മലപ്പുറം: ബാബരി മസ്‌ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിധി ഏതു തരത്തിലായിരുന്നാലും പരസ്‌പര സ്‌നേഹവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നും ആത്മസംയമനം പാലിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്‌ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്‌തു.
ആറു പതിറ്റാണ്‌ടിലേറെ നീണ്‌ടുനിന്ന തര്‍ക്കം സംബന്ധിച്ചാണ് അലഹാബാദ് ഹൈക്കോടതി 24നു വിധി പറയുന്നത്. 1992 ഡിസംബര്‍ ആറിനു ബാബരി മസ്‌ജിദ് തകര്‍ക്കപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്‌തു. പക്ഷെ, ദേശീയ രാഷ്ട്രീയത്തില്‍ ഈ വിഷയം പലവിധത്തില്‍ പ്രതിഫലിച്ചപ്പോഴും കേരളം നീതിയുടെയും സൗഹാര്‍ദ്ദത്തിന്റെയും പക്ഷത്തു ഉറച്ചു നിന്നു മാതൃകയായി. സമാധാന ഭംഗമുണ്‌ടാക്കാന്‍ അനുവദിച്ചില്ല.
ബാബരി മസ്‌ജിദിന്റെ ഉടമസ്ഥാവകാശം ഒരു തര്‍ക്കവിഷയമാക്കിയ സന്ദര്‍ഭം മുതല്‍ പലരും അത് തെരുവിലേക്കു വലിച്ചിഴക്കാന്‍ ശ്രമിച്ചപ്പോഴും മുസ്‌്‌ലിംലീഗ് പോലുള്ള പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാട് കോടതിയുടെ തീര്‍പ്പിനു വിടുകയെന്നതായിരുന്നു. കോടതിവിധിയെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായാണു കാണേണ്‌ടത്. നിയമ മാര്‍ഗത്തിലൂടെയാണ് അനന്തര നടപടികളിലേക്കു പ്രവേശിക്കേണ്‌ടത്. പ്രധാനമന്ത്രി ചൂണ്‌ടിക്കാണിച്ചതു പോലെ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ് ഈ വിധി. ഇതു നീതിയെ അപൂര്‍ണമാക്കിയിരിക്കുന്നുവെന്നു തോന്നുന്ന പക്ഷം രാജ്യത്തെ മേല്‍ക്കോടതികളെ സമീപിക്കാനും അവരവരുടെ ന്യായങ്ങള്‍ക്കായി കൂടുതല്‍ വാദിക്കാനും അവസരമുണ്‌ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്‌ടാവുന്ന വ്യക്തിപരവും സംഘടനാപരവുമായ അഭിപ്രായപ്രകടനങ്ങള്‍ പോലും സൂക്ഷ്‌മതയോടെയായിരിക്കണം.
ഒരു വാക്ക് കൊണ്‌ടുപോലും പരമത വിശ്വാസിയെ വേദനിപ്പിക്കാന്‍ ഇടവരുത്തരുത്. നാടിന്റെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരരുത്. ചിരപുരാതനമായി കാത്തുസൂക്ഷിച്ചു പോരുന്ന ഐക്യവും സൗഹാര്‍ദ്ദവും മതമൈത്രിയും പോറലേല്‍ക്കാതെ തുടരാന്‍ ഓരോരുത്തരും മുന്‍കൈ എടുക്കണം. മത, രാഷ്ട്രീയ, സാമൂഹിക, ഭരണ രംഗങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുക്കണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ