2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

മുസ്‌ലിംകള്‍ക്കിത് ഇസ്‌ലാമികാധ്യാപനങ്ങള്‍ തെളിയിക്കാനുള്ള അവസരം -ജസ്റ്റിസ് എസ്.യു ഖാന്‍

ലഖ്‌നോ: ഇസ്‌ലാമികാധ്യാപനങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് രാമജന്മഭൂമി-ബാബരി വിധി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് വിധി പ്രസ്താവിച്ച ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് എസ്.യു.ഖാന്‍ അഭിപ്രായപ്പെട്ടു.
മുസ്‌ലിംകള്‍ ഇവിടെ ഭരിക്കപ്പെടുന്നുണ്ട്. ഭരണത്തില്‍ പങ്കാളിയുമാണ്.ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ളത്. അവര്‍ ഭൂരിപക്ഷമല്ല. അവഗണിക്കാവുന്ന ന്യൂനപക്ഷവുമല്ല.മറ്റു രാജ്യങ്ങളില്‍ ഒന്നുകില്‍ മുസ്‌ലിംകള്‍ വന്‍ ഭൂരിപക്ഷമായിരിക്കും. ഇത് പ്രശ്‌നങ്ങളെ നേരിടുന്നതില്‍ നിന്ന് അവരെ വിമുഖരാക്കും.ചില രാജ്യങ്ങളില്‍ അവര്‍ തീര്‍ത്തും ന്യൂനപക്ഷമായിരിക്കും-285പേജുള്ള തന്റെ വിധിന്യായത്തിന്റെ ഉപസംഹാരത്തില്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിംകളും ഇതരരുമായുള്ള ബന്ധം സംബന്ധിച്ച ഇസ്‌ലാമിന്റെ യഥാര്‍ഥ അനുശാസനം അറിയാന്‍ ലോകത്തിന് താല്പര്യമുണ്ട്. മതപരമായ അറിവുകളിലും അധ്യാപനങ്ങളിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ദീര്‍ഘമായ പൈതൃകമുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ഥപാഠങ്ങള്‍ അവര്‍ക്ക് ലോകത്തോട് പറയാനാകും.നിലവിലെ ഈ അഭിപ്രായഭിന്നതയില്‍ നിന്ന് തന്നെ അവര്‍ ഈ ശ്രമം തുടങ്ങട്ടെ. 1992 ഡിസംബര്‍ ആറു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാജ്യത്തിന് പിന്നെ ഉയര്‍ത്തെഴുന്നേല്‍ക്കാനാവില്ലെന്ന് കേസിലെ കക്ഷികളെ അദ്ദേഹം ഉണര്‍ത്തുന്നു. ശ്രീരാമന്റെ ത്യാഗവും ഗുണങ്ങളും മുഹമ്മദ് നബിയുടെ ഒത്തുതീര്‍പ്പ് രീതിയും ജസ്റ്റിസ് ഖാന്‍ ഓര്‍മിപ്പിച്ചു. മുന്നോട്ടുപോകാന്‍ വിവിധ സമുദായങ്ങള്‍ തമ്മില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന വിധിന്യായം ഇങ്ങനെ ചെയ്തവരെ അതിജീവനവും അഭിവൃദ്ധിയും നേടിയിട്ടുള്ളുവെന്ന് ചാള്‍സ് ഡാര്‍വിനെ ഉദ്ധരിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
രാമജന്മഭൂമി-ബാബരി തര്‍ക്കത്തില്‍ ഇത് അന്തിമതീര്‍പ്പല്ല. വിധിപ്രഖ്യാപനത്തിന് ശേഷമാണ് ശ്രീരാമന്റെയും മുഹമ്മദ് നബിയുടെയും സവിശേഷതകള്‍ ഇരുവിഭാഗവും ഓര്‍ക്കേണ്ട നിര്‍ണായക മുഹൂര്‍ത്തം വരിക. ഹുദൈബിയയില്‍ പ്രവാചകന്‍ ശത്രുക്കളുമായി സമാധാന ഉടമ്പടിയുണ്ടാക്കിയപ്പോള്‍ നികൃഷ്ടമായ കീഴടങ്ങലായാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പോലും കരുതിയത്. എന്നാല്‍ ഇത് വ്യക്തമായ വിജയമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്്.പിന്നീട് അത് തെളിയുകയും ചെയ്തു. അധികകാലം കഴിയുംമുമ്പ് ഒരു തുള്ളി രക്തം വീഴ്ത്താതെ മുസ്‌ലിംകള്‍ മക്കയില്‍ വിജയികളായി പ്രവേശിച്ചു- ജസ്റ്റിസ് ഖാന്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ