2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

റഫറി കയറി ഗോളടിക്കുമ്പോള്‍ -വിജു വി. നായര്‍

ഭംഗിവാക്കുകളുടെ ദേശീയ പക്കമേളവും അലമ്പൊന്നുമുണ്ടാകാത്തതിലുള്ള പൊതു ആശ്വാസവും നീക്കിവെച്ച് നേരേചൊവ്വേ നോക്കിയാല്‍ എന്താണ് അയോധ്യ കേസിലെ ഹൈകോടതി വിധി?
ബാബരി പള്ളി നിന്നിടത്താണ് ശ്രീരാമനെ പെറ്റിട്ടത്. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് അവിടെ കാര്യമൊന്നുമില്ല. പിന്നെ ഇത്ര വലിയ പുകിലൊക്കെയായ സ്ഥിതിക്ക് ഇപ്പറഞ്ഞ കേന്ദ്രസ്ഥലത്തിനു പുറത്തായി കുറച്ചു മണ്ണു കൈപ്പറ്റി തൃപ്തിപ്പെടുക. തര്‍ക്കഭൂമിയിലെ മൂന്നില്‍ രണ്ടും ഹിന്ദുകക്ഷികള്‍ക്കുള്ളതാണ് -ഇതാണ് ഈ സിവില്‍ കേസില്‍ 60 കൊല്ലം കൊണ്ട് എത്തിച്ചേര്‍ന്ന തീര്‍പ്പ് (തര്‍ക്കമുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീലുപോകാം. അങ്ങനെ മിനിമം 16 കൊല്ലംകൂടി മാറിക്കിട്ടും). ഈ തീര്‍പ്പുകല്‍പിക്കാന്‍ കാരണമായ നിഗമനങ്ങളാണ് നോക്കേണ്ടത് -അവയിലേക്കെത്തിച്ചേര്‍ന്ന നീതിന്യായ മാര്‍ഗവും.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പള്ളി നിന്നിരുന്ന സ്ഥലത്തിന്റെ ഉടമയാരെന്ന ചോദ്യമാണ്. 500 കൊല്ലം മുമ്പ് ബാബറിന്റെ സില്‍ബന്തികള്‍ അവിടെ പള്ളികെട്ടിയത് ഏതെങ്കിലും ക്ഷേത്രം പൊളിച്ചിട്ടാണോ എന്നു പരിശോധിക്കാന്‍ കോടതി പ്രേരിതമായി.  കാരണം തര്‍ക്കകക്ഷികളില്‍ ഹിന്ദുക്കളുടെ അവകാശവാദം ഈ വാദത്തിന്മേല്‍ മാത്രമാണ്. എന്നുവെച്ചാല്‍ പ്രത്യക്ഷത്തിലുള്ള ഉടമസ്ഥതയല്ല, അതിനപ്പുറം വിശ്വാസസംബന്ധിയായ ഒരു അബ്‌സ്ട്രാക്ഷനിലേക്കാണ് വ്യവഹാരത്തിന്റെ കാമ്പുപോയത്. സാധാരണഗതിയില്‍ ഇതത്ര സുഗമമായി നിര്‍ണയിക്കാവുന്ന വിഷയമല്ല. ആര്‍ക്കിയോളജിക്കല്‍ പരിശോധന നടത്തിയാലും കറതീര്‍ന്ന ഒരു നിഗമനത്തിലെത്താന്‍ കഴിയണമെന്നില്ല. ഒന്ന്, ശ്രീരാമന്‍ എന്നത് ഒരിന്ത്യന്‍ ഇതിഹാസകൃതിയിലെ കഥാപാത്രം മാത്രമാണ്, ചരിത്രപുരുഷനല്ല. രണ്ട്, കഥാപാത്രത്തിന്റെ പേരില്‍ ക്ഷേത്രം പണിതെന്നു വരാം -ആരാധിക്കപ്പെടുന്ന കഥാപാത്രമായ സ്ഥിതിക്ക്. എന്നാല്‍പോലും അങ്ങനെയൊരു ക്ഷേത്രം തന്നെയാണ് തര്‍ക്കഭൂമിയിലുണ്ടായിരുന്നതെന്ന് ശാസ്ത്രീയമായി നിശ്ചയിക്കേണ്ടതുണ്ട്. വിശ്വാസത്തിന് ശാസ്ത്രീയത വരുത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കില്ല; പക്ഷേ, ഒരു സിവില്‍കേസില്‍ വിശ്വാസംവെച്ച് വിധിപറയാന്‍ വകുപ്പില്ല. ആയതിനാല്‍ അലഹബാദ് കോടതി ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് ഈ പണി കൊടുത്തു. ഏതോ ചില ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മേലാണ് പള്ളി പണിതിരിക്കുന്നതെന്ന് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറും ഉത്ഖനനവും വഴി അവര്‍ റിപ്പോര്‍ട്ട് കൊടുത്തു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് വ്യാഖ്യാനസാധ്യത വളരെയധികമാണ്. മാത്രമല്ല, ഖനനത്തില്‍ കിട്ടിയ വസ്തുക്കളുടെ പേരിലും വിദഗ്ധര്‍ക്കിടയില്‍ വ്യാപകമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു.

അതെന്തായാലും പള്ളിപണിതത് ക്ഷേത്രാവശിഷ്ടത്തിനു മേലാണെന്ന കാര്യം കോടതി ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും മുഖവിലക്കെടുത്തു. ക്ഷേത്രം തകര്‍ത്തിട്ടാണോ പള്ളി കെട്ടിയതെന്ന്അതില്‍ രണ്ടാള്‍ക്ക് നിശ്ചയമില്ല. മാത്രമല്ല, അവശിഷ്ടം കണ്ടത്, രാമക്ഷേത്രത്തിന്‍േറതാണോ എന്നുമറിയില്ല. പക്ഷേ, മൂന്നാം ജഡ്ജി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു, ഇതാണ് രാമജന്മഭൂമി എന്ന്. തര്‍ക്കവിഷയമായ ആര്‍ക്കിയോളജി റിപ്പോര്‍ട്ട് വെച്ചുപോലും ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ നീതിന്യായയുക്തികള്‍ക്കോ നൈയാമികയുക്തിക്കോ കഴിയില്ലെന്നിരിക്കെ ഇതെങ്ങനെ സാധ്യമാകുന്നു?
അതിനുള്ള ഉത്തരത്തിലാണ് ഈ വിധിയുടെ തനി പ്രകൃതം വെളിവാകുന്നത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രമുണ്ടായിരുന്നു എന്നു പോലുമല്ല പറയുന്നത്. അവിടമാണ് രാമന്റെ ജന്മസ്ഥലം എന്നാണ്. അതിന് ഹൈകോടതി ആധാരമാക്കുന്ന തെളിവാണ് പരമ വിചിത്രം -ചരിത്രപരമായി ഹിന്ദുക്കള്‍ അവിടെ പ്രാര്‍ഥിച്ചിരുന്നു. ചരിത്രത്തിലുടനീളം അങ്ങനെ വിശ്വാസികള്‍ പ്രാര്‍ഥിച്ചാല്‍തന്നെ, രാമന്‍ എന്നൊരു കക്ഷി അവിടെ ജനിച്ചു എന്നതിന് ചരിത്രപരമായ തെളിവുവേണ്ടേ -വിശേഷിച്ചും ഒരു നീതിന്യായ കോടതിക്ക്?

ആവശ്യമില്ലെന്ന മട്ടിലാണ് ഹൈകോടതിയുടെ ജൂറിസ്‌പ്രൂഡന്‍സ്. എന്നുവെച്ചാല്‍ സാധാരണ മതരാഷ്ട്രങ്ങളിലെ മതകോടതികളുടെ മട്ടിലാണ് മതേതരരാഷ്ട്രത്തിലെ മതേതരകോടതി ഈ കേസിനെ സമീപിച്ചിരിക്കുന്നതെന്ന് കരുതേണ്ടി വരുന്നു. മതകോടതിയുടെ വിചിന്തനങ്ങള്‍ക്ക് അടിസ്ഥാനമായ ന്യായയുക്തികള്‍ മതനിരപേക്ഷ വ്യവസ്ഥിതിയുടെ ജുഡീഷ്യല്‍ചിന്തകളോട് പൊരുത്തപ്പെടാറില്ല. അതുകൊണ്ടുതന്നെ അലഹബാദ് കോടതിയുടെ നിഗമനങ്ങളും ന്യായവിധികളും ഇന്ത്യന്‍ ജുഡീഷ്യല്‍പ്രക്രിയയെ സരളമായി ഖണ്ഡിക്കുന്നു. ഉദാഹരണമായി, സുന്നി വഖഫ് ബോര്‍ഡിന്റെ ഉടമാവകാശ ഹരജി തള്ളിയിരിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ സാങ്കേതികന്യായം വെച്ചിട്ടാണ് -ആവലാതിക്കാധാരമായ സംഭവം നടന്ന് ആറുകൊല്ലം കഴിഞ്ഞാണ് പരാതി ഉന്നയിച്ചത്. അതായത് കാലവിളംബം എന്ന സാങ്കേതികഘടകം. ഈ നിലപാടെടുത്ത കോടതി തന്നെയാണ് 500 കൊല്ലംമുമ്പ് നടന്ന സംഭവത്തിന്മേല്‍ നാലരനൂറ്റാണ്ട് പഴകി ബോധിപ്പിച്ച അന്യായത്തെ അനുകൂലിച്ച്  വിധി പറയുന്നതും! ഒരേ നീതിന്യായ പ്രക്രിയക്ക് രണ്ട് വ്യത്യസ്തവും പരസ്‌പരവിരുദ്ധവുമായ നിയമയുക്തികളോ?
അതേ എന്നാണ് വ്യക്തമായ ഉത്തരം. ബാബരിമസ്ജിദ് സൈറ്റിലെ താല്‍ക്കാലികക്ഷേത്രത്തെ നിയമവിധേയമാക്കി സ്ഥാപിക്കുകയാണ് ഈ ജാതി ഇരട്ടത്താപ്പിലൂടെ കോടതി നിര്‍വഹിച്ചിരിക്കുന്ന ചരിത്ര കര്‍മം. 1949ല്‍ പള്ളിയില്‍ പ്രത്യക്ഷപ്പെട്ട രാമലീല വിഗ്രഹങ്ങള്‍ സ്വയംഭൂ അല്ലെന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്. എന്നുവെച്ചാല്‍ അതവിടെ ഗൂഢമായി കടത്തിവെച്ചതാണെന്ന്. എങ്കില്‍ തുടര്‍ന്നുള്ള പുകിലിനൊക്കെ കാരണം ഈ വക്രതയല്ലേ എന്ന ചോദ്യം കോടതി വിഴുങ്ങുന്നു.  മറിച്ച് പ്രസ്തുത വിഗ്രഹങ്ങള്‍ ഇരിക്കുന്നത് പള്ളിയുടെ മധ്യമിനാരത്തിലായതിനാല്‍ അവിടം ഹിന്ദുക്കള്‍ക്കു കൊടുക്കാന്‍ മതിയായ 'കാരണം' കണ്ടെത്തുകയാണ് കോടതി. ആ കാരണം കണ്ടെത്തിയ വിധമാണ് മുകളില്‍ വിവരിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍, 1949ല്‍ വിഗ്രഹങ്ങള്‍ നുഴഞ്ഞുകയറ്റി ആരംഭിച്ച ഒരു പിടിച്ചെടുക്കല്‍ പ്രക്രിയയുടെ (കേസ് തൊട്ട് പള്ളിപൊളിക്കല്‍വരെ അനന്തരഘട്ടങ്ങള്‍) യുക്തിസഹമായ പരിണതിക്ക് അടിവരയിട്ട് കൊടുക്കുകയാണ് ഹൈകോടതി ചെയ്തിരിക്കുന്നത്. അക്കാര്യം മൂടിവെക്കാനുള്ള പുകമറ മാത്രമല്ലേ തര്‍ക്കഭൂമിയുടെ ത്രീ-വേ വീതംവെപ്പ്?
ഉടമസ്ഥാവകാശം നിയമപരമായി നിരാകരിക്കപ്പെട്ട വഖഫ്‌ബോര്‍ഡിന് മൂന്നിലൊന്ന് ഭൂമി കൊടുക്കുന്നതിന്റെ ആ യുക്തിതന്നെ ഈ നല്ലപിള്ള ചമയല്‍ നാടകത്തിന്റെ കള്ളി വെളിച്ചത്താക്കുന്നുണ്ട്. ഇത്രകണ്ട് ദേശീയപ്രാധാന്യമുള്ള പ്രശ്‌നത്തില്‍ നല്ല വിധി എന്ന് ഉപരിപ്ലവ നോട്ടക്കാര്‍ക്ക് തോന്നിക്കുകയും അങ്ങനെയൊരു ജനപ്രീതി മുഖേന യഥാര്‍ഥ ഉള്ളുകള്ളി മറച്ചുവെക്കുകയുമാണിവിടെ.

ഒരു സ്വത്തവകാശ തര്‍ക്കമുണ്ടായാല്‍, സംഘം ചേര്‍ന്ന് അക്രമം കാട്ടുകയും അതിന് വിശ്വാസത്തിന്റെ പിന്നണി പാടി നിയമവ്യവസ്ഥയെ കാറ്റില്‍പറത്തുകയും ചെയ്താല്‍ കോടതിയുടെ സാധൂകരണം തരപ്പെടുത്താമെന്നല്ലേ  വന്നിരിക്കുന്നത്?  500 കൊല്ലം മുമ്പത്തെ സാങ്കല്‍പിക ക്ഷേത്രധ്വംസനത്തിന് മുഖവിലയിടുന്ന കോടതി വെറും 18 കൊല്ലം മുമ്പ് രാജ്യത്തെ നോക്കുകുത്തിയാക്കി, തല്‍സമയം സംപ്രേഷണം ചെയ്ത പള്ളിപൊളിക്കലിനെപറ്റി കമാന്ന് പരാമര്‍ശിക്കുന്നില്ല എന്നതുതന്നെ ഈ വിധിയുടെ രാഷ്ട്രീയം തുറന്നുകാട്ടുന്നുണ്ട്.
സത്യത്തില്‍, വിധിയുടെ മെറിറ്റിനെ അംഗീകരിക്കുന്നതുകൊണ്ടല്ല ഭൂരിപക്ഷം മനുഷ്യരും ആശ്വസിക്കുന്നത്. ഇതിന്റെ പേരില്‍ രാജ്യത്ത് ചോര വീണില്ലല്ലോ എന്ന  മനഃസമാധാനത്തിന്റെ പേരിലാണ്. അക്രമങ്ങളിലേക്ക് പോകാത്തതില്‍ സ്വയം ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് സമൂഹം. അതിന്റെ ക്രെഡിറ്റൊന്നും അലഹബാദ് ഹൈകോടതിയുടെ നീതിന്യായ വിരുദ്ധമായ നിഗമനങ്ങള്‍ക്കും അതിന്മേലുണ്ടാക്കിയ ഉഡായ്പ്പിനും നല്‍കേണ്ടതില്ല. ഈ വൃത്തികേടിന്റെ മുഹൂര്‍ത്തത്തിലും ഇന്ത്യന്‍സമൂഹം പ്രകടിപ്പിക്കുന്ന സമചിത്തതക്കുള്ളതാണ് കൈയടി.

ഇവിടെ ഒരന്തരീക്ഷ സൃഷ്ടി അരങ്ങേറുന്നുണ്ടായിരുന്നു. കോടതി എന്തുപറഞ്ഞാലും എല്ലാവരും ക്ഷമാപൂര്‍വം സഹിഷ്ണുതയോടെ സ്വീകരിച്ചുകൊള്ളണമെന്ന് രഷ്ട്രീയകക്ഷികളും ഭരണകൂടവും നിരന്തരം ഉദ്‌ഘോഷിച്ചു. കലാപമുണ്ടാവും എന്ന ഭീഷണിയാണ് സര്‍വരും ചേര്‍ന്ന് സമൂഹത്തിനുമേല്‍ വിതച്ചത്. ആ ഭീഷണിയുടെ മുള്‍മുനയില്‍ മനുഷ്യരെ നിര്‍ത്തുകയും ബന്തവസ് പ്രഖ്യാപിക്കുകയും ചെയ്തിട്ട് വിധി കല്‍പിക്കുന്നതിന്റെ സാരസ്യം  ഊഹിക്കുക; കോടതിയടക്കം മനസാ ബന്ദിയാക്കപ്പെട്ടത് കാണാതിരുന്നുകൂടാ. തങ്ങള്‍ ഒരു റിസ്‌കെടുക്കുകയായിരുന്നു എന്ന് ജസ്റ്റിസ് ഖാന്‍ വലിയവായില്‍ പറയുന്നു. രാജ്യത്തെ രാഷ്ട്രീയനാടകങ്ങളും അവയുടെ അന്തരീക്ഷവും പരിഗണിച്ചാണ് ജുഡീഷ്യല്‍പ്രക്രിയ പ്രവര്‍ത്തിക്കുന്നതെങ്കില്‍, നീതിന്യായപരിവട്ടം പൊളിയുകയും കോടതി കേവലം പഞ്ചായത്തുസൊറയായി പരിണമിക്കുകയും ചെയ്യുമെന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. അതുതന്നെയല്ലേ ഖാനുള്‍പ്പെട്ട ബെഞ്ച് പ്രദര്‍ശിപ്പിച്ചതും?
റിസ്‌ക് ജഡ്ജിമാര്‍ക്കല്ല, ഇന്ത്യന്‍ ജുഡീഷ്യറിക്കും സമൂഹത്തിനുമാണ്. കാരണം റഫറിമാര്‍ കയറിക്കളിക്കാന്‍ മത്രമല്ല, കക്ഷികള്‍ക്കുവേണ്ടി ഗോളടിക്കാനും തുടങ്ങിയിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ