2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഈ വിധി വെറും തന്ത്രം -ജ. വി.ആര്‍ കൃഷ്ണയ്യര്‍


ബാബരി മസ്ജിദ് ഭൂമിയെ സംബന്ധിച്ച അലഹബാദ് ഹൈകോടതി ലഖ്‌നോ ബെഞ്ചിന്റെ വിധി തികച്ചും വിചിത്രമാണ്. ശരിയായ വിധിയല്ലിത്. ഒന്നുകില്‍ ഭൂമി മുസ്‌ലിംകള്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് നല്‍കണം. രണ്ടുമല്ലാതെ മൂന്ന് ജഡ്ജിമാര്‍ മൂന്ന് കഷണമാക്കി ഭൂമി വീതിച്ചത് ശരിയല്ല. ഈ വിധി വെറും തന്ത്രമാണ്. ന്യായാധിപന്മാര്‍ മതത്തിനും ജാതിക്കും അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അവരിലും വര്‍ഗീയത തീണ്ടിയിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഭൂമി മൂന്ന് കഷണമാക്കിയ നടപടി. രണ്ട് വിഭാഗങ്ങള്‍ തമ്മിലെ വസ്തു തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഹൈകോടതി 62 വര്‍ഷം കാത്തിരുന്നത് ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയില്ല. ഇതിനുവേണ്ടി സുപ്രീം കോടതി സമയം ചെലവഴിച്ചതും ന്യായീകരിക്കാനാകില്ല. വൈകിയ വേളയില്‍ സുപ്രീം കോടതി ഇടപെട്ട് വിധി എപ്പോള്‍ എങ്ങനെ പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതാണോ ഒരു സുപ്രീം കോടതിയുടെ ഉത്തരവാദിത്തം. ഹൈകോടതി എന്നത് ഉത്തരവാദിത്തബോധമുള്ള ന്യായാധിപന്മാരുടെ വേദിയാണ്. എപ്പോള്‍ വിധി പ്രസ്താവിക്കണമെന്ന് അവര്‍ക്കുമേല്‍ ഉത്തരവ് നല്‍കുകയെന്നത് അപമാനകരമാണ്. ഒരു ഹൈകോടതി വിധിയുടെ പേരില്‍ 144 ാം വകുപ്പ് പ്രഖ്യാപിച്ച് രാജ്യത്തെ സ്തംഭിപ്പിച്ചത് ന്യായീകരിക്കാനാകില്ല. നിരോധാജ്ഞ പ്രഖ്യാപിക്കുകവഴി സര്‍ക്കാര്‍ പൊതുജീവിതമാണ് സ്തംഭിച്ചത്. ഒരു വസ്തു തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാര-അഭിപ്രായസ്വാതന്ത്ര്യവും മറ്റ് മനുഷ്യാവകാശങ്ങളും തടഞ്ഞത് ദയനീയം എന്ന് മാത്രമേ പറയാന്‍ കഴിയൂ. നമ്മുടേത് 5000 വര്‍ഷത്തെ പക്വതയും സംസ്‌കാരവുമുള്ള രാജ്യമാണ്. ഒരു വിധിയുടെ പേരില്‍ ജനങ്ങള്‍ പരസ്‌പരം യുദ്ധം ചെയ്യുമെന്ന തെറ്റിദ്ധാരണയോടെ ലക്ഷക്കണക്കിന് സൈനികരെയും പൊലീസുകാരെയും വിന്യസിച്ചത് രാജ്യത്തിന് അപമാനകരമാണ്. ഇത്തരം നടപടികളിലൂടെ ഇനിയും രാജ്യത്തെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ