസ്ഥാവകാശ കേസ്. ഉടമ ആരെന്ന് നിശ്ചയിക്കുകയാണ് കേസില്‍ കോടതി ചെയ്യേണ്ടത്. ഇനി, ബാബരി മസ്ജിദ് ഇന്നും കേടുകൂടാതെ നിലനില്‍ക്കുന്നു എന്നു കരുതുക. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് ഇക്കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം അതേപടി നടത്താന്‍ കഴിയുമോ? മസ്ജിദ് ഇടിച്ചു നിരത്തി തര്‍ക്ക സ്ഥലം മൂന്നായി പങ്കിടണമെന്ന് കോടതി പറയുമോ? അതാണ് പറഞ്ഞത്, കോടതി പരിഗണിക്കേണ്ട വിഷയം പരിഗണിച്ചില്ല. വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി. ഇന്ത്യയെ ലോകത്തിനും സ്വന്തം ജനതക്കും മുന്നില്‍ നാണം കെടുത്തി പള്ളി പൊളിച്ച കുറ്റം മറന്നു കളഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുത്തു.
ഒത്തുതീര്‍പ്പിന് അവസരമുണ്ടാക്കുന്നതാണ് കോടതി വിധിയെന്ന പ്രതീതി നല്‍കാനാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമൊക്കെ ശ്രമിക്കുന്നത്. പക്ഷേ, മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലാത്ത വിധിയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് എങ്ങനെ ഉണ്ടാക്കാനാണ്? അതുകൊണ്ട് അവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്നു. ഹിന്ദുക്കള്‍ എന്തുകൊണ്ടാണ് സുപ്രീംകോടതിയിലേക്ക് പോകുമെന്ന് പറയുന്നത്? കിട്ടിയതു പോരെന്നു പറയുന്ന അവര്‍ എങ്ങനെ ഒത്തുതീര്‍പ്പിന് സന്നദ്ധമാവും?
ക്ഷേത്രം നിലനിന്ന സ്ഥലത്ത് ഇസ്‌ലാമികവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് ബാബരി മസ്ജിദ് പണിതതെന്ന കാഴ്ചപ്പാട് കോടതി വിധിയില്‍ കാണുന്നു. ഒരു വിശ്വാസത്തെ തകര്‍ത്തുകൊണ്ടാകരുത് മറ്റൊന്നിന് വേണ്ടിയുള്ള ശ്രമം എന്നതാണ് പരസ്‌പരം ആദരിക്കുന്ന മതങ്ങളെല്ലാം പറയുന്നത്. ക്ഷേത്രം ഇടിച്ചു നിരത്തിയല്ല മസ്ജിദ് പണിതതെന്ന് കോടതി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. നാനൂറു കൊല്ലം മുമ്പ് ബാബരി മസ്ജിദ് അവിടെ ഉയര്‍ന്നു. പള്ളിയായിട്ടാണ് പണിതത്, ആ നിലക്കാണ് ഉപയോഗിച്ചത്. പതിനെട്ടു കൊല്ലം മുമ്പ് തകര്‍ത്തു. ആ ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുമതം വിശ്വാസികളെ അനുവദിക്കുന്നുണ്ടോ? ആര് ആരാധിക്കുന്നതുമാകട്ടെ. ദൈവം ദൈവമാണ്. ദൈവത്തിനായി നീക്കിവെച്ച സ്ഥലമാണത്. മുസ്‌ലിംകളുടെ വികാരത്തെ മുറിവേല്‍പിച്ചാണോ അവിടെ ക്ഷേത്രം പണിയേണ്ടത്? വിധി അക്കാര്യവും പരിഗണിച്ചില്ല.
മസ്ജിദ് അവിടെ നിലനിന്നു എന്ന് വര്‍ത്തമാനകാല ഇന്ത്യ കണ്‍മുന്നില്‍ കണ്ടതാണ്. അവിടെ ക്ഷേത്രം ഉയരണമെന്ന കോടതി വിധി സാമുദായിക സൗഹാര്‍ദത്തിന്റെ പ്രശ്‌നം എത്രത്തോളം കണക്കിലെടുത്തിട്ടുണ്ട്? രാം ഛബൂത്ര മസ്ജിദിന് പുറത്തെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ക്കണം. പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ചതാണ് എന്നതിന് ചരിത്ര സാക്ഷ്യങ്ങളുമുണ്ട്. ഇതൊന്നും കണക്കാക്കാതെയുള്ള വിധി, ശരിക്കും അനീതിയാണെന്ന് പറയേണ്ടിയിരിക്കുന്നു. പള്ളി തകര്‍ത്തവര്‍ക്ക് ഭൂമി കൊടുക്കാന്‍ പറയുന്ന വിധി സമൂഹത്തോട് നീതി ചെയ്തില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗകര്യപ്രദമായ നിലപാട് സ്വീകരിച്ചിരിക്കുകയുമാണ്. നമ്മുടെ മതേതര പാരമ്പര്യമാണ് വീണ്ടുമൊരിക്കല്‍ കൂടി പ്രശ്‌നത്തിലായത്.
തയാറാക്കിയത്:
എ.എസ്. സുരേഷ്‌കുമാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ